
വിവരണം
ഇത് ഒരു സാങ്കൽപ്പിക ഫോട്ടോ അല്ല ബ്രിട്ടീഷുകാർ എടുത്ത ഫോട്ടോയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിൽ നമ്മുടെ സൈനികരുടെ ത്യാഗമായിരുന്നു ഇത്. “വീർ ജവാൻ കേസരി സിംഗ്” വൈദേശിക ഗൂഡാ ലോചനകളാൽ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത അനേകം മഹാവീരന്മാരുടെ, മഹാനമാരായ ചക്രവർത്തിമാരുടെ ചരിത്രങ്ങൾ അവർ മറച്ചുവെച്ചു പകരം ആക്രമികളായ മുകളന്മാരെയും മഹാനെന്നു അക്ബറിനെയും ബാബരിനെയും പഠിപ്പിച്ചു, എന്നാൽ 21 സൈനീകരെ നയിച്ചു അയ്യായിരത്തോളം വരുന്ന അഫ്ഗാൻ സേനയെ തോൽപിച്ച കേസരി സിങ്ങനെയും മറ്റ് അനേകം ഭാരത വീരന്മാരെ നമിൽനിന്നും മറച്ചുവെച്ചു… എന്ന തലക്കെട്ട് നല്‍കി ഒരു സിക്ക് യോദ്ധാവ് ധാരാളം പടവാളുകള്‍ ശരീരത്തില്‍ തറഞ്ഞു ഒരു പടിക്കെട്ടില്‍ മരിച്ചു കിടക്കുന്ന ഒരു ബ്ലാക്ക് ആൻ്‍ഡ് വൈറ്റ് ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അഫ്‌ഗാന്‍ സൈന്യത്തിനെതിരെ യുദ്ധം നയിച്ച വീര്‍ ജവാന്‍ കേസരി സിംഗ് വീരമൃത്യു വരിച്ച ചിത്രമാണിതെന്നാണ് പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദം. ഷജു.കെ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 329ല്‍ അധികം റിയാക്ഷനുകളും 1,800ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ കേസരി എന്ന് അറിയപ്പെടുന്ന ഹവില്‍ദാര്‍ ഇഷാര്‍ സിംഗിനെ അഫ്‌ഗാന്‍ സൈന്യം വധിച്ചപ്പോഴുള്ള ചിത്രം തന്നെയാണോ പ്രചരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തിനടിയില്‍ ചിലര്‍ ഇത് യഥാര്‍ത്ഥ ചിത്രമല്ലെന്നും കേസരി എന്ന ഹിന്ദി സിനിമയിലെ രംഗമാണെന്നും കമന്‍റ് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് പ്രകാരം യൂട്യൂബില്‍ കേസരി മൂവി സീന്‍സ് എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന അതെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്‍റെ കളര്‍ ചിത്രം തമ്പ്‌നെയില്‍ ആയി നല്‍കിയ ഒരു വീഡിയോ കണ്ടെത്താന്‍ സാധിച്ചു. Kesari last scene Akshay Kumar എന്ന ടൈറ്റില്‍ നല്‍കിയ 29 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണിത്. വീഡിയോ പരിശോധിച്ചപ്പോള്‍ അക്ഷയ്‌കുമാര്‍ അഭിനയിച്ച ഒരു സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന്‍റെ വീഡിയോയാണിതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചു. യൂട്യൂബില്‍ ശിവ്‌രാജ് ഗുജ്ജര്‍ സപുന്ദ എന്ന പ്രൊഫൈലില്‍ നിന്നും അപ്‌ലോഡ് ചെയ്തിരിക്കുന്ന 29 സെക്കന്‍ഡ് വീഡിയോയുടെ 11 സെക്കന്‍ഡില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ള അതെ രംഗം കാണാന്‍ സാധിക്കും. സിനിമയില്‍ രംഗത്തില്‍ കാണിക്കുന്ന യുദ്ധത്തിനിടയില്‍ അക്ഷയ്‌കുമാറിന്‍റെ കഥാപാത്രത്തെ എതിര്‍പക്ഷത്തെ സൈനികര്‍ വാളുകള്‍ കൊണ്ടു കുത്തിക്കൊലപ്പെടുത്തുന്നതാണ് ഈ രംഗം.
യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട്-

കേസരി സിനിമയിലെ രംഗം-
പ്രചരിക്കുന്ന ചിത്രം സിനിമയിലെ രംഗം സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി എഡിറ്റ് ചെയ്തതാണ്. സിനിമയിലെ രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം-

പ്രചരിക്കുന്ന എഡിറ്റ് ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കിയ ചിത്രം-

സിനിമയിലെ രംഗത്തില്‍ നിന്നും എടുത്ത സ്ക്രീന്‍ഷോട്ട് എഡിറ്റ് ക്രോപ്പ് ചെയ്തപ്പോള്‍-

അതെസമയം ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ 1897ല്‍ നടന്ന ലോക പ്രശസ്തമായ സാരാഗര്‍ഹി പോരാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കേസരി. ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ 21 പേരടങ്ങുന്ന സിഖ് സൈന്യം അഫ്ഗാന്‍സ്ഥാന്‍റെ പഷ്തൂന്‍ പടയ്ക്കിതിരെ നടത്തിയ സ്വാതന്ത്ര സമര പോരാട്ടമാണ് സാരാഗര്‍ഹി യുദ്ധം. യുദ്ധത്തില്‍ ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് ഉള്‍പ്പടെയുള്ളവര്‍ പൊരുതി വീരമൃത്യുവരിക്കുകയും ചെയ്തു. ഇതിന്‍റെ പുനരാവിഷ്കാരമാണ് 2019ല്‍ പുറത്തിറങ്ങിയ കേസരി എന്ന സിനിമ. ഇതെ കുറിച്ച് വിക്കീപ്പീടിയയില്‍ വിശദമായ വിവരണമുണ്ട്.
എന്നാല്‍ ഇഷാര്‍ സിംഗിനെ അഫ്ഗാന്‍ പട വധിച്ചതിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഒന്നും തന്നെ ഇന്‍റര്‍നെറ്റില്‍ ലഭ്യമല്ലയെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
കേസരി, 2019 പുറത്തിറങ്ങിയ ബോളിവുഡ് സിനിമ-

നിഗമനം
ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് അധവ വീര്‍ ജവാന്‍ കേസരി സിംഗ് വീരമൃത്യു വരിച്ച ചിത്രം ബ്രട്ടീഷുകാര്‍ പകര്‍ത്തിയതെന്ന പേരില്‍ പ്രചരിക്കുന്നത് 2019ല്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ കേസരി എന്ന സിനിമയിലെ ഒരു രംഗം മാത്രമാണ്. ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ 1897 നടന്ന സാരാഗര്‍ഹി യുദ്ധത്തെ പ്രമേയമാക്കി നിര്‍മ്മിച്ച ചിത്രമാണിത്. എന്നാല്‍ കളര്‍ സിനിമയിലെ രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ആയി എഡിറ്റ് ചെയ്ത് ആരോ പ്രചരിപ്പിച്ചതാണെന്നതാണ് വസ്‌തുത. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:വീര്‍ ജവാന്‍ കേസരി സിംഗിനെ വധിച്ചപ്പോഴുള്ള ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
