
വിവരണം
EXCLUSIVE. ഇരട്ട ചങ്കന്‍റെ മുഖത്ത് ഒരു കമ്മ്യൂണിസ്റ്റ് പോരാളി കൈപ്പത്തി ചിഹ്നം പതിച്ചു വിഷയം സിപിഎം ബിജെപി സഖ്യം എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ട്ടിന്‍ ജോര്‍ജ് എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 113ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പിണറായി വിജയന് നേരെ കമ്മ്യൂണിസ്റ്റുകാരന്‍ കയ്യേറ്റം നടത്തിയോ? മുഖ്യമന്ത്രിയെ വേദിയില്‍ ആക്രമിച്ചതിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ പ്രചരിക്കുന്നത്? വസ്‌തുത പരിശോധിക്കാം.
വസ്‌തുത വിശകലനം
മുഖ്യമന്ത്രി പങ്കെടുത്ത വേദിയില്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. 24 ന്യൂസ് ചാനല്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ സംഭവത്തെ കുറിച്ചുള്ള വിശദവിവരങ്ങളും നല്‍കിയിട്ടുണ്ട്. തൃശൂരില്‍ മാര്‍ച്ച് 21ന് മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു ഇത്തരമൊരു സംഭവം നടന്നത്. എന്നാല്‍ കയ്യേറ്റശ്രമം ഉണ്ടായത് സിപിഎം നേതാവായ ബേബി ജോണിനെതിരെയാണ്. ബേബി ജോണ്‍ പ്രസംഗിക്കുന്നതിനിടയില്‍ ഒരാള്‍ വേദിയിലേക്ക് നടന്നു കയറി വന്ന അദ്ദേഹത്തെ തള്ളുകയും ഇതെ തുടര്‍ന്ന് ബേബി ജോണ്‍ താഴേക്ക് വീഴുകയും അദ്ദേഹത്തിന്‍റെ മുകളിലേക്ക് മൈക്ക് സ്റ്റാന്‍ഡ് മറിഞ്ഞ് വീഴുകയും ചെയ്തു. എന്നാല്‍ ബേബി ജോണിനെ മര്‍ദ്ദിക്കാനോ മറ്റ് രീതിയില്‍ ആക്രമിക്കാനോ ഇയാള്‍ ശ്രമിച്ചിരുന്നില്ല. നിമിഷ നേരം കൊണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരും മന്ത്രി വി.എസ്.സുനില്‍കുമാറും ചേര്‍ന്ന് ഇയാളെ വേദിയില്‍ നിന്നും പിടിച്ചു മാറ്റി. മദ്യപിച്ച് എത്തിയ ആളാണ് ബഹളമുണ്ടാക്കിയതെന്നാണ് വിവരം. എന്നാല്‍ ഈ സമയം മുഖ്യമന്ത്രി വേദിയിലുണ്ടിയിരുന്നില്ല എന്നതാണ് വസ്‌തുത. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് സംഘര്‍ഷം നടക്കുന്നതെന്നും 24 ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
യൂട്യൂബ് സെര്‍ച്ച് റിസള്‍ട്ട് സ്ക്രീന്‍ഷോട്ട്-

24 ന്യൂസിന്‍റെ വാര്‍ത്ത-
മനോരമ ന്യൂസ് വാര്‍ത്ത-
നിഗമനം
സിപിഎം നേതാവ് ബേബി ജോണ്‍ പ്രസംഗിച്ചപ്പോഴാണ് വേദിയില്‍ ബഹളമുണ്ടായത്. ഇതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖത്തടിച്ചു എന്ന പ്രചരണം പൂര്‍ണ്ണമായും വസ്‌തുത വിരുദ്ധമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

Title:പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം പ്രവര്‍ത്തകന്‍ കയ്യേറ്റം ചെയ്തെന്ന് വ്യാജ പ്രചരണം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
