
വിവരണം
ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്ത വൃദ്ധന്‍റെ മുഖത്തടിച്ച എസ്ഐ ഷമീജിനെ സസ്പെന്‍ഡ് ചെയ്തു.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് വാഹന പരിശോധനയ്ക്ക് ഇടിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ വന്ന വൃദ്ധനെ പ്രൊബേഷന്‍ എസ്ഐ ഷമീജ് മുഖത്തടിക്കുന്നതും ബലപ്രയോഗത്തിലൂടെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ എസ്ഐയെ സസ്പെന്‍ഡ് ചയ്തു എന്ന പേരിലാണ് പോസ്റ്റുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ദേവസേന എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,500ല്‍ അധികം റിയാക്ഷനുകളും 5,600ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചടയമംഗലത്ത് നടന്ന സംഭവത്തെ തുടര്‍ന്ന് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ചടയമംഗലത്തെ സംഭവത്തെ തുടര്‍ന്ന് പ്രൊബേഷന്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.പ്രമോദ്‌കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
ഷജീമെന്നാണ് പ്രൊബേഷന്‍ എസ്ഐയുടെ പേര്. അദ്ദേഹത്തെ നിലവില്‍ സസ്പെന്‍ഡ് ചെയ്തിട്ടില്ല. കുട്ടിക്കാനം കെഎപി ബെറ്റാലിയനലേക്ക് കഠിന പരിശീലനത്തിനായി സ്ഥലം മാറ്റാന്‍ ഉത്തരവാണ് വന്നിരിക്കുന്നത്. കൂടാതെ ഡിവൈഎസ്‌പി ഷജീമിനോട് വിശദീകരണം തേടിയിട്ടുമുണ്ട്. ഡിപാര്‍ട്ട്മെന്‍റ്തല അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും. ഇന്നലെ (ഒക്ടോബര്‍ 8) ഡിവൈഎസ്‌പി ഷജീമിന്‍റെ മൊഴിയെടുത്തിട്ടുണ്ട്. നിലവില്‍ സസ്പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും ഇത് വ്യാജ പ്രചരണമാണെന്നും വി.പി.പ്രമോദ്കുമാര്‍ പറഞ്ഞു.
പ്രൊബേഷന്‍ എസ്ഐ ഷജീമിനെ കുട്ടിക്കാനം കെഎപി 5 ബെറ്റാലിയനിലേക്ക് കഠിന പരിശീലനത്തിനായി സ്ഥലം മറ്റാന്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ പകര്‍പ്പ്-

നിഗമനം
പ്രൊബേഷന്‍ എസ്ഐയെ കഠിന പരിശീലനത്തിനായി സ്ഥലം മാറ്റിയിട്ടുള്ള ഉത്തരവാണ് നിലവില്‍ വന്നിട്ടുള്ളത്. സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം തെറ്റാണെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ തന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:വൃദ്ധന്‍റെ മുഖത്തടിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False
