വിവരണം

ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഹത്രാസില്‍ ദാരുണമായി മരണപ്പെട്ട പെൺകുട്ടിയെ കുറിച്ച് നിങ്ങളെല്ലാം ഇതിനകം അറിഞ്ഞിട്ടുണ്ടാകും. സംഭവത്തെ അപലപിച്ചും വിമർശിച്ചും ഇന്ത്യയൊട്ടാകെ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണക്കിന്‌ പോസ്റ്റുകളാണ് നിറഞ്ഞത്. പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചു. തുടര്‍ന്നുള്ള ദിവസത്തില്‍ വൈറലായി മാറിയ മറ്റൊരു ചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.

archived linkFB post

മുഖവും തലയും കൈകാലുകളും ഒഴികെ ബാക്കി മുഴുവൻ കത്തികരിഞ്ഞ നിലയിലുള്ള ഒരു യുവതിയുടെ ചിത്രമാണിത്.

ഇതോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ജുഡീഷ്യറിയും സർക്കാരും സർക്കാർ സംവിധാനങ്ങളും തെരുവ് പട്ടികളും ചേർന്ന് ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ പെട്രാളിൽ കത്തിച്ചുതീർത്തു കളഞ്ഞു.

കയ്യിൽ ചാണക ചെരടും കെട്ടി ബ്രഹ്മണ്യവർഗ്ഗത്തിന് ജയ് വിളിക്കുന്ന ദലിത് ന്യൂനപക്ഷങ്ങൾക്ക് ചിന്തിക്കാൻ ഏറേയുണ്ട്

ഇനിയും തിരിച്ചറിയാൻ വൈകിയാൽ വളർത്തി വലുതാക്കിയ പെൺമക്കൾ ബ്രാഹ്മണ്യ മിത്രങ്ങൾക്ക് ഭോഗിക്കാൻ വിട്ടു കൊടുക്കേണ്ടി വരും..

കടപ്പാട്.

ഈ ചിത്രം ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടേത് എന്ന മട്ടിലാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. ജാതീയമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്നും പോസ്റ്റില്‍ ആരോപിക്കുന്നു.

എന്നാല്‍ ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ ജാതി പ്രശ്നങ്ങളൊന്നുമില്ല. എന്താണ് ഈ മരണത്തിന് പിന്നിലെ കാരണങ്ങൾ എന്ന് നമുക്ക് നോക്കാം

വസ്തുത വിശകലനം

ഞങ്ങൾ ഈ വാർത്തയെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോൾ

മധ്യഭാരത് ലൈവ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് കിട്ടി. മധ്യപ്രദേശിലെ ഥാർ ജില്ലയിലാണ് നടന്നത് എന്ന് വാര്‍ത്തയില്‍ അറിയിക്കുന്നു.

archived link

ഞങ്ങളുടെ ഹിന്ദി ടീം ആണ് ഈ വാർത്തയ്ക്ക് മുകളിൽ പൂർണ്ണമായും അന്വേഷണം നടത്തി റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത്. ഹിന്ദി ഭാഷയില്‍ പ്രചരിച്ചത് സംഭവം നടന്നത് രാജസ്ഥാനിലാണെന്നും പെണ്‍കുട്ടിയെ പച്ചയോടെ കത്തിക്കുകയായിരുന്നു എന്നുമാണ്. ചില പ്രചരണങ്ങളില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിട്ടുണ്ടായിരുന്നുവെന്നും 13 വയസ് മാത്രം പ്രായമുള്ള മൈനര്‍ ആയിരുന്നു എന്നും വാദഗതിയുണ്ടായിരുന്നു.

അന്വേഷണത്തിനായി ഞങ്ങളുടെ പ്രതിനിധി ഥാര്‍ എസ്പി ആദിത്യ പ്രതാപ് സിങ്ങിനോട് സംസാരിച്ചു: “ഈ സംഭവം നടന്നത് മധ്യപ്രദേശിലെ ഗന്ധവാനി എന്ന സ്ഥലത്താണ്. സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഇതിന് പിന്നിൽ ജാതിമത പ്രശ്നങ്ങളൊന്നുമില്ല. ഈ യുവതി ബലാൽസംഗം ചെയ്യപ്പെട്ടിട്ടില്ല. ഇരയും പ്രതിയും ഒരേ സമുദായത്തിൽപ്പെട്ടവരാണ്. കൊന്നതിനു ശേഷം യുവതിയെ കത്തിക്കുകയായിരുന്നു. പ്രതികളിലൊരാളായ മോഹൻലാലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഗോവിന്ദ് എന്നയാൾ ഒളിവിലാണ്.”

ഗന്ധവാനി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ജയരാജ് സോളങ്കിയോട് പിന്നീട് ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു.

“സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരണം പൂർണമായും തെറ്റാണ്. ജാതി-മത പ്രശ്നങ്ങളൊന്നും ഈ സംഭവത്തിന് പിന്നിൽ ഇല്ല. പ്രതിയും ഇരയും ഒരേ

സമുദായത്തിൽ നിന്നുള്ളവരാണ്. പണ്ടുമുതലേ പരിചയക്കാരും ആണ്.

യുവതി ഒരു മാര്യേജ് ബ്യൂറോ നടത്തുകയായിരുന്നു. ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിയ വകയില്‍ ഒരു കുടുംബം 80000 രൂപ നൽകി. എന്നാല്‍ ഈ പെണ്‍കുട്ടി വിവാഹശേഷം ഒളിച്ചോടി. വീട്ടുകാര്‍ പണം തിരികെ ആവശ്യപ്പെട്ടു. ഈ പണത്തെ ചൊല്ലി പ്രതികളും കൊല്ലപ്പെട്ട യുവതിയുമായി തര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായത്. യുവതി വിവാഹിതയായിരുന്നു എന്നാല്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. യുവതിയും പ്രതികളും തമ്മിലുള്ള ആന്തരിക പ്രശ്നങ്ങള്‍ മാത്രമാണ് കൊലയുടെ കാരണം. ജാതീയമായ പ്രശ്നങ്ങള്‍ ഒന്നുമില്ല. പച്ചയോടെ കത്തിച്ചു എന്നുള്ള വാദവും തെറ്റാണ്.

യുവതിക്ക് ഏതാണ്ട് മുപ്പത് വയസ്സ് പ്രായം ഉണ്ട്.

എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് 302, 201, 34 വകുപ്പുകൾ പ്രകാരമാണ്.”

സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.

മധ്യപ്രദേശിൽ യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ ജാതീയമായ പ്രശ്നങ്ങൾ ഒന്നും അല്ല. ഇരു വ്യക്തികളും തമ്മിലുള്ള ആന്തരിക പ്രശ്നം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Avatar

Title:ജാതിയോ പീഡനമോ അല്ല, ആന്തരിക പ്രശ്നങ്ങള്‍ മൂലം യുവാവ് യുവതിയെ കുത്തിക്കൊന്നിട്ട് കത്തിച്ചതാണ്...

Fact Check By: Vasuki S

Result: Misleading