
വിവരണം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടയിലാണ് എന്താണ് യഥാര്‍ത്ഥത്തില്‍ യൂണിവേഴ‌്സിറ്റി കോളജില്‍ സംഭവിച്ചതെന്നതിനെ കുറിച്ച് എസ്എഫ്ഐ തിരുവനന്തപുരം എന്ന പേരിലുള്ള ഒരു പേജില്‍ സംഭവം നടന്ന ദിവസം (12 ജൂലൈ) ഉച്ചയ്ക്ക് ശേഷം ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു വിദ്യാര്‍ത്ഥി പേന കൊണ്ട് സ്വയം കുത്തിപരുക്കേല്‍പ്പിച്ചു എന്നുള്ള വിചിത്രവാദമാണ് പേജിലെ പോസ്റ്റില്‍ വിശദീകരിക്കുന്നത്. പോസ്റ്റിനെ കുറിച്ച് വലിയ ചര്‍ച്ചകളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 6,600ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
വൈറലായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇപ്രകാരമാണ്-
സഖാക്കളെ ,
യൂണിവേഴ്സിറ്റി കോളേജ് ക്യാംപസിൽ ഇന്ന് നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണ്,
ക്ലാസ്സിൽ സെമിനാർ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിദ്യാർത്ഥികൾ തമ്മിൽ തമാശയ്ക്ക് തുടങ്ങിയ ഒരു തർക്കം ക്ലാസിന് പുറത്തു എത്തുകയും ,
ചില വലതുപക്ഷഅനുഭാവമുള്ള വിദ്യാർത്ഥികൾ മുതലെടുക്കുകയും SFI യുടെ യൂണിറ്റ് അംഗങ്ങളെ ടാർജറ്റ് ചെയ്തുകൊണ്ട് അവർ ഈ പ്രശ്നം വലുതാക്കുകയും ചെയ്തു.
തുടർന്ന് മറ്റു വിദ്യാർത്ഥികൾ നോക്കി നിൽക്കെ അതിൽ ഒരു വിദ്യാർത്ഥി കൈയിൽ കരുതിയ ഹീറോ പേന ഉപയോഗിച്ചു തന്റെ ശരീരത്തിൽ സ്വയം മുറിവേല്പിക്കുകയും, തുടർന്ന് SFI യൂണിറ്റ് അംഗങ്ങൾ കത്തി കൊണ്ട് കുത്തിയതാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്തു..കാള പെറ്റു എന്ന് കേട്ടപാടെ മാധ്യമങ്ങൾ അത് എരിവും പുളിയും ചേർത്ത് എന്തോ വലിയ സംഭവം നടന്ന മട്ടിൽ ആക്കി തീർത്തു.
നിങ്ങൾക്ക് ഏവർക്കും അറിയാം യൂണിവേഴ്സിറ്റി കോളേജിൽ എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും സ്വസ്ഥമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്
സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുന്ന ഞങ്ങളെ കള്ള കേസ്സ് കൊടുത്ത് ജയിലിൽ അടയ്ക്കാം എന്ന് വിചാരിച്ചു ആരെങ്കിലും വെള്ളം ചൂടാക്കുന്നു എങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേയ്ക്ക്
സഖാവ് പിണറായി വിജയൻ ഭരിക്കുന്ന
കേരളമാണ് ഇത്
ഞങ്ങൾക്ക് നേരെ ശബ്‌ദം ഉയർത്തുന്നവർ അത് ഒന്ന് ഓർക്കുന്നത് നല്ലതാണ്.
~ലാൽ സലാം ~

എന്നാല്‍ എസ്എഫ്ഐ തിരുവനന്തപുരം എന്ന പേരിലുള്ള ഈ പേജ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിയന്ത്രിക്കുന്നത് തന്നെയാണോ? പേനകൊണ്ട് സ്വയം കുത്തിയാണോ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റത്? ഈ വിചിത്രവാദം ഉന്നയിച്ച് പോസ്റ്റിട്ടത് എസ്എഫ്ഐ നേതൃത്വം തന്നെയാണോ? വസ്‌തുത എന്താണെന്നത് പരിശോധിക്കാം-
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായതോടെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി എസ്എഫ്ഐ തിരുവനന്തപുരം എന്ന പേരിലുള്ള പേജ് വ്യാജമാണെന്നും അതില്‍ പങ്കുവച്ച പോസ്റ്റ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണവുമായി യാതൊരു ബന്ധവുമില്ലെന്ന സ്ഥിരീകരണം നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബിന്‍റെയും ജില്ലാ പ്രസഡിന്‍റ് ജെ.ജെ.അഭിജിത്തിന്‍റെയും പേരിലുള്ള ഔദ്യോഗിക പ്രസ്‌താവനായിട്ടാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി.സാനുവും എസ്എഫ്ഐ തിരുവനന്തപുരം എന്ന പേജ് വ്യാജമാണെന്നും അതില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് എസ്എഫ്ഐയുടെ നിലപാടുകളുമായി ബന്ധമില്ലെന്നാണ് സാനു തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. വ്യാജ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ഒപ്പം ചേര്‍ത്താണ് പോസ്റ്റിട്ടിരിക്കുന്നത്.

Archived Link | Archived Link |
നിഗമനം
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ അഖിലേന്ത്യാ പ്രസിഡന്‍റും വ്യാജ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഔദ്യോഗിക നേതൃത്വത്തിന്‍റെ പേരില്‍ വ്യാജ പ്രസ്‌താവനകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിലൂടെ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാന്‍ കഴിയും. അതുകൊണ്ട് വ്യാജ പ്രചരണങ്ങള്‍ വിശ്വസിച്ച് ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കാതിരിക്കുക.

Title:എസ്എഫ്ഐ തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് പേജ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പേജ് തന്നെയാണോ?
Fact Check By: Dewin CarlosResult: False
