
വിവരണം
കെപിസിസി പ്രസിഡന്‍റെ മുലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പലതരം ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം നടത്തിയ ഒരു പരാമര്‍ശത്തിന് മുല്ലപ്പള്ളി നല്‍കിയ മറുപടി എന്ന പേരിലുള്ള ഒരു പ്രചരണമാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മുലപ്പള്ളി രാമചന്ദ്രനെ ആക്രി പെറുക്കാന്‍ ക്ഷണിക്കുന്നു – എ.എ.റഹീം. ഇതിന് മറുപടിയായി റഹീമിന്‍റെ കുടുംബത്തൊഴിലില്‍ പങ്കാളിയാകാന്‍ എനിക്ക് താല്‍പര്യമില്ല -മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. ജാഫര്‍ കെ.കാട്ടിക്കുന്നത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും കോണ്‍ഗ്രസ് ചാവേറുകള്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 220ല്‍ അധികം ഷെയറുകളും 99ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ റഹീം നടത്തിയ പരാമര്‍ശത്തിനെതിരെ കെപിസിസി പ്രസിഡന്‍റ് ഇത്തരമൊരു മറുപടി പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മന്ത്രി കെ.കെ.ഷൈലജയ്ക്ക് എതിരെ വിവാദ പ്രസ്താവന നടത്തിയ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന റീസൈക്കിള്‍ കേരളയുടെ ഭാഗമായി പഴയ സാധനങ്ങള്‍ ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ക്ഷണിക്കുന്നു എന്നും അങ്ങനെയെങ്കിലും നാടിന് നന്മ ചെയ്യണമെന്നുമുള്ള പ്രസ്താവനയാണ് ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം നടത്തിയതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ റഹീമിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചിട്ടില്ലെന്നാണ് പ്രാധമിക അന്വേഷണത്തില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. മാധ്യമങ്ങളില്‍ ഒന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ റഹീമിന് കൊടുത്ത മറുപടിയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. എന്നിരുന്നാലും ഇതെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കെപിസിസി ആസ്ഥാനത്ത് ഫോണില്‍ ബന്ധപ്പെടുകയും പ്രസ്താവനയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ കെപിസിസി പ്രസിഡന്‍റ് ഇത്തരമൊരു പ്രസ്താവന റഹീമിനെതിരെയോ അദ്ദേഹത്തിന്‍റെ കുടുംബത്തിനെതിരെയോ നടത്തിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്.
നിഗമനം
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Title:എ.എ.റഹീമിനെതിരെ മുല്ലപള്ളി രാമചന്ദ്രന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല..
Fact Check By: Dewin CarlosResult: False


