
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന എം സ്വരാജ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൌക്കത്തിനോട് പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം തോല്‍വിയെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍റെ പരാമര്‍ശം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയാക്കി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഇപി ജയരാജന്‍റെ ചിത്രവും ഒപ്പം “നിലമ്പൂരിൽ എൽഡിഎഫിന് വോട്ട് കുറയാൻ കാരണം ഇറാൻ യുദ്ധം – ഇപി ജയരാജൻ” എന്ന വാചകങ്ങളുമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡിലുള്ളത്.
എന്നാല്‍ ഇത് വ്യാജ ന്യൂസ് കാര്‍ഡ് ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഇപി ജയരാജന്‍ ഇത്തരത്തില്‍ എന്തെങ്കിലും പരാമര്‍ശം നടത്തിയോ എന്നറിയാനായി ഞങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞെങ്കിലും പ്രചാരണത്തെ സാധൂകരിക്കുന്ന യാതൊരു സൂചനകളും ലഭ്യമായില്ല. തുടര്‍ന്ന് ഞങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണ്‍ലൈന്‍ പതിപ്പ് പരിശോധിച്ചു. ഇങ്ങനെയൊരു വാര്‍ത്താ റിപ്പോര്‍ട്ട് കാണാനില്ല. മറ്റു മാധ്യമങ്ങളോ ല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളിലോ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല.
നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ വാക്കുകളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പില്‍ നല്‍കിയിട്ടുണ്ട്. “സ്വരാജ് ഉത്തമനായ ചെറുപ്പക്കാരൻ,നാടിൻ്റെ വാഗ്ദാനം’; കേരളത്തിൻ്റെ വളർച്ചയ്ക്കടിസ്ഥാനം ഇടതുപക്ഷമെന്ന് ഇപി ജയരാജൻ” എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡസ്ക് മായി ബന്ധപ്പെട്ടു. തെറ്റായ പ്രചാരണമാണ് ഇതെന്നും ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി കൊടുത്തിട്ടില്ലെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഇപി ജയരാജനുമായി സംസാരിച്ചു. ഇങ്ങനെയൊരു കാര്യം എവിടെയും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപി ജയരാജന്‍റെ പേരില്‍ പ്രചരിക്കുന്ന പരാമര്‍ശം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
നിലമ്പൂരിൽ എൽഡിഎഫിന് വോട്ട് കുറയാൻ കാരണം ഇറാൻ യുദ്ധം – ഇപി ജയരാജൻ എന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് കാര്‍ഡ് വ്യാജമാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ ന്യൂസ് കാര്‍ഡ് നിര്‍മ്മിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് ഇപി ജയരാജന് എതിരെ വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
