വിവാഹം കഴിക്കാന്‍ നയന്‍താര നേരിട്ടെത്തി എന്ന തലക്കെട്ടില്‍ മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

സിനിമ സൂപ്പര്‍ താരം നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച വിഷയമായിരുന്നു. ഇന്നലെ നയന്‍താര വിവാഹത്തിന് അണിഞ്ഞ വസ്ത്രവും പങ്കെടുത്ത പ്രമുഖരെയുമൊക്കെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മനോരമ ന്യൂസ് വിചത്രമായ രീതിയില്‍ ഒരു വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. വിവാഹം കഴിക്കാന്‍ നയന്‍താര നേരിട്ട് എത്തി.. എന്നതാണ് വാര്‍ത്ത സ്ക്രീന്‍ഷോട്ടിലെ തലക്കെട്ട്. “വിവാഹം കഴിക്കാൻ നയൻതാര  കതിർമണ്ഡപത്തിൽ  നേരിട്ടെത്തിയെന്ന്   മനോരമ”..  പ്രതികരണം.. ജോലിത്തിരക്ക് കാരണം മനോരമയിലെ ജീവനക്കാരും അന്തേവാസികളും  താന്താങ്ങളുടെ വിവാഹ കർമ്മങ്ങളിൽപോലും പങ്കെടുക്കുന്ന പതിവില്ല..താലികെട്ടാനും,

വരണമാല്യം  അണിയ്ക്കാനും, മോതിരം കൈമാറാനും  ഇക്കൂട്ടർ കതിർമണ്ഡപത്തിലേക്ക്  ഡ്യൂപ്പുകളെ  പറഞ്ഞയയ്ക്കുകയാണ് പതിവ്.. എന്ന തലക്കെട്ട് നല്‍കി ജോസഫ് ജോര്‍ജ്ജ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി ഷെയറുകളും ക്ഷിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ മനോരമ ന്യൂസ് യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മനോരമ ന്യൂസ് വെബ്‌ഡെസ്കുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന പ്രതികരണം ഞങ്ങള്‍ക്ക് ലഭിച്ചു. ഇതെ കുറിച്ച് മനോരമ ന്യൂസിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രതികരണവും പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. മനോരമ ന്യൂസ് ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും അവര്‍ വ്യാജ പ്രചരണത്തെ കുറിച്ച് പങ്കുവെച്ച പ്രതികരണം ഇപ്രകാരമാണ്-

മനോരമ ന്യൂസിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചാരണം. തെന്നിന്ത്യന്‍ താരം നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടില്‍ കൃത്രിമം നടത്തിയാണ് പ്രചാരണം. പ്രസ്തുത തലക്കെട്ടില്‍ വാര്‍ത്തയോ പോസ്റ്റോ മനോരമ ന്യൂസ് നല്‍കിയതല്ല. അതിരുവിട്ട വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും.

മനോരമ ന്യൂസ് പങ്കുവെച്ച പ്രതികരണം പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook Post 

നിഗമനം

നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയില്‍ വിവാഹം കഴിക്കാന്‍ നയന്‍താര നേരിട്ടെത്തി എന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മനോരമ ന്യൂസ് തന്നെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അരിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വിവാഹം കഴിക്കാന്‍ നയന്‍താര നേരിട്ടെത്തി എന്ന തലക്കെട്ടില്‍ മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False