സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ യുഡിഎഫ് പോകരുതെന്ന് കെ.മുരളീധകന്‍ എംപി പറഞ്ഞോ? എന്താണ് പ്രചരണത്തിന്‍റെ പിന്നിലെ വസ്‌തുത എന്ന് അറിയാം..
വിവരണം
ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണ കടത്ത് കേസ് വീണ്ടും സജീവമായി ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായി പിന്നീട് പുറത്തിറങ്ങിയ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തിലും സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായിരിക്കുന്നത്. ഇതിനിടയില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരിക്കുകയാണ്. സ്വപ്ന പറയുന്ന വിവരക്കേടുകള്‍ കേട്ട് യുഡിഎഫുകാര്‍ അതിന്‍റെ പുറകെ പോവാന്‍ നിന്നാല്‍ കൂടുതല്‍ നാറുമെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. അഡ്വ. രശ്മിത രാമചന്ദ്രന്‍ എന്ന ഗ്രൂപ്പില്‍ മിതില്‍ എംജിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 211ല്‍ അധികം റിയാക്ഷനുകളും 101ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ലോഗോയും പ്രചരിക്കുന്ന പോസ്റ്ററിനൊപ്പം ചേര്‍ത്തിട്ടുണ്ട്-
എന്നാല്‍ കെ.മുരളീധരന്‍ എംപി സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതകരിച്ച് ഇത്തരമൊരു പ്രസ്താവന നടത്തയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കെ.മുരളീധരന്‍ എംപിയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവനയെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-
ഇത്തരത്തിലൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ല. വ്യാജ പ്രചരണത്തിന് പിന്നില്‍ സിപിഎമ്മാണ്. മുഖ്യമന്ത്രിക്ക് എതിരെയുള്ള വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണുന്നു എന്നും സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യമാണെന്നാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നല്‍കിയ പ്രസ്താവനയെന്നും കെ.മുരളീധരന്‍ എംപി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് നിര്‍മ്മിച്ച് സിപിഎം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിഗമനം
തന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന സിപിഎം നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമാണെന്ന് കെ.മുരളീധരന്‍ എംപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രസ്താവനയോ ഇതെ കുറിച്ചുള്ള വാര്‍ത്തയോ റിപ്പോര്‍ട്ടര്‍ ചാനലോ മറ്റ് മാധ്യമങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ യുഡിഎഫ് പോകരുതെന്ന് കെ.മുരളീധകന്‍ എംപി പറഞ്ഞോ? എന്താണ് പ്രചരണത്തിന്‍റെ പിന്നിലെ വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: False