മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ എഐ ക്യാമറ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് ഒട്ടാകെ സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. നിയമം ലംഘിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മെസേജായി ചെല്ലാന്‍ ഫോണിലും ലഭിക്കും. എന്നാല്‍ നിയമം പാലിച്ചിട്ടും പലര്‍ക്കും ചെല്ലാന്‍ ലഭിക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നതാണ് മലയാള മനോരമയുടെ വാര്‍ത്ത. കറുത്ത ഷര്‍ട്ടിട്ട് കാര്‍ ഓടിക്കുന്നവരോ ഒപ്പമുള്ളവരോ സീറ്റ് ബെല്‍റ്റ് ഇട്ടാലും സീറ്റ് ബെല്‍റ്റിന്‍റെ നിറം കറുപ്പാണെങ്കില്‍ എഐ ക്യാമറയ്ക്ക് ഇത് കണ്ടെത്താന്‍ കഴിയില്ലാ എന്നതാണ് വാര്‍ത്ത വായിച്ച പലര്‍ക്കും മനസിലായത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എഐ ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ഇനിമുതല്‍ കാറില്‍ കറുത്ത ഷര്‍ട്ടിട്ട് യാത്ര ചെയ്യുന്നതും ബൈക്കില്‍ വശം തിരിഞ്ഞിരിക്കുന്നതും ചെവിയില്‍ കൈ കൊണ്ട് തൊട്ടാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായുമൊക്കെ നിയമലംഘനമായി കണക്കാക്കി പിഴ വരുമോ? എന്താണ് യാഥാര്‍ത്ഥ്യം?

എഐ ക്യാമറയ്ക്ക് വകതിരിവ് ഇല്ലേ? ഭയത്തിന് അടിസ്ഥാനമുണ്ടോ?

വാര്‍ത്ത നല്‍കിയിരിക്കുന്ന മനോരമ തന്നെ അവസാന വരിയില്‍ പറയുന്നത് എഐ ക്യാമറയെ മാത്രം വിശ്വസിച്ചല്ലാ നിയമലംഘനങ്ങള്‍ക്ക് കണ്ണുമടച്ച് പിഴ ഈടാക്കുന്നതെന്നതാണ്. മനുഷ്യ ഇടപെടല്‍ ഉറപ്പാക്കി മാത്രമായിരിക്കും മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ തലക്കെട്ട് മാത്രം വായിച്ചവരാണ് തെറ്റ്ദ്ധരിക്കപ്പെട്ടത്.

എഐ ക്യാമറ കറുത്ത ഷര്‍ട്ട് ധരിച്ച് കാര്‍ ഓടിക്കുന്നവരുടെ സീറ്റ് ബെല്‍റ്റ് ഡിറ്റക്ട് ചെയ്യാതെ നിയമലംഘനമായി സര്‍വറിലേക്ക് സന്ദേശം അയച്ചാലും ഇത് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ചിത്രങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമെ ചെല്ലാന്‍ അയക്കു എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിനോട് മറുപടി നല്‍കിയത്. ഇനി അഥവാ നിയമലംഘനത്തിന്‍റെ പേരില്‍ നിങ്ങളുടെ ഫോണിലേക്കോ പോസ്റ്റലായോ സന്ദേശം ലഭിച്ചാല്‍ എന്നാല്‍ നിങ്ങള്‍ നിയമം ലംഘിച്ചിട്ടില്ലായെന്ന വാദമുണ്ടെങ്കില്‍ ഫോണിലൂടെ വിളിച്ചോ അല്ലെങ്കില്‍ ഇമെയില്‍ മുഖേനയോ നിയങ്ങള്‍ക്ക് ചെല്ലാനെതിരെ അപ്പീല്‍ ചെയ്യാം. അപ്പീല്‍ ഉന്നയിച്ചാല്‍ അധികം വൈകാതെ തന്നെ നിങ്ങളുടെ ചെല്ലാന്‍ നമ്പര്‍ ഉപയോഗിച്ച് എഐ ക്യാമറ പകര്‍ത്തിയ ചിത്രം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നിയമലംഘനം നടത്തിയിട്ടില്ലായെന്ന് ബോധ്യപ്പെട്ടാല്‍ പിഴയില്‍ നിന്നും മറ്റ് നടപടികളില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. കൃത്യമായി സൂം ചെയ്ത് ക്ലാരിറ്റിയോട് കൂടിയ ചിത്രങ്ങളാണ് എഐ ക്യാമറയില്‍ പതിയുന്നത്. അതുകൊണ്ട് തന്നെ അപ്പീലുകള്‍ വന്നാലും പരിശോധിച്ച് തീര്‍‍പ്പാക്കാന്‍ തീരെ ബുദ്ധിമുട്ടുണ്ടാകില്ലായെന്നും പിഴവ് സംഭവിക്കില്ലായെന്നും മോട്ടര്‍ വോഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇരുചക്ര വാഹനത്തില്‍ റൈഡര്‍ കൂടാതെ പിന്നില്‍ ഇരിക്കുന്നയാള്‍ ഒരു വശത്തേക്ക് ചരിഞ്ഞിരുന്നാലോ, കാറിനുള്ളില്‍ കറുത്ത വസ്ത്രം ധരിച്ചാലോ, ചെവിയിലേക്ക് കൈ അടുപ്പിച്ചാല്‍ ഫോണില്‍ സംസാരിക്കുകയാണെന്ന് തെറ്റ്ദ്ധരിച്ചോ ആര്‍ക്കും തന്നെ പിഴ വരില്ലായെന്നും മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കും വിധം വാര്‍ത്ത നല്‍കുന്നതാണ് ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കകള്‍ക്കും കാരണമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കറുത്ത് ഷര്‍ട്ടിട്ട് കാറില്‍ യാത്ര ചെയ്താല്‍ എഐ ക്യാമറയ്ക്ക് സീറ്റ് ബെല്‍റ്റ് ഡിറ്റെക്‌ട് ചെയ്യാന്‍ കഴിയില്ലേ? കറുത്ത ഷര്‍ട്ടിട്ടവര്‍ക്ക് പിഴ ഈടാക്കുമോ? എന്താണ് വാസ്തവം..

By: Dewin Carlos

Result: Explainer