വിവരണം

സഹകരണ ബാങ്ക് ക്രമക്കേ‍ട് വിവാദം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരിക്കുകയാണ്. ഭരണ സമതിക്കെതിരെ ഇഡി ഉള്‍പ്പടെയുള്ള ഏജെന്‍സികള്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഹകരണ സംഘം ക്രമക്കേട് വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കരുത്. നിലവില്‍ യുഡിഎഫ് സഹകരണ ഭരണ സമിതികള്‍ കൂടുതല്‍ മുസ്‌ലിം ലീഗാണ്. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ മീഡിയ വണ്‍ വാര്‍ത്ത നല്‍കിയെന്ന തരത്തിലാണ് സക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ലീഗുകാരെ സതീശന്‍ കയ്യൊഴിഞ്ഞു.. എന്ന തലക്കെട്ട് നല്‍കി സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സുധീര്‍ സജസ് മോന്‍ എച്ച് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 45ല്‍ അധികം റിയാക്ഷനുകളും 32ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മീഡയ വണ്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മീഡയ വണ്‍ ഫെയ്‌സ്ബുക്ക് പേജിലും അവരുടെ വെബ്‌സൈറ്റിലും ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോയെന്നാണ് പരിശോധിച്ചത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്ട് ക്രെസെന്‍ഡോ മലയാളം മീഡയ വണ്‍ വെ‌ബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിനെ കുറിച്ച് അന്വേഷിച്ചു. സ്ക്രീന്‍ഷോട്ട് പരിശോധിച്ച ശേഷം ഇത് വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണെന്നും മീഡിയ വണ്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും വെബ് ഡെസ്‌ക് പ്രതിനിധി അറിയിച്ചു. മറ്റൊരു മാധ്യമങ്ങളും വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പരിശോധിച്ച് സ്ഥരീകരിച്ചിട്ടുണ്ട്.

നിഗമനം

മീഡിയ വണ്ണിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും അന്വേഷണത്തില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെ വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False