
പ്രചരണം
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തി എന്ന ആരോപണത്തിന്മേല്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്വേഷണത്തിന് ഹാജരാകണം എന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ കെ സുരേന്ദ്രന്‍റെ കെ. സുരേന്ദ്രന്‍റെ ഒരു പരാമര്‍ശം തലക്കെട്ടായി നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.
തന്നെ ജയിലിലടച്ചാൽ ആരും സങ്കടപ്പെടരുത് എനിക്ക് മുൻപും പല മഹാന്മാരും ജയിലിൽ കിടന്നിട്ടുണ്ട് കുഴൽപണ കവർച്ചാ കേസ് അറസ്റ്റ് അടുക്കുമ്പോൾ അടവ് മാറ്റി സുരേന്ദ്രൻ

ഇങ്ങനെ ഒരു വാർത്ത റിപ്പോർട്ടർ ചാനലിന് ഓൺലൈൻ പതിപ്പ് ജൂലൈ മൂന്നാം തീയതി പ്രസിദ്ധീകരിച്ചു എന്ന മട്ടിലാണ് സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. വാര്‍ത്തയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. പൂര്‍ണ്ണമായും വ്യാജ പ്രചാരണമാണ് നടക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇതാണ്
പ്രസ്തുത സ്ക്രീന്‍ഷോട്ട് പലരും ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്.

വാർത്തയുടെ വസ്തുത അറിയാനായി ആദ്യം ഞങ്ങൾ റിപ്പോർട്ടർ ചാനലിന്‍റെ ഓൺലൈൻ പതിപ്പ് പരിശോധിച്ചു നോക്കി എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത അവർ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് വ്യക്തമായി. സ്ക്രീൻ ഷോട്ടിൽ ജൂലൈ മൂന്ന് എന്നാണ് പ്രസിദ്ധീകരിച്ച തിയതി നൽകിയിരിക്കുന്നത് മൂന്നാം തിയതിയോ അല്ലെങ്കില്‍ മുൻപത്തെ ഏതെങ്കിലും തീയതികളിലോ ഇത്തരത്തിൽ ഒരു വാർത്ത റിപ്പോര്‍ട്ടര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഞങ്ങൾ റിപ്പോർട്ടർ ചാനലിലെ വാർത്താ വിഭാഗവുമായി ബന്ധപ്പെട്ടു. റിപ്പോർട്ടറായ റോഷി പാൽ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് ഒരു വ്യാജ സ്ക്രീൻഷോട്ടാണ്. ഇങ്ങനെ ഒരു വാർത്ത റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോർട്ടർ ഇത്തരം ഫോണ്ടല്ല ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ പതിപ്പ് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. റിപ്പോർട്ടർ ചാനലിന്‍റെ ലോഗോയും സ്ക്രീന്‍ഷോട്ടും ദുരുപയോഗം ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ്.”
കൂടാതെ ഞങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. ഇത് വെറും വ്യാജ പ്രചാരണമാണെന്നാണ് അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത്. “ഇത്തരത്തിൽ യാതൊരു പരാമർശവും എവിടെയും നടത്തിയിട്ടില്ല. ഇത്തരത്തില്‍ ദുഷ്പ്രചരണം നടത്തുകയാണ്.”
ഞങ്ങളുടെ അന്വേഷണത്തിൽ റിപ്പോർട്ടർ ചാനൽ ഇങ്ങനെയൊരു ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് എന്ന് വ്യക്തമായിട്ടുണ്ട്. കെ സുരേന്ദ്രൻ ഇങ്ങനെ യാതൊരു പരാമർശവും നടത്തിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ്. റിപ്പോർട്ടർ ചാനൽ ഓൺലൈൻ പതിപ്പിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി കെ. സുരേന്ദ്രനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് കെ. സുരേന്ദ്രനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False


