വിവരണം

കോടതി പറഞ്ഞാല്‍ പൗരത്വ നിയമം നടപ്പിലാക്കും.. കേരളത്തിന് വേറെ വഴികളില്ല.. പിണറായി വിജയന്‍.. അപ്പോഴെ പറഞ്ഞില്ലേ ഇത് ഉടായിപ്പ് ആണെന്ന്.. എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി മിഷന്‍ കേരള എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 462ല്‍ അധികം റിയാക്ഷനുകളും 71ല്‍

അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന പൗരത്വ നിയമത്തെ കുറിച്ച് നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് അദ്ദേഹം പൗരത്വ നിയമത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ അന്വേഷിച്ചത്. അതിനായി അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന സ്റ്റാഫ് അംഗമായ രതീഷുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇത് തികച്ചും വ്യാജ പ്രചരണമാണെന്നും കേരളത്തില്‍ പൗരത്വ നിയമം നടപ്പിലക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

മനോരമ ന്യൂസില്‍ വന്ന വാര്‍ത്തയാണെന്ന പേരിലും ഒരു സ്ക്രീന്‍ഷോട്ട് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാന്‍ മനോരമ ന്യൂസിന്‍റെ ആസ്ഥാനമായ അരൂര്‍ ഓഫിസുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. മനോരമ ന്യൂസില്‍ ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അങ്ങനെ പ്രചരിക്കുന്നുണ്ടെങ്കില്‍ അത് വ്യാജ സ്ക്രീന്‍ഷോട്ട് ആയിരിക്കുമെന്നും ഓഫിസ് പ്രതിനിധികള്‍ പറഞ്ഞു.

നിഗമനം

കേരളത്തില്‍ പൗരത്വം നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇതിന്‍റെ പേരില്‍ പ്രചരിക്കുന്ന മനോരമയുടെ വാര്‍ത്ത എന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ടും വ്യാജമാണെന്ന് ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False