വിവരണം

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.

അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കും. ഷൈലജ ടീച്ചറിന്‍റെ ഒഴിവില്‍ വരുന്ന മട്ടന്നൂരില്‍ മത്സരിപ്പിക്കണം എന്ന് ഷമ മുഹമ്മദ് ആവശ്യപ്പെട്ടു എന്നാണ് പ്രചരണം.

പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പിഎസ് രാജേന്ദ്ര പ്രസാദ് പഴമ്പിള്ളിശേരില്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷമ മുഹമ്മദ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഗൂഗിളില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തെങ്കിലും ഷമ മുഹമ്മദ് കോണ്‍ഗ്രസ് നേതൃത്വത്തിനോട് ഇത്തരമൊരു ആവശ്യം അറിയിച്ചതായി വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഷമ മുഹമ്മദുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിട്ടില്ലായെന്നും പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്നും ഷമ പ്രതികരിച്ചു.

മാത്രമല്ലാ വടകരയില്‍ കെ.കെ.ഷൈലജ ടീച്ചര്‍ വിജയിച്ചെങ്കില്‍ മാത്രമാണ് മട്ടന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയുള്ളു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരും മുന്‍പ് തന്നെ ഇത്തരമൊരു പ്രചരണം അടിസ്ഥാന രഹിതമാണെന്നതും വ്യക്തം.

നിഗമനം

എഐസിസി വക്താവ് ഷമ മുഹമ്മദ് തന്നെ താന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False