
പ്രചരണം
പ്രമുഖ ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹം പല രാഷ്ട്രീയ വേദികളിലും ചാനൽ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഇടതുപക്ഷത്തിനെതിരായി അദ്ദേഹം ഒരു പ്രസ്താവന നടത്തി എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.
സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അത് എന്‍റെ വലിയ തെറ്റ്. ഇന്ന് ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു… കമ്മ്യൂണിസം യഥാർത്ഥത്തിൽ ജനസേവനത്തിന്‍റെ ഏഴയലത്തുപോലും പ്രവർത്തിക്കുന്നില്ല. ഇവിടെ നേതാക്കൾ ഉല്ലസിക്കുന്നു ത്യാഗങ്ങൾ സഹിച്ച് ആർപ്പു വിളിക്കുന്നു പൊതുജനം നിസ്സഹായരായി നോക്കി നിൽക്കുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ ചിത്രവും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് രണ്ടുദിവസം കൊണ്ട് ഏഴായിരത്തോളം ഷെയറുകൾ ആണ് ലഭിച്ചിരിക്കുന്നത്.

ഫാക്ട് ക്രസണ്ടോ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. ഇത് വെറും വ്യാജപ്രചരണം ആണെന്ന് കണ്ടെത്തുകയും ചെയ്തു.
വസ്തുത ഇതാണ്
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ ഇതാ:

ഇന്നസെന്‍റ് സംസ്കാരിക-പൊതുവേദികളിലും മറ്റും പങ്കെടുക്കുമ്പോൾ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാറുണ്ട്. ചില മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചിലപ്പോള്‍ വാർത്ത ആക്കാറുണ്ട്. എന്നാൽ അദ്ദേഹം ഇടതുപക്ഷത്തിനെതിരായി എന്തെങ്കിലും പറഞ്ഞതായി യാതൊരു വാർത്തയും ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
കൂടാതെ അദ്ദേഹത്തിന് ഫേസ്ബുക്ക് പേജ് ഉണ്ട്. അദ്ദേഹം തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും വാർത്തകളും പങ്കുവയ്ക്കുന്നുണ്ട്. ഒന്നിലും അദ്ദേഹം ഇടതുപക്ഷത്തിനെതിരായി എന്തെങ്കിലും പറഞ്ഞതായി സൂചനകൾ ഇല്ല. കോണ്‍ഗ്രസിനെ അനുകൂലിച്ചു സംസാരിച്ചു പ്രചരണത്തിനെതിരെ അദ്ദേഹം അതിലൂടെ വിശദീകരണം നൽകിയിട്ടുണ്ട് .
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി ഇന്നസെന്റുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്: ഇപ്പോൾ കൂടി മുഖ്യമന്ത്രിയുമൊത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയതേയുള്ളൂ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ഒന്നും ഇടതുപക്ഷക്കാരനായതല്ല ഞാന്‍. എന്‍റെ പിതാവ് ഇടതുപക്ഷക്കാരനായിരുന്നു. കമ്യൂണിസ്റ്റുകാരനായിയാണ് ഞാൻ വളർന്നത് എന്‍റെ നാട്ടിൽ അന്വേഷിച്ചാൽ അറിയാം ഇടതുപക്ഷ രീതിയിൽ ആദർശം കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാനെന്ന്. ഇത് മനപ്പൂർവം ആരോ കള്ളവാർത്ത എനിക്കെതിരെ പ്രചരിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാവാം ഈ പ്രചരണം. സൈബർ സെല്ലിൽ പരാതി കൊടുക്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ഏതായാലും ഇത് വെറും ദുഷ്പ്രചരണം മാത്രമാണെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ഞാനിന്നും കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ്.
ഇടതുപക്ഷത്തിനെതിരെ ഇന്നസെൻറ് പ്രസ്താവന നടത്തി എന്ന പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. ഇടതുപക്ഷത്തിനെതിരായി ഇന്നസെൻറ് യാതൊരു വിധത്തിലുള്ള പ്രസ്താവനയും നടത്തിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതൊക്കെ തെറ്റായ കാര്യങ്ങൾ ആണെന്ന് ഇന്നസെന്‍റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Title:ഇടതുപക്ഷത്തിനെതിരായി ഇന്നസെൻറ് പ്രസ്താവന നടത്തിയെന്ന് വ്യാജ പരാമർശം പ്രചരിക്കുന്നു…
Fact Check By: Vasuki SResult: False


