
കണ്ണൂർ പാനൂരിൽ ഏപ്രിൽ അഞ്ചിന് പുലർച്ചെ ബോംബ് സ്ഫോടനം ഉണ്ടായി ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നും സിപിഎം അനുഭാവികളാണ് അപകടത്തിന് ഇരയായവര്‍ എന്നും യുഡിഎഫ് ആരോപണം ഉന്നയിക്കുകയും ചെയ്തതിനുള്ള പ്രതികരണമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. പാനൂര്‍ വടകര മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശമാണ്.
ഇതേത്തുടര്‍ന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചറെ അപഹസിച്ച് മുസ്ലിം മതാചാര്യനും അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പരാമര്‍ശം നടത്തി എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“വടകരയിലെ സിപിഎം സ്ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത്
ശൈലജയുടെയും സിപിഎം നേതാക്കളുടെയും അറിവോടെയാണ് വടകരയിൽ എതിർ സ്ഥാനാർഥിയെ കൊല്ലാൻ വേണ്ടി ബോംബ് നിർമിച്ചത് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ” എന്ന വാചകങ്ങളും കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ ചിത്രവും ചേര്‍ത്ത പോസ്റ്ററാണ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടോ എന്നറിയാനായി ഞങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞു. എന്നാല്‍ പ്രചരണത്തെ സാധൂകരിക്കുന്ന യാതൊരു വാര്‍ത്തയും ലഭ്യമായില്ല.
തുടര്‍ന്ന് ഫാക്റ്റ് ക്രെസന്‍ഡോ മര്‍ക്കസ് പബ്ലിക് റിലേഷന്‍സ് ജോയന്‍റ് ഡയറക്റ്റര്‍ ഷമീം കെകെയുമായി സംസാരിച്ചു. “കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പേരില്‍ നിരവധി വ്യാജ പ്രചരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.” 2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയാണ്.
കെകെ ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനോട് ഫാക്റ്റ് ക്രെസന്‍ഡോ പ്രചരണത്തെ കുറിച്ച് ചോദിച്ചു. വ്യാജ പ്രചരണമാണിത് എന്നാണ് ലഭിച്ച മറുപടി.
നിഗമനം
വടകരയിലെ സിപിഎം സ്ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത് എന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. ഇക്കാര്യം കാന്തപുരത്തിന്‍റെ ഓഫീസില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കെകെ ശൈലജ ടീച്ചറെ അപഹസിച്ച് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പരാമര്‍ശം നടത്തിയോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…
Fact Check By: Vasuki SResult: False
