
വിവരണം
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേരില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് കുറച്ച് അധികം നാളുകളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്-
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കീഴില്‍ എല്ലാ വിധ ക്യാന്‍സര്‍ രോഗമുള്ളവര്‍ക്കും രൂപയില്ലാതെ ചികിത്സയും മരുന്നും റേഡിയേഷനും നല്‍കുന്നു. പത്മശ്രീ ഡോ.പി.കെ.വാര്യര്‍ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചിലവും ഏറ്റെടുത്ത് നടത്തുന്നു. ഈ വിവരം എല്ലാവരെയും അറിയിക്കുക. ബുക്കിങ് 0483 2806639 കിഡ്നി മാറ്റിവെച്ച ആളുകള്‍ കഴിക്കുന്ന Azoran 50mg, Tafka .05mg ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ 9946368516 ബന്ധപ്പെടുക. പണം ആവശ്യമില്ല. പരമാവധി ഷെയര്‍ ചെയ്യുക..
ഈ സന്ദേശം ഒരു പോസ്റ്റര്‍ മാതൃകയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആശ്രമം ഓമനക്കുട്ടന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 159ല്‍ അധികം റിയാക്ഷനുകളും 10,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ക്യാന്‍സര്‍ റേഡിയേഷനും മരുന്നും കിഡ്നി മാറ്റവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്നുണ്ടോ? എന്താണ് പ്രചരണത്തിനെ കുറിച്ചുള്ള വസ്‌തുത എന്ന് അറിയാം.
വസ്‌തുത വിശകലനം
സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.കെ.വാര്യര്‍ 2021 ജൂലൈ 10ന് മരണപ്പെട്ടു എന്നതാണ് ആദ്യം തന്നെ ഗൂഗിള്‍ ചെയ്തപ്പോള്‍ ലഭിച്ച വിവരം.
പിന്നീട് കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയിലെ ക്യാന്‍സര്‍ ചികിത്സയെ കുറിച്ച് അറിയാന്‍ ആര്യവൈദ്യശാല പിആര്‍ഒ ആയ രാമകൃഷ്ണനുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്-
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചാരിറ്റബിള്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാണ്. എന്നാല്‍ ഇവയില്‍ റേഡിയേഷനോ മറ്റ് അലോപ്പതി രീതികളോ പ്രയോഗിക്കുന്നില്ല. ആയുര്‍വേദ മരുന്നു നല്‍കി രോഗികളെ വിടുകയാണ് ചെയ്യുന്നത്. കിടത്തി ചികിത്സയും ക്യാന്‍സറിന് കോട്ടയ്ക്കലില്‍ ഇല്ല. ചാരിറ്റബിള്‍ ആശുപത്രിയുടെ ഫോണ്‍ നമ്പറാണ് ഈ സന്ദേശത്തില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ കോട്ടയ്ക്കല്‍ പ്രസിദ്ധീകരിച്ച കുറിപ്പല്ലായിത്. കിഡ്‌നി മാറ്റിവെച്ച രോഗികള്‍ക്ക് നല്‍കുന്ന മരുന്നും അലോപ്പതി മരന്നുകളാണ്. ഇവയൊന്നും സൗജന്യമായി നല്‍കുന്നില്ലെന്നും ഇതാരോ വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന സന്ദേശമാണെന്നും പിആര്‍ഒ വ്യക്തമാക്കി.
നിഗമനം
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചാരിറ്റബിള്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് വരുന്നവര്‍ക്ക് നല്‍കുന്ന ആയുര്‍വേദ മരുന്നുകള്‍ക്ക് പണം ഈടാക്കാറില്ല. എന്നാല്‍ റേഡിയേഷനോ മറ്റ് ചികത്സ രീതികളോ ഇവിടെ ലഭ്യമല്ല. കിടത്തി ചികിത്സയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ക്യാന്‍സറിന് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന സന്ദേശത്തിലെ വിവരങ്ങള്‍ ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേരില്‍ പ്രചരിക്കുന്ന ഈ വൈറല്‍ സന്ദേശം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Partly False
