ഫെബ്രുവരി 6 ന് തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ 7.8, 7.6, 6.0 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങൾ ഉണ്ടാവുകയും തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആയിരക്കണക്കിന് പേരുടെ ജീവഹാനിയടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ ലേഖനം എഴുതുമ്പോൾ മരിച്ചവരുടെ എണ്ണം ഏകദേശം 5000 ആയിരുന്നു. ഭൂകമ്പങ്ങളുടെ നിരവധി പഴയ വീഡിയോകൾ ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോ ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചു.

പ്രചരണം

കാറിനുള്ളില്‍ വച്ച് ചിത്രീകരിച്ച ഭൂമികുലുക്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രദേശത്ത് ഭൂചലനം ഉണ്ടായപ്പോൾ മുന്നിലുള്ള കാറുകൾ ശക്തമായി കുലുങ്ങുന്നത് കാണാം. വീഡിയോയിലെ ടൈംസ്റ്റാമ്പ് അവ്യക്തമാണ്. “തുർക്കിയിലെ പൂചലനം കാറിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ😢😢😢 “എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

FB postarchived link

എന്നാല്‍ ഈ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തിന്‍റേതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത ഇതാണ്

വീഡിയോ കീഫ്രെയിമുകളായി വിഭജിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തുമ്പോൾ, കാറിനുള്ളില്‍ നിന്നു ചിത്രീകരിച്ച ദൃശ്യങ്ങൾ ജപ്പാനിൽ 2011 മാർച്ച് 11-ന് ഉണ്ടായ ഭൂകമ്പത്തിൽ നിന്നുള്ളതാണെന്ന് പ്രസ്താവിക്കുന്ന ജാപ്പനീസ് ഭാഷയിലുള്ള ഒരു ലേഖനം ഞങ്ങൾക്ക് ലഭിച്ചു.

2011-ൽ ജപ്പാനിലെ ടോക്കിയോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഒരു ഹൈവേയിലെ കാറുകൾ ഉലയുന്നത് കാണിക്കുന്ന ഒരു പഴയ വീഡിയോ ആണിതെന്ന് അനുമാനിച്ചുകൊണ്ട് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2011 മാർച്ച് 3-ന് ജപ്പാനിലെ ടോക്കിയോ നഗരത്തിലെ ഷുട്ടോക്കോ മെട്രോപൊളിറ്റൻ എക്‌സ്‌പ്രസ് വേയിൽ നിന്നാണ് വീഡിയോയെന്ന് കണ്ടെത്തി. സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നതുപോലെ അടുത്തിടെ തുർക്കിയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ നിന്നുള്ളതല്ല. ജപ്പാനിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണ് അന്ന് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.

2022 മെയ് 5-ലെ ലേഖന പ്രകാരം ദൃശ്യങ്ങള്‍ 2019 ഫെബ്രുവരിയിൽ അപ്‌ലോഡ് ചെയ്‌ത ഒരു യുട്യൂബ് വീഡിയോയിലേതാണ്.

വീഡിയോയുടെ അടിക്കുറിപ്പ് ജാപ്പനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്‌തപ്പോൾ "3.11 ഭൂകമ്പം ഉണ്ടായ സമയത്ത് മെട്രോപൊളിറ്റൻ എക്‌സ്‌പ്രസ് വേ റൂട്ട് 6" എന്നാണ്. ഈ വീഡിയോയിൽ, കാർ ഡാഷ് കാമിൽ ടൈം സ്റ്റാമ്പും തീയതിയും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. തീയതി, "മാർച്ച് 11, 2011, ഉച്ചയ്ക്ക് 2.49 ന്."

സൂചിപ്പിച്ച തീയതിയും സമയവും ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിന്‍റെ സമയവുമായി പൊരുത്തപ്പെടുന്നു. കൂടാതെ സൂചിപ്പിച്ച ജിയോ ലൊക്കേഷൻ - മെട്രോപൊളിറ്റൻ എക്‌സ്‌പ്രസ്‌വേ റൂട്ട് 6 ജപ്പാനിലെ ടോക്കിയോയിലാണ്. യുട്യൂബില്‍ ഇതേ റൂട്ട് പരിശോധിച്ചപ്പോൾ, ഈ റോഡിലെ കെട്ടിടങ്ങളും സ്‌ട്രീറ്റ് ഡിസൈനും ഹൈവേയുമായി പൊരുത്തപ്പെടുന്നതായി ഞങ്ങൾ കണ്ടെത്തി.

കൂടാതെ, അതേ യുട്യൂബ് ചാനൽ 2019-ൽ മറ്റ് രണ്ട് വീഡിയോകൾ അപ്‌ലോഡ് ചെയ്‌തതില്‍ അതേ സ്ഥലത്ത് നിന്ന് 2011 മാർച്ചിലെ അതേ തീയതി സ്റ്റാമ്പ് ഉണ്ട്.

നിഗമനം

പോസ്റ്റിലെ വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2011 ല്‍ ജപ്പാനില്‍ സുനാമിക്ക് കാരണമായ ഭൂചലനത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. തുര്‍ക്കിയില്‍ ഈയിടെ നടന്ന ഭൂകമ്പത്തിന്‍റേതല്ല. തുര്‍ക്കിയിലെ ഭൂചലനവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കാറിനുള്ളില്‍ നിന്ന് പകര്‍ത്തിയ ഭൂചലന ദൃശ്യങ്ങള്‍... തുര്‍ക്കിയില്‍ നിന്നുള്ളതല്ല, സത്യമിതാണ്...

Fact Check By: Vasuki S

Result: False