വിരാട് കോഹ്‌ലി ഭാരത് ജോഡോ യാത്രയുടെ ടി ഷര്‍ട്ട് ധരിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം | Politics

വിവരണം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് ജാഥ എത്തിച്ചേര്‍ന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലൂടെ പുരോഗമിക്കുന്ന കാല്‍ നട ജാഥയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ കലാ-സാംസ്കാരിക, കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അണിചേര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം ഭാരത് ജോഡോ യാത്ര എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രം എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഭാരത് ജോഡോ യാത്രയുടെ  ടി ഷർട്ട് ധരിച്ച് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ് ലിയും,   എന്ന തലക്കെട്ട് നല്‍കി യുഡിഎഫ് കോന്നി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം റിയാക്ഷനുകളും 81ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിരാട് കോഹ്‌ലി ഇത്തരത്തില്‍ ഭാരത് ജോഡോ യാത്രയുടെ പ്രചരണ ടീ ഷര്‍ട്ട് ധരിച്ചിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഭാരത് ജോഡോ യാത്ര എന്ന് ഇംഗ്ലിഷില്‍ എഴുതിയ ടീ ഷര്‍ട്ട് ധരിച്ച വിരാട് കോഹ്‌ലിയുടെ ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും പിന്‍ററെസ്റ്റ് എന്ന ഇമേജ് ഷെയറിങ് വെബ്‌സൈറ്റില്‍ നിന്നും പ്രചരിക്കുന്ന ചിത്രത്തിന്‍റെ യഥാര്‍ത്ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു.  രോഹന്‍ ശ്രേസ്ത എന്ന ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണിതെന്ന തലക്കെട്ട് നല്‍കി അര്‍ജുന്‍ റാവു എന്ന പ്രൊഫൈലില്‍ നിന്നുമാണ് പിന്‍ററെസ്റ്റില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

രോഹന്‍ ശ്രേസ്തയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും 2016 സെപ്റ്റംബര്‍ 23ന് രോഹന്‍ ശ്രേസ്ത വിരാട് കോഹ്‌ലിയുടെ യഥാര്‍ത്ഥ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിട്ടുള്ളതായും കണ്ടെത്തി. വൈറ്റ് ടി ഷര്‍ട്ട് സീരിസ് എന്ന ഹാഷ്‌ടാഗ് നല്‍കിയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫറായ രോഹന്‍ ശ്രേസ്ത പകര്‍ത്തിയ വിരാട് കോഹ്ലിയുടെ യഥാര്‍ത്ഥ ചിത്രം ഇതാണ്-

Instagram Image 

വ്യാജ ചിത്രവും യഥാര്‍ത്ഥ ചിത്രവും തമ്മിലുള്ള താരതമ്യം-

നിഗമനം

2016ല്‍ ഫോട്ടോഗ്രാഫറായ രോഹന്‍ ശ്രേസ്ത പകര്‍ത്തിയ വിരാട് കോഹ്‌ലിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ വെളുത്തി ടി ഷര്‍ട്ടില്‍ ഭാരത് ജോഡോ യാത്രയെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വിരാട് കോഹ്‌ലി ഭാരത് ജോഡോ യാത്രയുടെ ടി ഷര്‍ട്ട് ധരിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False