കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

സാമൂഹികം

വിവരണം

കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കിയെന്നും നിയമനം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മീഡിയ വണ്‍ ചാനലന്‍റെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ചിലര്‍ ഇത് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം വീഡിയോകളും പ്രചരിപ്പിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സലിം സംസം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 39ല്‍ അധികം റിയാക്ഷനുകളും 13ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്നുണ്ടോ? മീഡിയ വണ്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇങ്ങനെയാണ്

ആദ്യം തന്നെ ഞങ്ങളുടെ പ്രതിനിധി മീഡിയ വണ്‍ വെബ് ഡെസ്‌കുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.. മീഡിയ വണ്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് സ്ഥാപനത്തിന്‍റെ ലോഗോ ദുരുപയോഗം ചെയ്തിട്ടുള്ള വ്യാജമായി നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണ്. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വെബ്‌ ഡെസ്‌ക് പ്രതിനിധി പ്രതികരിച്ചു.

കൂടുതല്‍ അന്വേഷണത്തില്‍ നിന്നും മീഡിയ വണ്‍ 2020 ഡിസംബര്‍ രണ്ടിന് അവരുടെ  ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു ഫാക്‌ട് ചെക്കിന്‍റെ സ്ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്താണ് ഇപ്പോഴുള്ള പ്രചരണത്തിനായുള്ള ന്യൂസ് കാര്‍ഡ് നിര്‍മ്മിച്ചതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. യമനില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കി? എന്ന പ്രചരണത്തെ കുറിച്ച് മീഡിയ വണ്‍ അന്ന് പ്രസിദ്ധീകരിച്ച ഫാക്‌ട് ചെക്ക് റിപ്പോര്‍ട്ടിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് യമന്‍ എന്നതിന് പകരം കേരളമാക്കുകയും സ്ക്രീന്‍ഷോട്ട് ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും ഇതോടെ വ്യക്തമായി.

മീഡിയ വണ്‍ 2020 ഡിസംബറില്‍ പങ്കുവെച്ച ഫാക്‌ട് ചെക്ക് (യഥാര്‍ത്ഥ പോസ്റ്റ്)-

കേരളത്തില്‍ ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് കോടതിയോ സര്‍ക്കാരോ യാതൊരു വിധിത്തിലുള്ള ആലോചന നടത്തിയിട്ടില്ലെന്നും ഞങ്ങള്‍ നടത്തിയ വിശദമായ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടുണ്ട്.

നിഗമനം

മീഡിയ വണ്‍ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശം മാത്രമാണിതെന്ന് മീഡിയ വണ്‍ തന്ന സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാരോ കോടതിയോ ഇത്തരത്തിലൊരു നിയമം നടപ്പിലാക്കാന്‍ ആലോചിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False