അമേരിക്ക കോവിഡ് 19 ന് മരുന്ന് കണ്ടെത്തി എന്ന വാർത്ത തെറ്റാണ്....
വിവരണം
കേരളത്തിൽ കോവിഡ് ഭീതി ഒരു പരിധിവരെ ഒഴിഞ്ഞു മാറിയെങ്കിലും ലോക രാജ്യങ്ങൾ ഇപ്പോഴും രോഗ ഭീഷണി ഭീകരമായി തുടരുക തന്നെയാണ്. രോഗത്തിന് ഇതുവരെ ഫലപ്രദമായ മരുന്നുകൾ ഇല്ലാത്തതാണ് രോഗം നിയന്ത്രണത്തിലാക്കാൻ സാധിക്കാത്തതിന് കാരണം. ഇതിനിടയിൽ കോവിഡിന് അമേരിക്ക മരുന്ന് കണ്ടെത്തി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
നിരവധി മരുന്നുകൾക്ക് മുകളിൽ ഗവേഷണം നടത്തുന്നുണ്ടെന്നും ചിലത് പരീക്ഷണാർത്ഥം നൽകി നോക്കിയതിൽ അനുകൂലമായ ഫലം കാണിക്കുന്നു എന്നുമല്ലാതെ കോവിഡ് 19 ന് ഇതുവരെ ഫലപ്രദമായ മരുന്നുകൾ ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് വസ്തുത. മരുന്ന് കണ്ടുപിടിച്ചു എന്ന് ലേഖനത്തിൽ നൽകിയിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങളറിയാൻ ഓൺലൈനിൽ തിരഞ്ഞപ്പോൾ ലഭിച്ച കാര്യങ്ങൾ പങ്കുവയ്ക്കാം. റിമെഡെസിവർ എന്ന മരുന്നാണ് കൊറോയ്‌ക്കെതിരെ അമേരിക്ക കണ്ടുപിടിച്ചത് എന്ന് പോസ്റ്റിൽ അവകാശപ്പെടുന്നത്. ഈ മരുന്നിന്റെ വിശദാംശങ്ങൾ നമുക്ക് അന്വേഷിച്ചു നോക്കാം. റിമെഡെസിവർ എന്ന മരുന്നിന്‍റെ നിർമ്മാതാക്കളായ ഗിലീഡ് എന്ന അമേരിക്കൻ കമ്പനി ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പാണ് ഈ മരുന്ന് ഇന്നത്തെ രൂപത്തിൽ 30 വർഷത്തെ ഗവേഷണത്തിനു ശേഷം നിർമ്മിച്ചെടുത്തത്. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ 2015 ൽ പടർന്നു പിടിച്ച എബോള വൈറസിനെ ഫലപ്രദമായി തടഞ്ഞത് ഈ മരുന്ന് ഉപയോഗിച്ചായിരുന്നു. സാർസ്, മേഴ്‌സ് തുടങ്ങിയ കൊറോണവൈറസുകൾക്കെതിരെയും മരുന്ന് ഫലപ്രദമായിരുന്നു. ഇപ്പോൾ കോവിഡിനെതിരെയും മരുന്ന് വിജയകരമായി പ്രവർത്തിക്കുന്നു. ഈ വിവരങ്ങൾ ഗിലീഡ് കമ്പനി അവരുടെ വെബ്‌സൈറ്റിൽ തന്നെ നൽകിയിട്ടുണ്ട്.
റിമെഡെസിവർ വൈറസിനെതിരെയുള്ള ഒരു മരുന്നാണ്. അമേരിക്കയിൽ പരീക്ഷണാർത്ഥം ഇത് കോവിഡ് രോഗികളിൽ ഉപയോഗിച്ചപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ഹൈഡ്രോക്സി ക്ളോറോക്വിൻ, വാസോഡിലേറ്ററുകൾ, കോർട്ടികോസ്റ്റീറോയിഡുകൾ, രോഗപ്രതിരോധ ചികിത്സകൾ, ലിപ്പോയിക് ആസിഡ്, ബെവാസിസുമാബ്, റീകോംബിനന്‍റ് ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം 2 എന്നീ വിഭാഗത്തിലെ മരുന്നുകളും ഇപ്പോൾ കോവിഡ് ചികിത്സയിൽ പരീക്ഷിച്ചു പോരുന്നുണ്ട്. ഇതല്ലാതെ കോവിഡ് 19 ന് ഇതുവരെ ഫലപ്രദവും കൃത്യവുമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. അമേരിക്ക എന്നല്ല, ലോകത്ത് ഒരു രാജ്യവും ഇതുവരെ കോവിഡ് 19 നെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
കോവിഡ് -19 ന്‍റെ ഗുരുതരാവസ്ഥയിലുള്ള 113 രോഗികളിൽ ദിവസേന റിമെഡെസിവൈർ നൽകി ചികിൽസിച്ചപ്പോൾ ഭൂരിഭാഗവും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു, രണ്ടുപേർ മാത്രമാണ് മരിച്ചത് എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു
ബേ ഏരിയ ബയോടെക് ഭീമനായ ഗിലീഡ് സയൻസസിലെ ആൻറിവൈറൽ ക്ലിനിക്കൽ റിസർച്ചിന്‍റെ തലവനാണ് ബ്രെയിനാർഡ്. കോവിഡ് മരുന്ന് പോർട്ട്‌ഫോളിയോയിൽ ആൻറിവൈറൽ മെഡിസിൻ റെംഡെസിവർ ഉൾപ്പെടുന്നു. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ മരുന്നിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ചില ഫലങ്ങൾ വ്യാഴാഴ്ച, മെഡിക്കൽ-ന്യൂസ് വെബ്‌സൈറ്റായ സ്റ്റാറ്റ് റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് ബാധിച്ച 113 രോഗികളിൽ പ്രതിദിനം റിമെഡെസിവിര്‍ പരീക്ഷണം നടത്തി. ചികിത്സിച്ചവരിൽ ഭൂരിഭാഗവും ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു, രണ്ടുപേർ മാത്രമാണ് മരിച്ചത് എന്ന റിപ്പോര്‍ട്ട് അവരും നല്‍കിയിട്ടുണ്ട്.
ഈ രോഗത്തിന് മരുന്ന് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് വിലയിരുത്തേണ്ടതുണ്ട് എന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു കൊറോണവൈറസ് മൂലമാണ് COVID-19 ഉണ്ടായതെന്ന് വ്യക്തമായതിനാൽ, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ചുരുക്കം ചില മരുന്നുകളിൽ ഒന്നാണ് റിമെഡെസിവിർ. ജനുവരി 25 മുതൽ ഗിലീഡ് ഇത് വിതരണം ചെയ്യാൻ ആരംഭിച്ചിരുന്നു. മരുന്ന് പരീക്ഷിച്ചവരിൽ ഭൂരിപക്ഷം രോഗികളും രോഗമുക്തി നേടിയെങ്കിലും ചുരുക്കം ചിലർ മരണത്തിനു കീഴടങ്ങുകയുണ്ടായി. അതിനാൽ 100 ശതമാനം വിജയമായി എന്ന് പറയാനാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് മരുന്ന് നൽകിയത്. ഇത് കോവിഡ് 19 നെതിരെയുള്ള മരുന്നാണെന്ന് കമ്പനി ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. കൊറോണ വർഗ്ഗത്തിലെ മറ്റു ചില വൈറസുകൾക്കെതിരെ പ്രവർത്തിച്ചത് മൂലം കോവിഡിനെതിരെയും മരുന്ന് പ്രവർത്തിച്ചേക്കാം എന്ന നിഗമനത്തിലാണ് രോഗികൾക്ക് മരുന്ന് നൽകിയത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്. കോവിഡ് 19 നെതിരെ ഇന്നുവരെ അമേരിക്ക മരുന്ന് കണ്ടുപിടിച്ചിട്ടില്ല. പോസ്റ്റിൽ പരാമർശിക്കുന്ന റിമെഡെസിവിർ എന്ന മരുന്ന് ആന്‍റിവൈറസ് വിഭാഗത്തിൽ പെട്ടതാണ്.
ഇതിനു മുമ്പ് കണ്ടുപിടിച്ച മറ്റ് വൈറസ്‌രോഗ ചികിത്സകളിലും കൊറോണ വർഗ്ഗത്തിൽ പെട്ട മറ്റു ചില വൈറസുകളുടെ ചികിത്സയിലും മരുന്ന് വിജയകരമായിരുന്നു എന്നതിനെ അടിസ്ഥാനമാക്കി കോവിഡ് 19 രോഗികളിലും മരുന്ന് പരീക്ഷണാർത്ഥം നൽകി വരികയാണ്. ഇതാണ് യാഥാർഥ്യം. കോവിഡ് 19 നെതിരെ ഇതുവരെ ലോകത്ത് ഒരു രാജ്യവും മരുന്ന്‍ കണ്ടുപിടിച്ചിട്ടില്ല എന്നതാണു വസ്തുത. അമേരിക്ക കോവിഡ് 19 ന് മരുന്ന് കണ്ടുപിടിച്ചു എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളൊക്കെ അടിസ്ഥാന രഹിതമാണ്.
Title:അമേരിക്ക കോവിഡ് 19 ന് മരുന്ന് കണ്ടെത്തി എന്ന വാർത്ത തെറ്റാണ്....
Fact Check By: Vasuki SResult: False