സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics

വിവരണം

മഹാത്മ ഗാന്ധി – ശ്രീനാരയണ ഗുരു സംഗമത്തിന്‍റെ നൂറാം വാര്‍ഷികമായ ഇന്നലെ (മാര്‍ച്ച് 12) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) സംഘടിപ്പിച്ച സെമിനാറില്‍ മുതിര്‍ന്ന സിപിഎം നേതാവായ ജി.സുധാകരന്‍ പങ്കെടുത്ത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

“കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ നമ്മൾക്ക്?? അങ്ങനെ ഒരു കാലം വന്നാൽ പിന്നെ നമ്മൾ ചിന്തിക്കുന്നതിന്റെ അപ്പുറം ആയിരിക്കും ഇന്ത്യയുടെ അവസ്ഥ. സ്വയരക്ഷയ്ക്ക് വേണ്ടി BJP യുടെ കാലു തിരുമി നിൽക്കുന്നത് ആയിരിക്കരുത്. ഇടതുപക്ഷ രാഷ്ട്രീയം എന്ന്. G സുധാകരൻ” എന്ന പേരിലാണ് പ്രചരണം. ബഷീര്‍ കോയപറമ്പില്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം –

Facebook Post Archived Screenshot 

എന്നാല്‍ യതാര്‍ത്ഥത്തില്‍ ജി.സുധാകരന്‍ സിപിഎമ്മിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ജി.സുധാകരന്‍ കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള വിവങ്ങളാണ് ഞങ്ങള്‍ പരിശോദിച്ചത്. മനോരമ ന്യൂസ് ജി.സുധാകരന്‍റെ പ്രസംഗം വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശശി തരൂരിനെതിരെയായിരുന്നു സുധാകരന്‍റെ വിമര്‍ശനം. കുറച്ച് കാലം ഐക്യരാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനായാല്‍ വിശ്വപൗരനാകില്ലാ. നെഹ്റുവും ടാഗോറും വിശ്വപൗരന്‍മാരാണ്. ഗാന്ധിജി വിശ്വ പൗരനില്‍ വിശ്വപൗരനാണ്. രാഷ്ട്രീയക്കാരനായാല്‍ ഇപ്പോള്‍ സത്യം പറയാന്‍ പറ്റില്ലാ. എല്ലാ പാര്‍ട്ടിയും ഇതില്‍ ഒരുപോലെയാണ്. ഞാന്‍ എന്‍റെ പാര്‍ട്ടിയെ കുറിച്ച് പറഞ്ഞതല്ലാ. എന്‍റെ പാര്‍ട്ടിയെ ഞാന്‍ ഇതുവരെ ആക്ഷേപിച്ചിട്ടില്ലായെന്നും ആക്ഷേപിച്ച ചരിത്രം ഉദിക്കുന്നില്ലായെന്നും സുധാകരന്‍ പറഞ്ഞു.

അതെ സമയം സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ച് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ജി.സുധാകരനുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഇത്തരമൊരു പ്രസ്താവന പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടില്ലായെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ മുഖവിലക്കെടുക്കരുതെന്നും അദ്ദേഹം മറുപടി നല്‍കി. തനിക്കെതിരെ നിരന്തരം വ്യാജ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്‍ എവിടെയും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് സ്ഥരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Misleading