വിവരണം

പഞ്ചാബിലെ വണ്ടി മോഡിഫിക്കേഷനുകളും ട്രക്കുകളും എല്ലാം രാജ്യത്ത് എമ്പാടും സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകര്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു പഞ്ചാബി ട്രക്ക് ഡ്രൈവറിന്‍റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറാലായി പ്രചരിക്കുകയാണ്. തന്‍റെ വണ്ടിക്ക് വട്ടം വെച്ച് കാര്‍ നിര്‍ത്തി ഇറങ്ങി തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്ന രണ്ട് യൂവാക്കളെ ധീരമായി കിര്‍പാണ്‍ (സിഖ് വംശജരുടെ പ്രത്യേക വാള്‍) വീശി ഓടിക്കുന്നതാണ് വീഡിയോ. തിരുവനന്തപുരം ബൈപ്പാസിലാണ് ഇത് സംഭവിച്ചതെന്നാണ് അവകാശവാദം. നമ്മുടെ കെഎസ്ആര്‍ടിസി ഡ്രൈവറാണെന്നാണ് പിള്ളാര്‍ വിചാരിച്ചത്.. പക്ഷെ സര്‍ദാര്‍ജിയുടെ മുന്‍പില്‍ പണി പാളി.. തിരുവനന്തപുരം ബൈപ്പാസ് ദൃശ്യം എന്ന ക്യാപ്ഷന്‍ നല്‍കി shajitha.1 എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് 94,475 ലൈക്കുകളും 47,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Instagram Video Archived Screen Record

എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ? തിരുവനന്തപുരം ബൈപ്പാസില്‍ നിന്നും പകര്‍ത്തിയ ദൃശ്യമാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

വീഡിയോ കീ ഫ്രെയിമുകളും ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും യൂട്യൂബില്‍ നിന്നും വീഡിയോയുടെ പൂര്‍ണ്ണരൂപം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. 1.58 മില്ല്യണ്‍ സബ്സ്ക്രൈബേഴ്‌സുള്ള ജഗ്ഗി ടിവി എന്ന വേരിഫൈഡ് യൂട്യൂൂബ് ചാനലില്‍ 2019 ജൂണ്‍ ഏഴിനാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ਟਰੱਕ ਡਰਾਈਵਰਾਂ ਨਾਲ ਪੰਗਾ ਲੇਦੇਂ ਸੀ ਦੇਖੋ ਕੀ ਹੋਇਆ • Driver Yaar 2 • Jaggie Tv എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഒരു വെബ് സീരീസ് ആണ് ഇത്. ഡ്രൈവര്‍ യാര്‍ എന്ന പഞ്ചാബി വെബ്‌ സീരീസിന്‍റെ രണ്ടാം എപ്പിസോഡാണ് പങ്കുവെച്ചിരിക്കുന്നത്. യഥാര്‍ത്ഥ വീഡിയോയുടെ 10.11 സെക്കന്‍ഡ് മുതല്‍ 10.55 സെക്കന്‍ഡ് വരെ പരിശോധിച്ചതില്‍ നിന്നും ഇതെ രംഗം ഈ വെബ് സീരീസില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതായത് 5 വര്‍ഷം മുന്‍പ് യൂട്യൂബില്‍ പങ്കുവെച്ച 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വെബ് സീരീസിലെ രംഗങ്ങള്‍ ഏതാനം സെക്കന്‍റുകള്‍ മാത്രം ക്രോപ്പ് ചെയ്ത് തെറ്റായ തലക്കെട്ട് നല്‍കി തിരുവനന്തപുരത്ത് നടന്ന യഥാര്‍ത്ഥ സംഭവമെന്ന പേരില്‍ പ്രചരിപ്പിക്കുകയാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

വീഡിയോയുടെ തലക്കെട്ടിന്‍റെ മലയാളം പരിഭാഷ-

വെബ്‌ സീരീസിന്‍റെ യഥാര്‍ത്ഥ വീഡിയോ-

Youtube Video

നിഗമനം

25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പഞ്ചാബി വെബ് സീരീസിലെ രംഗമാണ് ക്രോപ്പ് ചെയ്ത് തിരുവനന്തപുരത്ത് യതാര്‍ത്ഥത്തില്‍ നടന്ന സംഭവമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പഞ്ചാബി ട്രക്ക് ഡ്രൈവര്‍ യുവാക്കള്‍ക്ക് നേരെ വാള് വീശുന്ന ഈ വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ യഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False