FACT CHECK: തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ക്രമക്കേട് കാട്ടിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

പ്രചരണം 

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ  ഒരു കുഴല്‍ പണമിടപാട് വിവാദം ഉയര്‍ന്നു വന്നിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതെന്നും  ബിജെപിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുള്ള  ബോധപൂര്‍വമായ ശ്രമത്തിന്‍റെ  ഭാഗമാണ് ഇതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്‌  കെ സുരേന്ദ്രന്‍ പത്ര സമ്മേളനം നടത്തി വിശദീകരിച്ചിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ  തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ചില രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണത്. 

ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: 

വളരെ പ്രതീക്ഷയോട് കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ഞാൻ തൃപ്പൂണിത്തുറയിൽ ജനവിധി തേടിയത്. കഴിഞ്ഞ 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30000 വോട്ടും 2019 പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ 40000 വോട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 42000 വോട്ടും നേടിയ സീറ്റ് അതായത് എങ്ങനെ പോയാലും 35000 പാർട്ടി അനുഭാവികൾ ഉള്ള മണ്ഡലം. അത് കൂടാതെ ഞാൻ ജനിച്ചു വളർന്ന നാട്. വ്യക്തിപരമായി എനിക്ക് ഒരുപാട് ബന്ധങ്ങലുള്ള മണ്ഡലത്തിൽ എനിക്ക് 10000 വോട്ട് അങ്ങനെയും ഉള്ള മണ്ഡലം അതാണ് തൃപ്പൂണിത്തുറ. അവിടെയാണ് ഞാൻ 20000 വോട്ടോടെ മൂന്നാം സ്ഥാനത്തായിപ്പോയത്. ആദ്യഘട്ടപ്രചാരണം തീർന്നപ്പോൾ കേന്ദ്രഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം ചിലവായി. എ ക്ലാസ് മണ്ഡലമായത് കൊണ്ട് 6C കിട്ടുമെന്നൊന്നും ഞാൻ കരുതിയില്ല. മാക്സിമം 4 കിട്ടുമെന്ന് കരുതി. പക്ഷെ രണ്ടാം ഘട്ടം മുതൽ ഫണ്ടിങ് മന്ദഗതിയിലായി. പ്രചാരണവും അതിനനുസരിച്ചു ഡൌൺ ആയി വന്നു. തുടക്കത്തിൽ പ്രചാരത്തിനു കൂടെ ഉണ്ടായിരുന്ന പലരെയും വിളിച്ചിട്ട് കിട്ടാതെയായി. പ്രവർത്തകരെ ഞാൻ പിറവം മണ്ഡലത്തിൽ നിന്ന് സ്വന്തം ചിലവിൽ ഇറക്കി പ്രചാരണം മുന്നോട്ട് നീക്കി. ഫണ്ട് വരൂന്നില്ലായെന്ന് അധ്യക്ഷനെ വിളിച്ചു നിരന്തരം പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രൻ ഫണ്ടുമായി മംഗലാപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്ന ആലുവയിൽ പോലീസ് ചെക്കിങ് ഉണ്ടെന്നും സുരേന്ദ്രനെ സംശയമുണ്ടെന്നും രഹസ്യഇൻഫർമേഷൻ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കാശ് തൃശൂർ ജില്ലയിലെ ഏതോ കുഗ്രാമത്തിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് വലിച്ചെറിഞ്ഞു. പിന്നീട് വിളിച്ചപ്പോൾ സുരേന്ദ്രനോ ഉത്തരവാദപെട്ടവരോ ഫോൺ എടുക്കാതെയായി. മുൻനിരനേതാക്കന്മാർ ആരും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ വന്നപ്പോൾ എനിക്ക് കാര്യം ക്ലിയർ ആയി. അവിടം മുതൽ ഞാൻ അലേർട്ട് ആയി. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള തൃപ്പൂണിത്തുറയിലെ നേതാക്കൾ രഹസ്യമായി ബാബുവിന് വേണ്ടി ശബരിമലവിഷയം മുൻനിർത്തി വോട്ട് ചോദിക്കുന്നത് അറിയുവാനിടയായി.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലൂടെ ആകാശവീഥിയിൽ കൂടി പറക്കുന്നത് പല തവണ കണ്ടു.പ്രചാരണം ഏതാണ്ട് അവിടം കൊണ്ട് നിർത്തി. കിടപ്പാടം പോകരുതല്ലോ.  തൊട്ടടുത്ത ദിവസം ബിജെപി പ്രവർത്തകർ തനിക്ക് വോട്ട് ചെയ്യും എന്ന് പരസ്യമായി ബാബു പറഞ്ഞ  രാത്രിയിൽ കെ സുരേന്ദ്രൻ എന്നെ കാണുവാൻ തൃപ്പൂണിത്തുറയിലെ എന്റെ പ്രചാരണ ഓഫിസിലെത്തി. പക്ഷെ അത് എന്റെ പാർട്ടിക്കാരുടെ തലയെണ്ണി 2 കോടി രൂപ ബാബുവിനോട്  കോഴ വാങ്ങി തിരിച്ചു പോകുന്ന വഴിക്കായിരുന്നു എന്ന് വളരെ വൈകി ആണ് ഞാൻ അറിഞ്ഞത്. വ്യക്തമായി  പറഞ്ഞാൽ 6 കോടി കേന്ദ്രഫണ്ട് അനുവദിച്ച തൃപ്പൂണിത്തുറയിൽ 1 കോടി രൂപ മാത്രം എനിക്ക് നൽകിയ കെ സുരേന്ദ്രൻ 2 കോടി രൂപ കോഴ വാങ്ങി  15000 ബിജെപി വോട്ട് ബാബുവിന് മറിച്ചുകൊടുത്തു. അപ്പോഴേക്കും ഞാൻ 15 ലക്ഷത്തോളം രൂപയുടെ കടക്കാരൻ ആയിക്കഴിഞ്ഞിരുന്നു.”

archived linkFB post

ഞങ്ങള്‍ പോസ്റ്റിനെ കുറിച്ച്  കൂടുതല്‍ അന്വേഷിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

വസ്തുത ഇങ്ങനെ 

പലരും ഇതേ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഞങ്ങള്‍ പോസ്റ്റിലെ പ്രചാരണവുമായി ബന്ധപെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞെങ്കിലും  ഡോ.കെ എസ് രാധാകൃഷ്ണന്‍  കെ സുരേന്ദ്രനെ വിമര്‍ശിച്ചു എന്ന തരത്തില്‍ യാതൊരു വാര്‍ത്തയും കാണാന്‍ കഴിഞ്ഞില്ല. തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് വേണ്ടത്ര വോട്ട് ലഭിച്ചില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും മെയ്‌ 4 ന് ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അദ്ദേഹം പറയുന്നുണ്ട്. ഇക്കാര്യം അദ്ദേഹം നേരിട്ട് പറയുന്നത് വീഡിയോയില്‍ കാണാം.

ഇതല്ലാതെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചോ കെ സുരേന്ദ്രനെ കുറ്റപ്പെടുത്തിയോ അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി വാര്‍ത്തകളില്ല. ഇതുകൂടാതെ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജ്  പരിശോധിച്ചിരുന്നു. ഇങ്ങനെ സൂചന നല്‍കുന്ന യാതൊരു പരാമര്‍ശങ്ങളും അതില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഡോ. കെ എസ് രാധാകൃഷ്ണനോട്‌ നേരിട്ട് ഇക്കാര്യം അന്വേഷിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് വിശദമാക്കിയത് ഇങ്ങനെയാണ്: ഇത് വെറും വ്യാജ പ്രചാരണമാണ്. ഇങ്ങനെയൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഞാന്‍. അടിസ്ഥാന രഹിതമായ ആരോപണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.”

തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഡോ.കെ എസ് രാധാകൃഷ്ണന്‍ ആരോപിച്ചു എന്ന മട്ടില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് അന്വേഷണത്തില്‍  വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് കാട്ടിയെന്ന് ഡോ. കെ എസ് രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചു എന്ന മട്ടില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് എന്ന് ഡോ. കെ എസ് രാധാകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അപ്‌ഡേറ്റ്

തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും വ്യക്തമാക്കി ഡോ. കെ എസ് രാധാകൃഷ്ണന്‍ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

https://www.facebook.com/drksradhakrishnan/posts/4165441990212047?cft[0]=AZVQn5Rint5l-OGSACAZ9fAjvn-SQ1ibd4QTgEbM6vTREjWWWDEY4p-UXbs24qw8fO7eVdZmhDcf9N64vu7Dxouvo1lKtbiX1zQpT1KuJ8nWmXkP74kEfuas0JhpWWzZCMw4PqqSAa0pvAeDyX6zWXnQ&tn=%2CO%2CP-R

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ക്രമക്കേട് കാട്ടിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False