
വിവരണം
സുമേഷ് അമ്പനാട്ട്
എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 22 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “RSS ശാഖ നിരോധിക്കാനൊരുങ്ങി പിണറായ് അങ്ങനെ ചെയ്ത് കാണിച്ചാല്‍ തനിക്ക് രണ്ടല്ല നൂറ് ചങ്ക് ഉണ്ടെന്ന് ഈ സംഘി പരസ്യമായ് പറയാം” എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത.

archived link | FB post |
പിണറായി സർക്കാർ ആർഎസ്എസ് ശാഖാ നിരോധിക്കുന്നു എന്നതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ആർഎസ്എസ് നിലപാടുകളോട് കടുത്ത വിയോജിപ്പ് പ്രദർശിപ്പിക്കാറുണ്ടെങ്കിലും ആർഎസ്എസ് ശാഖ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചോ..?
ഈ വാർത്തയുടെ യാഥാർഥ്യം നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ 2016 ൽ തന്നെ പ്രഖ്യാപിച്ചിരുന്നു. നിയമം മൂലം ഇത് സാധ്യമാക്കാൻ സർക്കാർ തയ്യാറാക്കിയ തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന ഭേദഗതി ബില്ലിന്‍റെ കരടുരേഖയിലാണ് വ്യവസ്ഥയുള്ളത്. നിയമ ലംഘകർക്ക് ആറു മാസം വരെ തടവ് അല്ലെങ്കിൽ 5000 രൂപ ശിക്ഷ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതേപ്പറ്റി പുറത്തുവന്ന വാർത്തകളിൽ ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്.

archived link | keralakaumudi |
archived link | samakalikamalayalam |
archived link | samanwayam |
archived link | southlive |
ആർഎസ്എസ് ശാഖകൾ നിരോധിക്കാൻ സർക്കാർ ഒരുങ്ങുന്നു എന്ന് മാധ്യമങ്ങൾ വാർത്ത നൽകിയിട്ടില്ല.
ഈ വാര്‍ത്ത സ്ഥിരീകരിക്കാനായി ഞങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിനെ സമീപിച്ചപ്പോള്‍ അദ്ദേഹം തന്ന വിശദീകരണം ഇങ്ങനെയാണ്: “ഈ വാര്‍ത്ത തെറ്റാണ്. ആർഎസ്എസ് ശാഖ നിരോധിക്കാന്‍ പിണറായി സർക്കാർ തീരുമാനിച്ചിട്ടില്ല. ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാനുള്ള കരടുബിൽ നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് മാത്രമാണ് ലക്ഷ്യമാക്കുന്നത്. ആർഎസ്എസ് എന്ന സംഘനടയെ ഉദ്ദേശിച്ചാണ് എന്നൊക്കെ വെറുതെ പറഞ്ഞു പരത്തുന്നതാണ്. ബിൽ അവതരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു. നിയമമായി നടപ്പാക്കിയിട്ടില്ല. നിയമസഭയുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഇത് നിയമമാകൂ.”
ആർഎസ്എസ് ശാഖകൾ നിരോധിക്കുവാൻ പിണറായി സർക്കാർ തീരുമാനിച്ചിട്ടില്ല എന്നാണ് അന്വേഷണത്തിൽ നിന്നും അറിയാൻ കഴിയുന്നത്. ക്ഷേത്രങ്ങൾക്കുള്ളിലെ ആയുധ പരിശീലനം നിയമം മൂലം നിർത്തലാക്കാൻ വ്യവസ്ഥ ചെയ്യുന്ന കരടുബിൽ നിയമസഭയിൽ അവതരിപ്പിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ആർഎസ്എസ് ശാഖാ നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തിട്ടില്ല. ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ ആയുധ പരിശീലനം നിയമം മൂലം തടയാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു എന്നത് മാത്രമാണ് യഥാർത്ഥ വാർത്ത. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:RSS ശാഖ നിരോധിക്കാനൊരുങ്ങി പിണറായ്’ എന്ന വാർത്ത സത്യമോ..?
Fact Check By: Vasuki SResult: False
