വിവരണം

archived link FB post

UDF for Development & Care എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏപ്രിൽ 7 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് 4600 ഷെയറുകളായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായം എന്ന മട്ടിൽ പോസ്റ്റിൽ നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ് : "അമേഠിയിൽ നിന്നുള്ളവരല്ല, CPM 35 വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ നിന്നുള്ളവരാണ് ഒരു നേരത്തെ ആഹാരത്തിനായി ഇന്ന് കേരളത്തിൽ വന്നു പണിയെടുക്കുന്നത്." ഉമ്മൻ ചാണ്ടിയുടെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. സിപിഎമ്മിനെ വിമർശിച്ചും അവരുടെ മന്ത്രിസഭയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും ഉമ്മൻ ചാണ്ടി നടത്തിയ പല പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കും കേരളം സാക്ഷിയായിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിന്റേതായി ഇത്തരത്തിലൊരു പ്രസ്താവന കാണുമ്പോൾ മലയാളികൾ അവിശ്വസിക്കില്ല. എങ്കിലും തെരെഞ്ഞെടുപ്പ് സമയത്ത് വൈറലായിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റിന്റെ സത്യാവസ്ഥ നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ പരിശോധന

സാമൂഹിക മാധ്യമങ്ങളടക്കമുള്ള വാർത്താ സ്രോതസ്സുകളിൽ ഞങ്ങൾ പ്രസ്തുത വാർത്തയുടെ വിവരങ്ങൾ തിരയുകയുണ്ടായി. കേരളത്തിൽ സിപിഎമ്മിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു വരികയാണെന്നും അതിന്‍റെ ഉത്തരവാദി സിപിഎം തന്നെയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞതായി മാതൃഭൂമി ഏപ്രിൽ 8 ന് വാർത്ത നൽകിയിട്ടുണ്ട്. ആ വാർത്തയ്ക്കു പ്രസ്തുത പോസ്റ്റിൽ പറയുന്ന പരാമർശവുമായി ബന്ധമില്ല. പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഏപ്രിൽ 7 നാണ്. ഉമ്മൻ ചാണ്ടിയോട് അടുത്ത വൃത്തങ്ങളിൽ അന്വേഷിച്ചപ്പോഴും വ്യക്തതയുള്ള മറുപടി ലഭിച്ചില്ല. തുടർന്ന് ഉമ്മൻ ചാണ്ടിയുമായി ഞങ്ങൾ നേരിട്ട് സംസാരിച്ചു. വാർത്തയെപ്പറ്റി അദ്ദേഹത്തിന് പറയാനുള്ളതിതാണ്:

അദ്ദേഹം തന്നെ പ്രസ്താവനയെപ്പറ്റി വിശദീകരണം നൽകിയ സ്ഥിതിക്ക് കൂടുതൽ അന്വേഷണത്തിന്‍റെ ആവശ്യമില്ല.

നിഗമനം

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുന്ന പ്രസ്താവന അസത്യമാണ്. അത്തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ലെന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഈ പോസ്റ്റ് ദയവായി പ്രചരിപ്പിക്കാതിരിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:സിപിഎമ്മിനെ ഇകഴ്ത്തി ഉമ്മൻ ചാണ്ടി ഇത്തരത്തിൽ പ്രസ്താവന നടത്തിയോ..?

Fact Check By: Deepa M

Result: False