
വിവരണം
ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും “ഇദേഹം കോൺഗ്രസ് കാരന, സഖാക്കളെ” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 7 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയ്ക്ക് ഇതുവരെ 1300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്നലെ വരെ മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സഖാവ് സർസയ്യ ആദം ഇന്ന് ബിജെപിയിൽ. ഒരു തികഞ്ഞ കമ്മ്യുണിസ്റ്റിന് ബിജെപി ആകാൻ കഴിയില്ലെന്നല്ലേ ഇവിടുത്തെ തള്ള് ” പോസ്റ്റിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് നർസയ്യയുടെ ചിത്രം നൽകിയിട്ടുണ്ട്.
archived link | FB post |
വസ്‌തുത വിശകലനം
ഏതാണ്ട് ആറ് മാസമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയാണ് സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ആദം നർസയ്യ ബിജെപിയിൽ ചേർന്നു എന്നുള്ളത്. ആദം നർസയ്യ എന്നാണ് അദ്ദേഹത്തിന്റെ പേര്. സർസയ്യ എന്നല്ല. സിപിഎമ്മിന്റെ മുതിർന്ന നേതാവാണ് നർസയ്യ. ഞങ്ങൾ ഇതേ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത കാണാൻ കഴിഞ്ഞില്ല. നർസയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് പരാമർശം നടത്തി എന്നാരോപിച്ച് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു എന്ന വാർത്ത മാർച്ച് മാസം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സോലാപൂരിൽ ഒരു പൊതു പരിപാടിയിലാണ് നർസയ്യ മോദിയെ അഭിനന്ദിച്ചത് എന്ന് വാർത്തയിലുണ്ട്.
നർസയ്യ അടക്കമുള്ള ഏതാനും നേതാക്കൾ സ്വന്തം പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് എന്ന ഒരു ലേഖനം ഡെയിലി ഹണ്ട് എന്ന മാധ്യമം 2019 മാർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വിശദാംശങ്ങളറിയാൻ ഞങ്ങൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചു നോക്കി. എന്നാൽ അദ്ദേഹം ബിജെപിയിൽ ചേരുന്നതിന്റെ യാതൊരു സൂചനകളും അതിൽ കാണാൻ കഴിഞ്ഞില്ല. മാത്രമല്ല അദ്ദേഹം സിപിഎമ്മിനെ അനുകൂലിക്കുന്നതും പിന്തുണയ്ക്കുന്നതുമായ പോസ്റ്റുകളാണ് ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര സിപിഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോഴും സംസ്ഥാന സെക്രട്ടറി എന്ന പേരിലാണ് ആദം നർസയ്യയുടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.
കേരളത്തിൽ കോടിയേരി ബാലകൃഷ്ണന്റേത് പോലെയുള്ള പാർട്ടി പദവിയാണ് ആദം നർസയ്യയ്ക്ക് മഹാരാഷ്ട്രയിലുള്ളത്. അപ്പോൾ അദ്ദേഹത്തെപ്പോലെ മുതിർന്ന നേതാവ് സ്വന്തം പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അത് തീർച്ചയായും വാർത്തയാകേണ്ടതാണ്. എന്നാൽ ഒരു മാധ്യമങ്ങളിലും ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല,
കൂടാതെ ബിജെപി വൃത്തങ്ങളിൽ നിന്നും ഇക്കാര്യത്തിന് ഒരു സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. സിപിഎമ്മിലെ മുതിർന്ന നേതാവ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ ബിജെപി അത് മറച്ചു വയ്ക്കാൻ സാധ്യതയില്ല. ബിജെപിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ പോലും ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.
വാർത്തയുടെ കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. സ്റ്റേറ്റ് കമ്മിറ്റി സ്‌പെഷ്യൽ ഇൻവൈറ്റിയും ഓഫീസ് ഭാരവാഹിയുമായ കിഷോർ തെക്കേടത്ത് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ് “ആദം നർസയ്യ ബിജെപിയിലെ ചേർന്നു എന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചു എന്ന പേരിൽ ആദം നർസയ്യയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. മൂന്നു മാസം പാർട്ടിയിൽ നിന്നും വിലക്കേർപ്പടുത്തുകയാണുണ്ടായത്. അതിനു ശേഷം ഓഗസ്റ്റ് 15 ന് അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുത്തുകൊണ്ട് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയിരുന്നു, ആദം നർസയ്യ തന്നെയാണ് നിലവിൽ സംസ്ഥാന സെക്രട്ടറി.”
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണെന്ന് ഇതിൽ നിന്നും ഉറപ്പിക്കാം.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. മഹാരാഷ്ട്രയുടെ സംസ്ഥാന സെക്രട്ടറി ആദം നർസയ്യ സിപിഎം വിട്ട് ഇതുവരെ ബിജെപിയിൽ ചേർന്നിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണ്. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സഖാവ് സർസയ്യ ആദം ബിജെപിയിൽ ചേർന്നു എന്ന വാർത്ത സത്യമോ..?
Fact Check By: Vasuki SResult: False
