അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍സ് റോയ്‌സ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
വിവരണം
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലെ ആദ്യ റൗണ്ടില്‍ അര്‍ജെന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ സൗദി അറേബിയയുടെ പ്രകടനം ഞെട്ടലോടെയായിരുന്നു ഫുട്ബോള്‍ ആരാധകര്‍ കണ്ടത്. വലിയ ആവേശത്തോടെയാണ് സൗദി അറേബിയ ഈ വിജയത്തെ നോക്കുകാണുകയും ചെയ്തത്. ഇതിന് പിന്നാലെ അര്‍ജന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും സൗദി രാജകുമാരന്‍ ഒരോ റോള്‍സ് റോയ്‌സ് ഫാന്‍റം കാര്‍ പാരിതോഷികം നല്‍കുമെന്ന സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം തുടങ്ങി. മുഖ്യധാര മാധ്യമങ്ങളും ഇതെ കുറിച്ച് വാര്‍ത്ത നല്‍കി. 24ന്യൂസ് നല്‍കിയ ഇതെ വാര്‍ത്തയ്ക്ക് 18,000ല്‍ അധികം റിയാക്ഷനുകളും 576ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സൗദി രാജകുമാരന്‍ സൗദി ഫുട്ബോള്‍ ടീമിന് ഇത്തരത്തിലൊരു പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സൗദി അറേബിയ റോള്‍സ് റോയ്‌സ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും അറബ് ന്യൂസ് എന്ന വാര്‍ത്ത വെബ്സൈറ്റില്‍ നിന്നും പ്രചരണത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അര്‍ജെന്‍റീനയെ പരാജയപ്പെടുത്തിയ ശേഷമുള്ള സൗദി ഫുട്ബോള്‍ ടീമിന്‍റെ വാര്‍ത്ത സമ്മേളനത്തെ അധികരിച്ചാണ് അറബ് ന്യൂസ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. സൗദി ഫുട്ബോള്‍ താരം സാലേഹ് അല്‍ഷേരിയും ടീം കോച്ചായ ഹെര്‍വേ റെണാഡുമായിരുന്നു വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തത്. അപ്പോഴാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സൗദി രാജകുമാരന്‍ റോള്‍സ് റോയ്‌സ് കാര്‍ പാരിതോഷികമായി നല്‍കുന്നുണ്ടോ എന്നും അഥവാ നല്‍കുന്നുണ്ടെങ്കില്‍ ഏത് നിറം തിരഞ്ഞെടുക്കുമെന്നും സാലേഹ് അല്‍ഷേരിയോട് ചോദിച്ചു. എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്നാണ് അല്‍ഷേരി നല്‍കിയ മറുപടി. തങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് പ്രയത്നിക്കുന്നതെന്നും അതില്‍ വിജയം നേടുകയെന്നത് മാത്രമാണ് ലക്ഷ്യമെന്നും അല്‍ഷേരി പറഞ്ഞു.
അറബ് ന്യൂസ് വെബ്‌സൈറ്റിലെ വാര്‍ത്ത (സ്ക്രീന്‍ഷോട്ട്)-
ഗോള്‍ എന്ന അന്താരാഷ്ട്ര ഫുട്ബോള്‍ വാര്‍ത്ത വെബ്‌സൈറ്റ് സാലേഹ് അല്‍ഷേരിയുടെ പ്രതികരണം ട്വീറ്റ് ചെയ്തിട്ടുണ്ട് (വീഡിയോ)-
നിഗമനം
അര്‍ജെന്‍റീനയ്‌ക്കെതിരെ അട്ടമിറി വിജയം നേടിയ സൗദി അറേബിയന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് സൗദി രാജകുമാരന്‍ റോള്‍സ് റോയ്‌സിന്‍റെ ഫാന്‍റം മോഡല്‍ കാര്‍ പാരിതോഷികമായി നല്‍കുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സൗദി ടീം അംഗമായ സാലേഹ് അല്‍ഷേരി അവരുടെ ടീം കോച്ചിന്‍റെ സാന്നിദ്ധ്യത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍സ് റോയ്‌സ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: False