
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. എല്ലാ മുന്നണികളും ചൂടുപിടിച്ച പ്രചരണത്തിലാണ്. പ്രമുഖ മലയാള സിനിമ നടന്‍ ജോജു ജോര്‍ജ് കേരളത്തിലെ ഇടത്-വലത് മുന്നണികളെ വിമര്‍ശിച്ച് ഫേസ്ബുക്ക് ലൈവ് നടത്തുന്നു എന്ന് സൂചിപ്പിച്ച് ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“അഞ്ചു വര്‍ഷം എന്തൊക്കെ കാട്ടിക്കൂട്ടിയാലും അവസാന ആറുമാസം നമ്മളെ നോക്കി ഒന്ന് ചിരിച്ചാല്‍ നമ്മളെല്ലാം മറക്കും. ഇവരെന്തു നീട്ടി തന്നാലും നമ്മളതു വാങ്ങും. നമ്മുടെ ഈ മറവിയാണ് ഈ നാടിന്‍റെ ശാപം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇവര്‍ക്ക് നമ്മളോട് ഭയങ്കര സ്നേഹമാണ്. ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചുതരും. നമ്മള്‍ ഉള്ളിടത്ത് വന്ന് നമ്മളെ കാണും. വീട്ടില്‍ കേറിയിറങ്ങി വോട്ട് ചോദിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ജയിച്ചാലോ, ഇവ്ഖ്‌രുടെ ബംഗ്ലാവിന്‍റെ മുമ്പില്‍ നമ്മള്‍ ക്യൂ നില്‍ക്കണം. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പിടിച്ചു നിര്‍ത്തിയ ജനപ്രതിനിധികളെ ജനങ്ങള്‍ പിടിച്ചു നിര്‍ത്തിയാലേ നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമാകൂ. എന്തിനാണ് നമ്മള്‍ ജനപ്രതിനിധികളെ കാണുമ്പോള്‍ കുമ്പിടുന്നത്..? അവരല്ലേ നമ്മളെ കാണുമ്പോള്‍ കുമ്പിടേണ്ടത്..? അവര്‍ക്ക് നമ്മളല്ലേ അധികാരം വാങ്ങി കൊടുത്തത്..? ഓരോ തെരഞ്ഞെടുപ്പിനും കോടികളാണ് ചെലവഴിക്കുന്നത്…..”
ഇങ്ങനെ കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ നേതാക്കന്മാരെ വിമര്‍ശിച്ചു കൊണ്ട് ജോജു ജോര്‍ജ് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നു എന്നാ തരത്തിലുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൂടാതെ ബിജെപിയെ സപ്പോര്‍ട്ട് ചെയ്താണ് ജോജു ലൈവ് അവസാനിപ്പിക്കുന്നത് എന്നും ദൃശ്യങ്ങളില്‍ സൂചിപ്പിക്കുന്നു. തുടക്കത്തില്‍ കേരളത്തിലെ ഇടത്-വലത് നേതാക്കളെയും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അനുഭാവികള്‍ പതാകയേന്തി നില്‍ക്കുന്നതും കാണിക്കുന്നു. ജോജു കേരളത്തിലെ ഇരു മുന്നണികളെയും വിമര്‍ശിക്കുന്നു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എല്ലാവരും കേൾക്കണം ഇടതിന്റെയും വലതിന്റെയും അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് ജോജു ജോർജ് 🧡❤️🔥🧡❤️”
എന്നാല്‍ ഇത് സിനിമയിലെ സീന്‍ ആണെന്നും ജോജു ജോര്‍ജ് യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കുന്നതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ജോജു ജോര്‍ജ് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് തിരഞ്ഞെങ്കിലും പ്രചാരണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ കാണാന്‍ കഴിഞ്ഞില്ല. മലയാള സിനിമയിലെ പ്രമുഖ അഭിനേതാവായ ജോജു ജോര്‍ജ് ഇങ്ങനെ ഒരു വിമര്‍ശനം നടത്തിയിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് മാധ്യമ വാര്‍ത്ത ആകുമായിരുന്നു.
വീഡിയോ കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഈ സീന്‍ ഒരു താത്വിക അവലോകനം എന്ന സിനിമയില്‍ നിന്നുള്ളതാണ് എന്ന് വ്യക്തമായി. സിനിമ യുട്യൂബില്‍ ലഭ്യമാണ്. സിനിമയില്‍ 1:47:49 മിനിറ്റ് മുതല്‍ ഇതേ ദൃശ്യങ്ങള്‍ കാണാം.
ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ വേഷമാണ് ജോജു ചെയ്തത്. ഇത് ജോജു യഥാര്‍ത്ഥത്തില്‍ പറഞ്ഞതായി തെരഞ്ഞെടുപ്പ് വേളയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണ്.
നിഗമനം
മലയാള സിനിമ താരം ജോജു ജോര്‍ജ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിച്ച് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയില്‍ നിന്നുള്ളതാണ്. യഥാര്‍ത്ഥത്തില്‍ നടന്നത് എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




