ബന്ധുക്കളുടെയ്യും സുഹൃത്തുക്കളുടെയും വാഹനങ്ങള്‍ ഓടിച്ചാല്‍ 5000 രൂപ പിഴ..? സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നത്…

Misleading സാമൂഹികം

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാഹനം ഓടിച്ചാല്‍ ഇനി മുതല്‍ 5000 രൂപ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കിയെന്ന അറിയിപ്പുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. 

പ്രചരണം  

“അത്യാവശ്യ ഘട്ടങ്ങളിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ മറ്റൊരാളുടെ വാഹനം ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. അങ്ങനെ ഓടിക്കുമ്പോൾ ലൈസൻസും സാധുവായ മറ്റു രേഖകളും ഉണ്ടെങ്കിലും ഇപ്പറയുന്ന രേഖ കൈവശമില്ലെങ്കിൽ നിങ്ങൾക്ക്
5000 രൂപ പിഴയോ തടവോ ലഭിക്കുന്ന നിയമ വ്യവസ്ഥയുണ്ട് 
‘മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 197’
വാഹന ഉടമയുടെ അനുമതിപത്രമില്ലാതെ മറ്റൊരാളുടെ വാഹനമോടിക്കുന്നത് മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 197 പ്രകാരം (അധികാരമില്ലാതെ വാഹനം കൊണ്ടുപോകുന്നത്) കുറ്റകരമാണ്. കേസായാൽ 5000 രൂപ പിഴയോ തടവോ ലഭിച്ചേക്കാം.

മറ്റൊരാളുടെ വാഹനം ഓടിക്കേണ്ടിവരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നിയമത്തിൽ ഉണ്ട്. ഡ്രൈവ് ചെയ്യുന്നയാളുടെ പേരിൽ രജിസ്റ്റർചെയ്യപ്പെടാത്ത വാഹനം ഓടിക്കുമ്പോൾ വാഹന ഉടമയുടെ സമ്മപത്രമാണ് ഒന്നാമതായി വേണ്ടത്. ഡ്രൈവർ ഓതറൈസേഷൻ ലെറ്റർ (ഡി എ എൽ) എന്നാണ് ഈ രേഖയുടെ പേര്. ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം ഓടിക്കാൻ മറ്റൊരു ഡ്രൈവർക്ക് നിയമപരമായി നൽകുന്ന അനുമതി പത്രമാണ് ഈ രേഖ.

മ​റ്റൊരാളുടെ കാറോ ബൈക്കോ ഓടിക്കുമ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ പൊലീസോ വാഹന രേഖകൾ പരിശോധിക്കുമ്പോൾ വാഹനം മോഷ്ടിച്ചതല്ലെന്നും ഉടമയുടെ സമ്മതത്തോടെയാണ് ഉപയോഗിക്കുന്നതെന്നും തെളിയിക്കാൻ ഈ കത്ത് സഹായിക്കും.
സംസ്ഥാന അതിർത്തികടന്ന് യാത്രചെയ്യുമ്പോൾ ഈ രേഖ വളരെ പ്രധാനപ്പെട്ടതാണ്. പരിശോധനയിൽ കാണിക്കേണ്ടിവരും. മോഷണം, നിയമ വിധേയമല്ലാത്ത യാത്ര എന്നിവ തടയുന്നതിനാണ് ഇതെല്ലാം വ്യക്തമായി പരിശോധിക്കുന്നത്.

ഡ്രൈവർ ഓതറൈസേഷൻ ലെറ്റർ സ്വന്തം കൈപ്പടയിൽ എഴുതിയോ ഓൺലൈനായോ ആവശ്യക്കാർക്ക് നേടാനാവും. തീയതി, സ്ഥലം,
വാഹനത്തിന്റെയും ഉടമയുടെയും പൂർണമായ വിശദാംശങ്ങൾ, ആധാർ വിവരങ്ങൾ,ഓടിക്കാൻ അനുമതി നൽകുന്ന കാലയളവ് എന്നിവ ഇതിൽ വ്യക്തമാക്കിയിരിക്കണം. കൂടാതെ വാഹന ഉടമയും ഡ്രൈവറും ഇതിൽ ഒപ്പിടുകയും വേണം മറിച്ചുള്ള ഓതറൈസേഷൻ ലെറ്ററിന് നിയമപരമായി സാധുതയില്ല.
ഈ നിയമ വ്യവസ്ഥ അറിയാത്തവരാണ് നമ്മളിൽ ഏറെയും അതിനാൽ ഇനിയുള്ള യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ ഇക്കാര്യം മറക്കാതെ സൂക്ഷിക്കുക. മറ്റുള്ളവരുടെ വാഹനങ്ങൾ ഓടിക്കുന്ന സുഹൃത്തുക്കളോടും പരിചയക്കാരോടും ഇക്കാര്യം അറിയിക്കുക…´എന്ന സന്ദേശമാണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. മോഷ്ടിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ് പിഴ ഈടാക്കുന്നത്. അനുമതി പത്രം  നിര്‍ബന്ധമാക്കിയിട്ടില്ല.

വസ്തുത ഇതാണ് 

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തുകയോ പുതിയ നിയമം നടപ്പിലാക്കുകയോ ചെയ്‌താല്‍ അത് മോട്ടോര്‍ വാഹന വകുപ്പ് മാധ്യമങ്ങള്‍ വഴിയും സാമൂഹ്യ മാധ്യമ ഹാന്‍റിലുകള്‍ വഴിയും അത് പൊതുജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ ഞങ്ങളുടെ അന്വേഷണത്തില്‍ അങ്ങനെ വാര്‍ത്തകളോ സന്ദേശങ്ങളോ ലഭ്യമായില്ല.   

പ്രചരിക്കുന്നത് തെറ്റായ നിയമ വ്യാഖ്യാനമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സെയ്ന്‍ ഷബീര്‍ പങ്കുവച്ച ഒരു കുറിപ്പ് അന്വേഷണത്തില്‍ ലഭ്യമായി. 

തുടര്‍ന്ന് ഞങ്ങള്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായി  സംസാരിച്ചു. പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവര്‍ വ്യക്തമാക്കി. 

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാഹനം ഉപയോഗിച്ചാല്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ല. അതുപോലെ അനുമതി പത്രം നിര്‍ബന്ധമാക്കിയിട്ടില്ല. മോട്ടോര്‍ വാഹന നിയമത്തിലെ ചില വ്യവസ്ഥകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. മോഷ്ടിക്കുന്ന വാഹനങ്ങള്‍, അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനം തുടങ്ങിയവ പിടിച്ചെടുത്താല്‍ പിഴ ഈടാക്കും. ഇതാണ് നിയമത്തിലുള്ളത്. “ 

സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന മോട്ടോര്‍വാഹന നിയമത്തിലെ സെക്ഷന്‍ 197 പരിശോധിച്ചപ്പോള്‍ വാഹന ഉടമയുടെയോ/ അധികാരികളുടെയോ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതായി പരാതി ലഭിച്ചാല്‍ 5000 രൂപ പിഴയോ മൂന്ന് മാസം തടവോ ശിക്ഷ ലഭിക്കാം എന്നാണുള്ളത്. എന്നാല്‍ വാഹന ഉടമയുടെ അനുമതിയോടെ വാഹനം ഉപയോഗിക്കുന്നത് കുറ്റമല്ലെന്ന് വ്യവസ്ഥയില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. വാഹന ഉടമയുടെ അനുമതി എഴുതി വാങ്ങി ഒപ്പം കരുതണമെന്നും നിയമത്തിലില്ല. അനുമതിയില്ലാതെ എടുക്കുന്ന വാഹനങ്ങള്‍ക്ക് അതായത് മോഷ്ടിക്കുന്നവയ്ക്ക് മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ. 

“ഏതെങ്കിലും മോട്ടോർ വാഹനം ഉടമയുടെയോ മറ്റ് നിയമപരമായ അധികാരികളുടെയോ സമ്മതമില്ലാതെ ആരെങ്കിലും എടുത്ത് ഓടിച്ചാൽ, അയാൾക്ക് മൂന്ന് മാസം വരെ തടവോ അയ്യായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

എന്നാൽ, നിയമപരമായ അധികാരമുണ്ടെന്ന ന്യായമായ വിശ്വാസത്തിലോ ഉടമ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, കേസിന്‍റെ സാഹചര്യത്തിൽ അയാൾ സമ്മതം നൽകിയിട്ടുണ്ടാകുമെന്ന ന്യായമായ വിശ്വാസത്തിലോ ആ വ്യക്തി പ്രവർത്തിച്ചുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, ഈ വകുപ്പ് പ്രകാരം ആരെയും കുറ്റക്കാരനാക്കില്ല.

(2) നിയമവിരുദ്ധമായി ബലപ്രയോഗത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ മറ്റേതെങ്കിലും തരത്തിലുള്ള ഭീഷണിയിലൂടെയോ, ഒരു മോട്ടോർ വാഹനം പിടിച്ചെടുക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും മൂന്ന് മാസം വരെ തടവോ അയ്യായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

(3) ഏതെങ്കിലും മോട്ടോർ വാഹനവുമായി ബന്ധപ്പെട്ട് ഉപവകുപ്പ് (1) അല്ലെങ്കിൽ ഉപവകുപ്പ് (2) ൽ പരാമർശിച്ചിരിക്കുന്ന പ്രവൃത്തികളിൽ ഏതെങ്കിലും ചെയ്യാൻ ശ്രമിക്കുന്നവരോ, അല്ലെങ്കിൽ അത്തരം പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിക്കുന്നവരോ, ഉപവകുപ്പ് (1) പ്രകാരമോ, സാഹചര്യമനുസരിച്ച് ഉപവകുപ്പ് (2) പ്രകാരമോ ഒരു കുറ്റകൃത്യം ചെയ്തതായി കണക്കാക്കും.” എന്നാണ് സെക്ഷന്‍ 197 ന്‍റെ പരിഭാഷ. 

നിഗമനം 

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാഹനം ഓടിച്ചാല്‍ ഇനിമുതല്‍ 5000 രൂപ പിഴ ഈടാക്കുമെന്നും അനുമതി പത്രം കൈവശം വയ്ക്കണമെന്നും എംവിഡി നിര്‍ദ്ദേശം നല്‍കി എന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മോഷ്ടിക്കുന്ന വാഹനങ്ങള്‍, അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്താല്‍ പിഴ ഈടാക്കുമെന്ന നിലവിലെ നിയമം തെറ്റായി പ്രചരിപ്പിക്കുകയാണ്.  

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ബന്ധുക്കളുടെയ്യും സുഹൃത്തുക്കളുടെയും വാഹനങ്ങള്‍ ഓടിച്ചാല്‍ 5000 രൂപ പിഴ..? സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നത്…

Fact Check By: Vasuki S  

Result: Misleading