<strong>മുംബൈ ജെജെ ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകും... പ്രചരിക്കുന്നത് തെറ്റായ സന്ദേശം...</strong>
ജീവിതശൈലി രോഗങ്ങൾ സമൂഹത്തിൽ ദിനംപ്രതി എന്നോണം വ്യാപിക്കുന്നുണ്ട്. പലയിടത്തും ലഭ്യമാകുന്ന ചികിത്സകളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും ഈ അവസരത്തിൽ പലരും സ്വന്തം അനുഭവങ്ങളും അതുപോലെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. പലയിടത്തും സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നുവെന്ന ചില അറിയിപ്പുകളും ഇക്കൂട്ടത്തിൽ പെടും. ഹൃദയസംബന്ധമായ അസുഖത്തിനു വേണ്ടി അത്തരത്തിൽ ഒരു അറിയിപ്പ് ഈയിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രചരണം
മുംബൈയിലെ ജെജെ ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. "*_ ഇനി ഹൃദയാഘാതത്തെ കുറിച്ചുള്ള ആശങ്കകൾ നിർത്തുക_*
*പുതിയ സാങ്കേതികവിദ്യ കാണുക:*
*ഹാർട്ട് ബ്ലോക്കുകൾ* *നേരിട്ട് നീക്കം ചെയ്യുന്ന ഇത്തരത്തിലുള്ള ആൻജിയോഗ്രാഫി മുംബൈ ജെജെ ഹോസ്പിറ്റലിൽ ലഭ്യമാണ്.. വില ₹5000/- മാത്രം.*
* നിർബന്ധമായും വീഡിയോ കാണുകയും ആവശ്യക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഈ സന്തോഷവാർത്തയും വീഡിയോയും നിങ്ങളുടെ കൈവശമുള്ള എല്ലാ കോൺടാക്റ്റ് നമ്പറുകളിലേക്കും എല്ലാ ഗ്രൂപ്പുകളിലേക്കും ഉടൻ അയയ്ക്കുക. പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെ..🙏"
ഒപ്പം ഒരു വീഡിയോ നൽകിയിട്ടുണ്ട്. എന്നാൽ ഈ വീഡിയോയിൽ ഹൃദയസംബന്ധമായ അസുഖത്തെ പറ്റി യാതൊന്നും പറയുന്നില്ല. അന്നനാളത്തിൽ ഉണ്ടാകുന്ന ക്യാൻസർ പരിശോധിക്കുന്നതിനുള്ള നവീന ഉപകരണം പരിചയപ്പെടുത്തുന്ന വീഡിയോയാണിത്.
പ്രസ്തുത സന്ദേശം വീഡിയോ ഇല്ലാതെയും പ്രചരിക്കുന്നുണ്ട്. പോസ്റ്റിലെ വിവരണത്തിൽ നൽകിയിട്ടുള്ള സന്ദേശത്തിന്‍റെയും വീഡിയോയിലെ ഉപകരണത്തിന്‍റെയും വിശദാംശങ്ങൾ ഞങ്ങൾ അന്വേഷിച്ചു. ജെജെ ഹോസ്പിറ്റലിലെ സൗജന്യനിരക്കിലുള്ള സേവനത്തെക്കുറിച്ച് നൽകിയിരിക്കുന്ന വിവരണം പൂർണമായും തെറ്റാണ് എന്ന് വ്യക്തമായി
വസ്തുത ഇങ്ങനെ
വിവരണത്തില്‍ നിന്നുമുള്ള കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ സന്ദേശം ഏതാണ്ട് 2015 മുതൽ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭ്യമായി. തുടർന്ന് ഞങ്ങൾ മുംബൈ ജെജെ ആശുപത്രിയുമായി ബന്ധപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥൻ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “പൂർണ്ണമായും തെറ്റായ പ്രചരണമാണ് മുംബൈ ജെജെ ഹോസ്പിറ്റലിൽ പേരിൽ നടത്തുന്നത് 2015 മുതൽ ഈ പ്രചരണം നടക്കുന്നുണ്ട്. ഞങ്ങൾ ഒരിടത്തും ഇത്തരത്തിൽ ഒരു അറിയിപ്പ് സന്ദേശം നൽകിയിട്ടില്ല.”
മുംബൈ ജെ ജെ ആശുപത്രി 5000 രൂപയ്ക്ക് ആൻജിയോഗ്രാം ചെയ്തു നൽകുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന അറിയിപ്പ് തെറ്റാണ് എന്ന് വ്യക്തമാക്കി മുംബൈ ലൈവ് എന്ന മാധ്യമം 2018 ല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ ബെൻസലിന്‍റെ വിശദീകരണവും ലേഖനത്തിൽ നൽകിയിട്ടുണ്ട്.
നവീന സാങ്കേതിക രീതിയിലുള്ള ആൻജിയോഗ്രാം മുംബൈ ജെ ജെ ആശുപത്രിയിൽ 5000 രൂപ നിരക്കിൽ നൽകുന്നു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് ഒപ്പം നൽകിയിരിക്കുന്ന വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇൻഡിപെൻഡഡ് യുകെ എന്ന ബ്രിട്ടീഷ് മാധ്യമം 20020 ജൂലൈ 31ന് പ്രസിദ്ധീകരിച്ച ഒരു ലേഖനം ലഭിച്ചു.
അന്നനാളത്തിലുണ്ടാകുന്ന കാൻസർ കണ്ടുപിടിക്കാനുള്ള ഒരു ഉപകരണമാണ് ഇതെന്നും ക്യാൻസർ നിർണയത്തിൽ ഈ ഉപകരണം ഡോക്ടർമാരെ സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു. “അന്നനാളത്തിലെ ക്യാൻസർ രോഗനിർണയത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സ്പോഞ്ച്-ഓൺ-എ-സ്ട്രിംഗ് ടെസ്റ്റ് സജ്ജമാക്കിയതായി ഗവേഷകർ പറയുന്നു” എന്ന തലക്കെട്ടിലാണ് ലേഖനം നൽകിയിട്ടുള്ളത്.
ഒരു സ്‌പോഞ്ച്-ഓൺ-എ-സ്ട്രിംഗ് ഗുളിക പരിശോധനയ്ക്ക് അന്നനാള ക്യാൻസർ രോഗനിർണ്ണയ രീതിയെ മാറ്റാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. ജിപി സർജറിയിൽ ഒരു നഴ്‌സിന് നടത്താവുന്ന ഈ പരിശോധന, അസാധാരണമായ കോശങ്ങൾ കണ്ടെത്തുന്നതിലും പ്രാരംഭ ഘട്ടത്തിലെ ക്യാൻസര്‍ നിര്‍ണയത്തിലും മികച്ചതാണ്. സാധാരണയായി എൻഡോസ്കോപ്പി വഴി ആശുപത്രിയിൽ രോഗനിർണയം നടത്തുന്നു, ദീർഘകാല നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ കാണുന്ന രോഗിക്ക് ഒരു GP റഫറൽ പിന്തുടർന്ന് ഒരു ക്യാമറ വയറിലേക്ക് കടത്തിവിടുന്നു.
സ്‌പോഞ്ച്-ഓൺ-എ-സ്ട്രിംഗ് ഗുളികയെ കുറിച്ച് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ ലേഖനം നൽകിയിട്ടുണ്ട്. എന്നാൽ ഈ വീഡിയോയ്ക്ക് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണവുമായി യാതൊരു ബന്ധവുമില്ല. മുംബൈ ജെജെ ഹോസ്പിറ്റലിൽ സൗജന്യ നിരക്കിൽ ആൻജിയോഗ്രാം നടത്തിക്കൊടുക്കും എന്ന അറിയിപ്പ് സന്ദേശത്തിനൊപ്പം കൊടുത്തിരിക്കുന്ന വീഡിയോ അന്നനാള ക്യാൻസർ നിർണയിക്കുന്ന ഒരു പുതിയ ഉപകരണത്തെ കുറിച്ചുള്ളതാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. മുംബൈ ജെജെ ആശുപത്രിയിൽ 5000 രൂപ നിരക്കിൽ നവീന സാങ്കേതികത ഉപയോഗിക്കുന്ന ആൻജിയോഗ്രാം ചെയ്തുകൊടുക്കുന്നു എന്നുള്ള പ്രചരണം തെറ്റാണെന്ന് മുംബൈ ജെജെ ഹോസ്പിറ്റലിൽ നിന്നു തന്നെ വിശദീകരണം ലഭിച്ചിട്ടുണ്ട്. ഒപ്പം നൽകിയിരിക്കുന്ന വീഡിയോ അന്നനാള കാൻസർ നിർണയിക്കാനുള്ള സ്‌പോഞ്ച്-ഓൺ-എ-സ്ട്രിംഗ് ഗുളികയുടേതാണ്. വീഡിയോയും വിവരണവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)
Title:മുംബൈ ജെജെ ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകും... പ്രചരിക്കുന്നത് തെറ്റായ സന്ദേശം...
Fact Check By: Vasuki SResult: Misleading