
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മനോരമ ന്യൂസ് ചാനൽ നടത്തിയ സംവാദത്തിനിടെ ബിജെപി പാലക്കാട് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവനും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നും ആർഷോയ്ക്ക് പരിക്കേറ്റു എന്നും പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മുഖത്ത് മുറിവുകളും കഴുത്തില്‍ വേദന നേരിടാനായി ഉപയോഗിക്കുന്ന കോളറും ധരിച്ച ആര്‍ഷോയുടെ ചിത്രമാണ് പ്രചരിക്കുന്നത്. പ്രശാന്ത് ശിവന്‍റെ അടിയേറ്റാണ് ആര്‍ഷോയ്ക്ക് പരിക്കുകള്‍ സംഭവിച്ചത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കുടുംബ വഴക്കിൽ 6-ഷോയുടെ മൂക്കിൻ്റെ പാലം പൊളിഞ്ഞു..🤭
പൊളിഞ്ഞ പാലം ഊരാളുങ്കൽ സൊസൈറ്റി വഴി കോൺക്രീറ്റ് ചെയ്യും….🔥
പോസ്റ്റ് സമയം 6:25 AM, തീയതി: 13/11/2025. ഇത്രേം വലിയ കോമഡി നടന്നിട്ടും, ഇതുവരെ ഒരു ബിജെപി ഓഫീസിന് നേര പ്രകടനം നടന്നിട്ടില്ല…🧡❤️
ഓകെ ബൈ…”

എന്നാല്‍ ആര്‍ഷോയുടെ യഥാര്‍ത്ഥ ചിത്രത്തില്‍ ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് നിര്‍മ്മിച്ച പരിക്കുകള്‍ ആണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2024 ഒക്ടോബര്‍ 28 ന് പ്രസിദ്ധീകരിച്ച മാതൃഭുമി റിപ്പോര്‍ട്ടില്‍ നിന്നും ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു.

ഈ ചിത്രത്തില്‍ ഗൂഗിള്‍ ജമിനി ഉപയോഗിച്ച് പരിക്കുകളും കഴുത്തിലെ കോളറും നിര്‍മ്മിച്ചാണ് വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്. ഒരു ചിത്രം അപ്ലോഡ് ചെയ്തശേഷം ജമിനിക്ക് അതില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തി ചിത്രം തിരികെ നല്‍കും. ഇങ്ങനെ തരുന്ന ചിത്രങ്ങളില്‍ ജെമിനിയുടെ വാട്ടര്‍ മാര്‍ക്ക് ഉണ്ടായിരിക്കും. മാതൃഭുമിയുടെ റിപ്പോര്‍ട്ടില്‍ നിന്നും എടുത്ത ചിത്രത്തില്‍ മാതൃഭുമിയുടെ വാട്ടര്‍ മാര്‍ക്കും ജമിനി ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ജമിനിയുടെ വാട്ടര്‍ മാര്‍ക്കും കാണാം.

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ആര്‍ഷോയോട് സംസാരിച്ചു. സംവാദത്തിനിടെ ചെറിയ വാക്കുതര്‍ക്കവും ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നും അങ്ങോട്ടും ഇങ്ങോട്ടും അടിപിടി ഒന്നുമുണ്ടായില്ല എന്നും ആര്‍ഷോ വ്യക്തമാക്കി. കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ മനോരമന്‍ ന്യൂസ് പാലക്കാട് ന്യൂസ് വിഭാഗവുമായി സംസാരിച്ചു. തെറ്റായ പ്രചാരണമാണ് ഇതെന്നും സംവാദത്തിനിടെ അടിപിടി ഒന്നുമുണ്ടായില്ല എന്നും അവര്‍ അറിയിച്ചു.
നിഗമനം
ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ചാനല്‍ സംവാദത്തിനിടെ എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഗൂഗിള്‍ ജമിനി ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രമാണ്, യഥാര്‍ത്ഥമല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബിജെപി നേതാവുമായി ‘അടിപിടി’ക്കിടെ സിപിഎം നേതാവിന് പരിക്ക്, പ്രചരിക്കുന്നത് ജമിനി ചിത്രം…
Fact Check By: Vasuki SResult: Altered



