പലസ്തീൻ അനുകൂല സമരത്തിനിടെ മുസ്ലിം സ്ത്രീയെ ജർമൻ പോലീസ് പിടികൂടിയ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

Misleading അന്തർദേശീയം

കൊലപാതകത്തിന് ശ്രമിച്ച സ്ത്രീയെ ജർമൻ പോലീസ് പിടികൂടിയ ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പോലീസ് ബലംപ്രയോഗിച്ച് ബൂർഖ ധരിച്ച ഒരു സ്ത്രീയെ പിടികൂടി കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച മുസ്ലിം സ്ത്രീയെ പോലീസ് പിടികൂടിയ ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: ജർമനിയിൽ 15 വയസ്സുള്ള സ്വദേശി പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സ്ത്രീയെ പോലീസ് കീഴ്പ്പെടുത്തുന്നു.

ഇവറ്റകളുടെ ഉള്ളിൽ നിറയെ വിഷമാണ്..കൊടും വിഷം..ചെറു പ്രായം മുതൽ തലച്ചോറിൽ കുത്തികയറ്റുന്ന മത വിദ്വേഷവും പേറിയാണ് ഇവറ്റകൾ ജീവിക്കുന്നത്

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരണം ആണിതെന്നും സ്ത്രീയെ പോലീസ് പിടികൂടിയത് പലസ്തീൻ അനുകൂല റാലി നടത്തിയതിനാണെന്നും സംഭവം 2024 മാർച്ചിലെതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ് 

ജർമനിയിൽ 15 വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മുസ്ലിം സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് മാധ്യമ വാർത്തകളോ പോലീസ് റിപ്പോർട്ടുകളോ ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താനായില്ല. 

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ തുർക്കി വാർത്താ ഏജൻസിയായ അനഡോലു 2024 മാർച്ച് 30 ന് X ൽ പങ്കുവച്ച ഇതേ ദൃശ്യങ്ങൾ ലഭിച്ചു. 

ബെർലിൻ സെൻട്രൽ ട്രെയിൻ സ്റ്റേഷനിൽ നടന്ന പലസ്തീൻ അനുകൂല സമരത്തിനിടെ മുസ്ലിം സ്ത്രീയെ ജർമൻ പോലീസ് അറസ്റ്റ് ചെയ്ത ദൃശ്യങ്ങൾ എന്നാണ് ഒപ്പമുള്ള വിവരണത്തിൽ പറയുന്നത്. 

ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ  2024 മാർച്ചിൽ ബർലിൻ റെയിൽവേ സ്റ്റേഷനിൽ നടന്ന പലസ്തീൻ അനുകൂല സമരവുമായി ബന്ധപ്പെട്ട വാർത്തകൾ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം ബെർലിനിലെ സെൻട്രൽ ട്രെയിൻ സ്റ്റേഷനിൽ മാർച്ച് 30ന് പാലസ്തീൻ അനുകൂലികൾ മുദ്രാവാക്യം വിളിച്ചുവെന്നും തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നും പറയുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിനാണ് പ്രകടനക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞതായും റിപ്പോർട്ട്  വ്യക്തമാക്കുന്നു. 

പ്രതിഷേധ സമരത്തിന്റെ വിശദാംശങ്ങൾ 2024 ഏപ്രിൽ 1ന് ടൈംസ് ഓഫ് ഇന്ത്യയുടെ  യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. 

ബർലിൻ സെൻട്രൽ സ്റ്റേഷനിൽ നടന്ന പലസ്തീൻ അനുകൂല സമരത്തിനിടെ പകർത്തിയ ദൃശ്യമാണിതെന്നും അക്രമാസക്തമായതിനാലാണ് ജർമൻ പൊലീസ് സമരക്കാരെ നേരിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രകടനം കാരണം ട്രെയിൻ യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടതായി പൊലീസ് പറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

നിഗമനം 

വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന മുസ്ലിം സ്ത്രീയെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തത് 15 വയസുള്ള പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് എന്ന പ്രചരണം തെറ്റാണ്. 2024 മാർച്ചിൽ ബർലിൻ റെയിൽവേ സ്റ്റേഷനിൽ പലസ്തീൻ അനുകൂല സമരം നടത്തിയപ്പോൾ ചിലർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയുണ്ടായി. ദൃശ്യങ്ങളിൽ കാണുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത് അതിന്റെ പേരിലാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പലസ്തീൻ അനുകൂല സമരത്തിനിടെ മുസ്ലിം സ്ത്രീയെ ജർമൻ പോലീസ് പിടികൂടിയ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: MISLEADING