ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനം പ്രചാരത്തില്‍ വന്നശേഷം അതിവേഗത്തിലാണ് സാധാരണക്കാര്‍ പോലും ഇതിന്‍റെ ഉപയോക്താക്കളായി മാറിയത്. വഴിയോര കച്ചവടക്കാരുടെ കൈയില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ പോലും ഇക്കാലത്ത് യു‌പി‌ഐ വഴി പണമിടപാട് നടത്താന്‍ അനായാസം സാധിക്കും. അതായത് കൈയ്യില്‍ ലിക്വിഡ് കാഷ് കൊണ്ട് നടക്കാതെ തന്നെ ഇപഭോക്താവിന് വിപണിയില്‍ ഇപ്പോള്‍ ഏതാണ്ട് നൂറു ശതമാനം പര്‍ച്ചേസുകളും സാധ്യമാണ്. സമൂഹത്തില്‍ യു‌പി‌ഐ പെയ്മെന്‍റ് സംവിധാനത്തിന് ഇത്രയും സ്വീകാര്യത കൈവന്നിരിക്കുന്ന ഇക്കാലത്ത് ആളുകള്‍ ഗൂഗിള്‍ പേയും ഫോണ്‍ പേയും ഒഴിവാക്കുമെന്ന് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

പ്രചരണം

അധികം വൈകാതെ സാധാരണക്കാർ ഗൂഗിൾ പേയും ഫോൺ പേയും ഒഴിവാക്കും, കാരണം ഇത്

ഒരു ചായ കുടിച്ചാല്‍പ്പോലും ഇപ്പോള്‍ യുപിഐ വഴിയാണ് സാധാരണക്കാരന്‍ പണം നല്‍കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും തെരുവ് കച്ചവടക്കാര്‍ക്കും പോലും പണം നല്‍കുന്നത് യുപിഐ ഉപയോഗിച്ച്‌ തന്നെ.ഡിജിറ്റല്‍ ഇന്ത്യ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംവിധാനം പക്ഷേ അധികം വൈകാതെ സാധാരണക്കാരന്‍ ഉപേക്ഷിക്കേണ്ടി വരും. പണമായി ചെലവാക്കുന്നതില്‍ കൂടുതല്‍ തുക ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ വഴി ഉപയോഗിക്കപ്പെടുന്നത് തന്നെയാണ് ഇതിന് കാരണം.” എന്ന ഉള്ളടക്കത്തോടെയുള്ള ലേഖനമാണ് പ്രചരിക്കുന്നത്.

wayanadvartha | archived link

ഡല്‍ഹി ഐ‌ഐ‌ടി യു‌പി‌ഐ പണവിനിമയ മാര്‍ഗത്തെ കുറിച്ച് നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത് എന്നു ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേഖനം ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

FB post archived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

യു‌പി‌ഐ പണവിനിമയ മാര്‍ഗത്തെ കുറിച്ച് ഡെല്‍ഹി ഐ‌ഐ‌ടിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് ലേഖനം പ്രസിദ്ധീകരിച്ചത് എന്നും വ്യക്തമാക്കിയ ലേഖനത്തില്‍ തുടര്‍ന്ന് സര്‍വേ ഫലങ്ങളെ കുറിച്ചാണ് പറയുന്നത്.

പണം ചിലവാക്കാനുള്ള മനോഭാവം യുപിഐ പണമിടപാടുകളില്‍ നേരിട്ട് പണം ചെലവാക്കുന്നതിലും കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കയ്യിലുള്ള കറന്‍സി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി കടകളിലും മറ്റ് ആവശ്യങ്ങള്‍ക്കും നല്‍കുമ്പോഴുള്ള വിഷമം യുപിഐ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്നില്ല. ഇതുകാരണം പണം ചിലവഴിക്കാനുള്ള ത്വര കൂടുതലുമാണ്. ഇന്ത്യയില്‍ 74 ശതമാനം പേരും ഇങ്ങനെ യുപിഐ വഴി അമിത ചെലവ് നടത്തുന്നുണ്ടെന്നാണ് ഐ ഐ ടി ഡല്‍ഹി നടത്തിയ ഒരു പഠനം പറയുന്നത്.അതായത് അറിയാതെ ചെലവ് ചെയ്യാനുള്ള പ്രവണത കൂട്ടാന്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കാരണമാകുന്നുണ്ട്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടനടി പണം നമ്മുടെ അക്കൗണ്ടില്‍ നിന്ന് പോകുന്നതും ഒടിപിയോ, ഇന്‍റര്‍നെറ്റോ വേണ്ടാത്ത പണമിടപാടുകള്‍ കൂടുന്നതും സൗകര്യം കൂട്ടുന്നതോടൊപ്പം പോക്കറ്റും കാലിയാക്കും എന്ന് ചുരുക്കം. അതോടൊപ്പം തന്നെ ഓണ്‍ലൈന്‍ വഴി വായ്പയെടുക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.”

ലേഖനം വായിച്ചു കഴിഞ്ഞാല്‍ യു‌പി‌ഐ ഇടപാട് മോശമാണെന്നും സമൂഹത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് മനസിലാക്കാന്‍ കഴിയുന്നത്. ഈ വിവരങ്ങളെല്ലാം ഐ‌ഐ‌ടി നടത്തിയ സര്‍വേയില്‍ പ്രതിഫലിക്കുന്നതാണ് എന്നും ലേഖനം സംവദിക്കുന്നു.

അതിനാല്‍ ഞങ്ങള്‍ ഐ‌ഐ‌ടി നടത്തിയ സര്‍വേ തിരഞ്ഞു. ഡെല്‍ഹി ഐ‌ഐ‌ടിയില്‍ നിന്നും ലീവെടുത്ത് ഇപ്പോള്‍ BITS PILANI യില്‍ അസ്സിസ്റ്റന്‍റ് പ്രൊഫസറായി ജോലി നോക്കുന്ന ധ്രുവ് കുമാര്‍, ഐ‌ഐ‌ടിയിലെ വിദ്യാര്‍ത്ഥികളായ ഹര്‍ഷ് ലാല്‍ദേവ്, രാജ് ഗുപ്ത എന്നിവരുമായി ചേര്‍ന്ന് “പണത്തിൽ നിന്ന് പണരഹിത വിനിമയത്തിലേയ്ക്ക്: ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ ചെലവഴിക്കുന്ന പെരുമാറ്റത്തിൽ യുപിഐയുടെ സ്വാധീനം” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സര്‍വേ പഠനം (archived link)ഞങ്ങള്‍ക്ക് ലഭിച്ചു.

“ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളുടെ ആവിർഭാവം വ്യക്തികൾ എങ്ങനെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നു, സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്നു. നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ആണ് ഇന്ത്യൻ സാമ്പത്തിക രംഗത്ത് തരംഗം സൃഷ്‌ടിക്കുന്ന ഒരു തകർപ്പൻ കണ്ടുപിടുത്തം. ഡിജിറ്റൽ പേയ്‌മെന്‍റുകൾ ഒരു രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും ജിഡിപിക്കും എങ്ങനെ പ്രയോജനം ചെയ്യുന്നു. UPI ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ വ്യക്തിഗത തലത്തിൽ ചെലവിടൽ സ്വഭാവത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഞങ്ങളുടെ പഠനം അന്വേഷിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 75% പേരും യുപിഐ കാരണം ചെലവഴിക്കല്‍ വർധിച്ചതായി റിപ്പോർട്ട് ചെയ്തു, 7% മാത്രമാണ് കുറഞ്ഞ ചെലവഴിക്കല്‍ സൂചിപ്പിച്ചത്. പ്രതികരിച്ചവരിൽ 91.5% പേരും തങ്ങളുടെ യുപിഐ ഉപയോഗത്തിൽ സംതൃപ്തി രേഖപ്പെടുത്തി. സർവേയിൽ പങ്കെടുത്തവരിൽ 95.2% പേരും യുപിഐ വഴി പണമടയ്ക്കുന്നത് സൗകര്യപ്രദമാണെന്ന് കണ്ടെത്തി.”

യു‌പി‌ഐ ഉപയോഗിച്ചുള്ള പണവിനിമയത്തെ കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ടില്‍ ഒരിടത്തും ഏതെങ്കിലും ഒരു യു‌പി‌ഐ പ്ലാറ്റ്ഫോമിന്‍റെ പേര് പരാമര്‍ശിക്കുന്നില്ല. അതായത് ഗൂഗോള്‍ പേ ഫോണ്‍ പേ എന്നിങ്ങനെ യാതൊരു പേരും പറയുന്നില്ല. യു‌പി‌ഐ മൂലം പണം ചെലവഴിക്കല്‍ വര്‍ദ്ധിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ യു‌പി‌ഐ തുടര്‍ന്ന് ഉപയോഗിക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

മാത്രമല്ല, ഐ‌ഐ‌ടി ഡെല്‍ഹിയുടെ യു‌പി‌ഐ ഉപയോഗത്തെ കുറിച്ചുള്ള സര്‍വെ റിപ്പോര്‍ട്ട് ആധാരമാക്കി പല മാധ്യമങ്ങളും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആളുകളുടെ ചെലവഴിക്കല്‍ യു‌പി‌ഐ മൂലം കൂടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും സാധാരണക്കാർ ഗൂഗിൾ പേയും ഫോൺ പേയും ഒഴിവാക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ പോലും പരാമര്‍ശമില്ല.

സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് യു‌പി‌ഐ ഉപയോഗത്തില്‍ സംതൃപ്തരാണ് എന്നാണ്.

സര്‍വേ റിപ്പോര്‍ട്ടില്‍ യു‌പി‌ഐ ഉപയോഗത്തെ ചുരുക്കത്തില്‍ ഇങ്ങനെ അവലോകനം ചെയ്യുന്നു: “ഇന്ത്യൻ ഉപയോക്താക്കൾക്കിടയിലെ ചെലവഴിക്കലില്‍ UPI യുടെ സ്വാധീനം മനസ്സിലാക്കാൻ ഞങ്ങൾ നടത്തിയ പഠനത്തില്‍ പണമിടപാടുകളെ മറികടന്ന് സൗകര്യവും തടസ്സമില്ലാത്ത സാമ്പത്തിക ഇടപാടുകളും യുപിഐ എങ്ങനെ പ്രാപ്തമാക്കിയെന്ന് വ്യക്തമായി. പണരഹിത സമ്പദ്‌വ്യവസ്ഥയില്‍ യുപിഐ നിർണായകവും ശ്രദ്ധേയവുമായ പങ്ക് വഹിക്കുകയും ഇന്ത്യയുടെ ജിഡിപിക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു. സര്‍വേ ചോദ്യങ്ങളും ഉപയോക്തൃ ശുപാർശകളും ഉപയോഗിച്ച് UPI ആപ്പ് സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ ചെലവ് മാനേജ്മെൻറ് സുഗമമാക്കുന്നതിനും പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകൾ നൽകിക്കൊണ്ട് ഞങ്ങളുടെ പഠനം അവസാനിക്കുന്നു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് പരിവർത്തന സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള യുപിഐ ഉപയോഗത്തെ പൊരുത്തപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത പഠനം ഉയർത്തിക്കാട്ടുന്നു.”

നിഗമനം

അധികം വൈകാതെ സാധാരണക്കാർ ഗൂഗിൾ പേയും ഫോൺ പേയും ഒഴിവാക്കുമെന്ന് ലേഖനത്തിന്‍റെ തലക്കെട്ടിലും ആദ്യത്തെ പാരഗ്രാഫിലും പരാമര്‍ശിച്ചിരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ യു‌പി‌ഐയുടെ സ്വാധീനത്തെ കുറിച്ച് ഡെല്‍ഹി ഐ‌ഐ‌ടി നടത്തിയ സര്‍വേ ആധാരമാക്കിയാണ് ലേഖനം തയ്യാറാക്കിയത്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ ഒരിടത്തും അധികം വൈകാതെ സാധാരണക്കാർ ഗൂഗിൾ പേയും ഫോൺ പേയും ഒഴിവാക്കുമെന്ന് പരാമര്‍ശമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വൈകാതെ സാധാരണക്കാർ ഗൂഗിൾ പേയും ഫോൺ പേയും ഒഴിവാക്കുമെന്ന് ഐ‌ഐ‌ടി ഡെല്‍ഹിയുടെ സര്‍വേ..? ലേഖനം തെറ്റിദ്ധരിപ്പിക്കുന്നത്... വസ്തുത ഇങ്ങനെ...

Written By: Vasuki S

Result: Misleading