
വിവരണം
ഏതാണ്ട് ഒന്നര മാസത്തിനു മുമ്പ് ഇന്ത്യ-ചൈന അതിർത്തി തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതിനു ശേഷം ഇന്ത്യൻ സൈന്യത്തിന് പല അതിർത്തി പ്രദേശങ്ങളിലും ഏറ്റുമുട്ടലുകൾ നേരിടേണ്ടി വരുന്നു എന്ന വാർത്തകള്‍ നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. ജമ്മു കശ്മീരിലെ സോപൂരിൽ ബുധനാഴ്ച സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തപ്പോൾ കൊല്ലപ്പെട്ട മുത്തച്ഛന്‍റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഇരിക്കുന്ന മൂന്നു വയസ്സ് മാത്രമുള്ള ബാലന്‍റെ ചിത്രം എല്ലാവരിലും നൊമ്പരമുണർത്തിയിരുന്നു. ബന്ധപ്പെട്ട ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൂന്നു വയസ്സുള്ള കുട്ടിയുടെ മുത്തച്ഛനേയും ഒരു ജവാനേയും കൊലപ്പെടുത്തിയ ലഷ്കർ ഭീകരനെ സൈന്യം കൊന്നൊടുക്കി. സല്യൂട്ട് ഇന്ത്യൻ ആർമി.. എന്നതാണ് വാർത്ത. ഒപ്പം ഭീകരന്‍റെ ചിത്രവും നൽകിയിട്ടുണ്ട്.

എന്നാൽ ഈ ചിത്രത്തിലെ ഭീകരനെ ഈ സംഭവത്തിനു മുമ്പുതന്നെ സൈന്യം വധിച്ചതാണ്. വാർത്തയുടെ യഥാർത്ഥ ചിത്രം ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോൾ പോസ്റ്റിലെ തീവ്രവാദിയെ മറ്റൊരു സന്ദർഭത്തിൽ സൈനികർ വധിച്ചതാണ് എന്ന വിവരം ലഭിച്ചു. സംഭവത്തെ പറ്റി എൻഡിടിവി പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെയാണ്: “അനന്ത്നാഗിലെ ബിജ്ബെഹാര പ്രദേശത്ത് സിആർപിഎഫ് 90 ബറ്റാലിയന്‍റെ നേരെ തീവ്രവാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ ഒരു സിആർപിഎഫ് ജവാനും എട്ട് വയസുള്ള ആൺകുട്ടിയും കൊല്ലപ്പെട്ടു.
തീവ്രവാദി സാഹിദ് ദാസ് ആണെന്നും ജെ.കെ.ഐ.എസ് സംഘത്തിൽ പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജെജിഐഎസ് സംഘത്തിലെ തീവ്രവാദിയായ സാഹിദ് ദാസ് ബിജ്‌ബെഹാരയിൽ ഇന്നത്തെ ആക്രമണത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ”കശ്മീർ മേഖല പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്….” വാർത്ത പ്രസിദ്ധീകരിച്ച തിയതി 2020 ജൂൺ 26 നാണ്.

സംഭവത്തെ പറ്റി നിരവധി വാര്‍ത്തകള്‍ ലഭ്യമാണ്.
ജമ്മു കാശ്മീരിലെ സോപോറിൽ മൂന്നു വയസ്സുകാരന്റെ മുത്തച്ഛൻ തീവ്രവാദികൾ സിആർപിഎഫ് ജവാന്മാരുടെ നേർക്ക് വെടിയുതിർക്കുന്നതിനിടെ കൊല്ലപ്പെട്ടത് 2020 ജൂലൈ ഒന്നാം തിയതി ആണെന്ന് വാർത്തകൾ അറിയിക്കുന്നു. സ്ക്രീൻഷോട്ടിലെ തിയതി ശ്രദ്ധിക്കുക

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിലെ സഹീദ് ദാസ് എന്ന തീവ്രവാദിയെ സൈന്യം വധിച്ചത് ജൂൺ 26 നാണ്. സോപോറിലെ തീവ്രവാദി ആക്രമണത്തിൽ ബഷീർ അഹ്‌മദ് ഖാൻ എന്ന വയോധികൻ) മൂന്നു വയസ്സുകാരന്റെ മുത്തച്ഛൻ) കൊല്ലപ്പെട്ടത് ജൂലൈ ഒന്നിനാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. മൂന്നു വയസ്സുള്ള കുട്ടിയുടെ മുത്തച്ഛനേയും ഒരു ജവാനേയും കൊലപ്പെടുത്തിയ തീവ്രവാദിയുടെ ചിത്രമല്ല ഇത്. ചിത്രത്തിലെ സഹീദ് ദാസ് എന്ന തീവ്രവാദിയെ സൈന്യം വധിച്ചത് മറ്റൊരു സന്ദർഭത്തിലാണ്.

Title:മൂന്നുവയസ്സുള്ള കുട്ടിയുടെ മുത്തച്ഛനെയും ജവാനെയും ഇല്ലാതാക്കിയതിന് സൈനികർ വധിച്ച തീവ്രവാദി ഇതല്ല…
Fact Check By: Vasuki SResult: False
