FACT CHECK: എം.എം.മണി ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ഈ പഴയ ചിത്രം ലോക്ഡൗണ്‍ നിലവിലില്ലാതിരുന്ന സമയത്തെതാണ്….

രാഷ്ട്രീയം | Politics

പ്രചരണം 

എം.പി. രമ്യ ഹരിദാസും മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍  ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു എന്നൊരു വാർത്ത മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.  എന്നാൽ നേതാക്കൾ ആരോപണം നിഷേധിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ഭക്ഷണം പാർസലായി നൽകാൻ മാത്രമാണ് അനുമതിയുള്ളത്. ഭക്ഷണം പാർസൽ വാങ്ങാൻ വന്നതാാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും രമ്യാ ഹരിദാസും വി ടി ബൽറാമും വിശദീകരിച്ചുവെന്നും ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിന്നതാണെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്ന് ഇവർ പറഞ്ഞുവെന്നും വാര്‍ത്തയുണ്ട്.

ഇതിന് പിന്നാലെ മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹവും മറ്റു മൂന്നു പേരും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വാചകങ്ങൾ ഇങ്ങനെയാണ്: “മണിയാശാൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാൽ ആര്‍ക്കാടാ കുഴപ്പം… സിപിഎമ്മുകാർക്ക് ഹോട്ടലിൽ പോയി ഇരുന്നും കിടന്നും കഴിക്കാം… ബാക്കിയുള്ളവർ ഹോട്ടലിലെ കസേരയിൽ ഒന്ന് ഇരിക്കാൻ പാടില്ല… പ്രോട്ടോകോൾ ലംഘനം ആകും.” 

archived linkFB post

അതായത് രമ്യ ഹരിദാസും ബി ടി ബൽറാമും ഹോട്ടൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രോട്ടോക്കോള്‍ ലംഘനമാകും, എന്നാൽ മണിയാശാൻ ഹോട്ടലില്‍ ഇരുന്ന് കഴിക്കുമ്പോൾ പ്രോട്ടോകോൾ ബാധകമല്ല  എന്നാണ് പോസ്റ്റ് വാദിക്കുന്നത്. എന്നാൽ ഇത് പൂർണമായും തെറ്റായ വാദമാണ്.  വിശദാംശങ്ങൾ പറയാം 

വസ്തുത ഇങ്ങനെ

സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് 2021 മാർച്ച് 25നാണ് ആണ് കര്‍ശന നിയന്ത്രണങ്ങള്‍ പോലുള്ള നടപടികൾ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പിന്നീട് മേയ് 8 മുതല്‍ സംസ്ഥാനത്ത്  ലോക്ഡൗണ്‍ നിലവില്‍ വന്നു. കഴിഞ്ഞ 2020 ല്‍ ഏര്‍പ്പെടുത്തിയ രീതില്‍ തന്നെയാണ് ഇത്തവണയും നിയന്ത്രണങ്ങള്‍. ഹോട്ടലുകളില്‍ നിന്ന് പാഴ്സലുകൾ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശമുണ്ട്.  

ഇപ്പോൾ പ്രചരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ഈ കഴിഞ്ഞ ദിവസങ്ങളിലേതാണ്.  അതായത് നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന സമയത്താണ് കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഭക്ഷണം കഴിച്ചു എന്നാണ് ആരോപണം ഉണ്ടാകുന്നത്.  എന്നാല്‍ എം.എം. മണിയുടെ ചിത്രം 2020 ലേതാണ്.  കോവിഡ് കേസുകള്‍ ആ സമയം കുറവായിരുന്നു. അതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. കൊല്ലം നിലമേൽ എന്ന സ്ഥലത്തെ ഹോട്ടലിൽ ആണ് ഭക്ഷണം കഴിച്ചത്. ഹോട്ടല്‍  അധികൃതർ അവരുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെറ്റായ വാദഗതിക്ക് വേണ്ടി എം.എം. മണിയുടെ പഴയ ചിത്രം ഉപയോഗിക്കുകയാണ്. 

വൈദ്യുതി മന്ത്രിയായിരുന്ന എം എം മണി മണി ലോക്ഡൗൺ നിലവിലില്ലാതിരുന്ന സമയത്ത് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഈ ചിത്രം 2020ലേതാണ്.  അന്ന് ലോക്ക്ഡൗൺ ഉണ്ടായിരുന്നില്ല. അന്ന് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല.  പഴയചിത്രം ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എം.എം.മണി ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ഈ പഴയ ചിത്രം ലോക്ഡൗണ്‍ നിലവിലില്ലാതിരുന്ന സമയത്തെതാണ്….

Fact Check By: Vasuki S 

Result: False