ചിത്രത്തിലുള്ളത് ബിജെപിയെ അനുകൂലിച്ച ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡന്റാണോ..?
വിവരണം
ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 18 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 3000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് " ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡണ്ട് നിധിൻ നായർ. അദ്ദേഹത്തിന്റെ അഭിപ്രായമായി "കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നുകൊണ്ടു തന്നെ പറയട്ടെ, എന്റെ അഭിപ്രായത്തിൽ ബിജെപി ഒരു വർഗീയ പാർട്ടിയല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ അവർക്കേ കഴിയൂ.. ഈ അഭിപ്രായത്തിന്‍റെ പേരിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ കുഴപ്പമില്ല. നിധിൻ നായർ (DYFI ചാലക്കുടി പ്രസിഡണ്ട്) മാക്സിമം ഷെയർ.." എന്ന വാചകങ്ങളും നിധിൻ നായരുടേത് എന്ന പേരിൽ ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.
"കേരളം മാറി ചിന്തിക്കുന്നു ...
ജയ്... ബിജെപി" എന്ന അടിക്കുറിപ്പും പോസ്റ്റിലുണ്ട്.
archived link | FB post |
ചാലക്കുടിയിലെ ഡിവൈഎഫ്ഐ പ്രസിഡന്‍റ് ബിജെപിയെ അനുകൂലിച്ചു സംസാരിച്ചു എന്നതാണ് പോസ്റ്റിലെ വാദം. ചിത്രത്തിൽ കാണുന്നത് ചാലക്കുടി ഡിവൈഎഫ്ഐ പ്രസിഡന്‍റ് നിതിൻ നായരാണ് എന്നും പോസ്റ്റിൽ പറയുന്നു. പ്രസിദ്ധീകരിച്ച് 72 മണിക്കൂറിനുള്ളിലാണ് പോസ്റ്റിന് ഇത്രയധികം ഷെയറുകൾ ലഭിച്ചിരിക്കുന്നത്. നമുക്ക് ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.
വസ്തുത വിശകലനം
ഞങ്ങൾ ഈ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചു നോക്കി. ഇതേ ചിത്രം ലഭ്യമായില്ല. എങ്കിലും ഈ ചിത്രത്തിൽ കാണുന്നത് ശ്രീലങ്കയിൽ നിന്നുമുള്ള ക്രിക്കറ്റ് താരമായ തിസാര പെരേര ആകാം എന്ന ചില സൂചനകൾ ലഭിച്ചു.
തുടർന്ന് ഞങ്ങൾ തിസാര പെരേരയുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ പരിശോധിച്ച് നോക്കി. അദ്ദേഹത്തിന്‍റെ ഔദ്യോഗിക പേജിൽ ഇതേ ചിത്രം നൽകിയിട്ടുണ്ട്.
archived link | Tisara perera FB page |
prothomalo | archived link |
അതായത് പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ഇത് നിതിൻ നായർ എന്ന് പേരുള്ള ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡന്‍റല്ല. ശ്രീലങ്കൻ ക്രിക്കറ്റ് താരം തിസാര പെരേര ആണ്.
ഇനി ചാലക്കുടിയിലെ ഡിവൈഎഫ്ഐ പ്രസിഡന്‍റ് ആരാണെന്ന് നോക്കാം. ഞങ്ങൾ സിപിഎം തൃശൂർ ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടപ്പോൾ അവിടെ നിന്നും ചാലക്കുടി ഏരിയ ഓഫീസ് സെക്രട്ടറി ഫഹദിന്‍റെ നമ്പർ ലഭിച്ചു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ ഡിവൈഎഫ്ഐ ചാലക്കുടിക്ക് ബ്ലോക്ക് പ്രസിഡന്‍റാണുള്ളത് എന്നും അദ്ദേഹത്തിന്‍റെ പേര് പിസി നിഖിൽ എന്നാണെന്നും അറിയിച്ചു. നിധിൻ നായർ എന്ന പേരിൽ ആരുംതന്നെ ചാലക്കുടി ഡിവൈഎഫ്ഐ പ്രവർത്തകരായി ഇല്ല എന്നും ഫഹദ് വ്യക്തമാക്കി. ഇത് വ്യാജ പ്രചാരണമാണെന്നും ഫഹദ് പറഞ്ഞു.
ഡിവൈഎഫ്ഐ ചാലക്കുടി ബ്ലോക്ക് പ്രസിഡന്‍റിന്‍റെ പേര് നിതിൻ നായർ എന്നല്ല പിസി നിഖിൽ എന്നാണെന്ന് ഡിവൈഎഫ്ഐ ഓഫീസ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. ചിത്രത്തിൽ നൽകിയിരിക്കുന്നത് ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന്റെ ചിത്രമാണ്. ചാലക്കുടി ബ്ലോക്ക് ഡിവൈഎഫ്ഐ പ്രസിഡന്‍റിന്‍റെ പേര് നിധിൻ നായർ എന്നല്ല പിസി നിഖിൽ എന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജമായ വിവരങ്ങളാണ്. ശ്രീലങ്കൻ ക്രിക്കറ്റ് താരമായ തിസാര പെരേരയുടെ ചിത്രം ചാലക്കുടി ഡിവൈഎഫ്ഐ പ്രസിഡന്‍റിന്‍റെത് എന്ന മട്ടിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ വ്യാജമായി ഉപയോഗിക്കുകയാണ്. ചാലക്കുടി ബ്ലോക്ക് പ്രസിഡന്‍റാണ് ഡിവൈഎഫ്‌ഐക്ക് ഉള്ളത്. അദ്ദേഹത്തിന്റെ പേര് പിസി നിഖിൽ എന്നാണ്. അതിനാൽ തെറ്റിദ്ധാരണ പരത്തുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക
Title:ചിത്രത്തിലുള്ളത് ബിജെപിയെ അനുകൂലിച്ച ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡന്റാണോ..?
Fact Check By: Vasuki SResult: False