
വിവരണം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്വാതന്ത്ര്യ ദിനം ആശംസിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പതാക മാറിപ്പോയി എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. HAPPY INDEPENDENCE DAY TO ALL OF US!! എന്ന സന്ദേശത്തോടൊപ്പം അജിത് ഡോവല്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലെ വൈറല്‍ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത് ഈജിപ്റ്റിന്‍റെ പതാകയാണെന്നതാണ് ആക്ഷേപം. അജിത് ഡോവലിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 130ല്‍ അധികം റിയാക്ഷനുകളും 83ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.


എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഇന്ത്യയുടെ പതാക മാറി സ്വാതന്ത്ര്യദിനാശംസകള്‍ പങ്കുവെച്ചിട്ടുണ്ടോ? ഫെയ്‌സ്ബുക്ക് പേജ് യഥാര്‍ത്ഥത്തില്‍ അജിത് ഡോവലിന്‍റേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക പേജില്‍ ഇത്തരമൊരു വീഴ്ച്ച സംഭവിക്കുമോ എന്നത് നാം എല്ലാവരും ചിന്തിക്കുന്നുണ്ടാവും. ഇമോജിയിലുള്ള പതാകകളുടെ കൂട്ടത്തില്‍ നിന്നും ഇന്ത്യയുടെ പതാകയോട് സാമ്യമുള്ള ഈജിപ്തിന്‍റെ പതാകയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്ന അജിത് ഡോവല്‍ എന്ന പേജ് വേരിഫൈഡ‍് അല്ല എന്നതും സംശയമുളവാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ പേജിന്‍റെ അബൗട്ട് വിഭാഗം പരിശോധിച്ചപ്പോള്‍ ഇതൊരു ഫാന്‍ പേജ് മാത്രമാണെന്ന ഡിസ്ക്രപ്ഷന്‍ നല്‍കിട്ടുണ്ടെന്നത് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. അതായത് അജിത് ഡോവലിന്‍റെ സ്വന്തം നിയന്ത്രണത്തിലോ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടല്ല ഇതെന്ന് വ്യക്തമായി കഴിഞ്ഞു. ഏതോ ഒരു വ്യക്തി അദ്ദേഹത്തിന്‍റെ പേരില്‍ ആരംഭിച്ച ഫാന്‍ പേജില്‍ അയാളുടെ സ്വന്തം ഇഷ്ടപ്രകാരം പങ്കുവെച്ചിരിക്കുന്ന സ്വാതന്ത്ര്യദിനാശംസകളുടെ പോസ്റ്റിലാണ് ഇന്ത്യന്‍ പതാകയ്ക്ക് പകരം ഈജിപ്റ്റിന്‍റെ പതാക ഉപയോഗിച്ചിരിക്കുന്നത്.
പേജിന്‍റെ അബൗട്ട് പരിശോധിക്കുമ്പോള്‍ ഫാന്‍ പേജാണെന്ന് ഡിസ്ക്രിപ്ഷന്‍ നല്‍കിയിരിക്കുന്നത് കാണാം (ഹിന്ദിയിലാണ് എഴുതിയിരിക്കുന്നത്)-

ഫാന്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്-

ഈജിപ്റ്റിന്‍റെ പതാക-

മാത്രമല്ല ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും അജിത് ഡോവലിന് യഥാര്‍ത്ഥത്തില്‍ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകളില്ലെന്ന് വസ്‌തുത കണ്ടെത്താനും കഴിഞ്ഞു. ഔദ്യോഗികമായി ട്വിറ്ററോ ഫെയ്‌സ്ബുക്കോ അദ്ദേഹത്തിനില്ല.
നിഗമനം
അജിത് ഡോവലുമായി ബന്ധവുമില്ലാത്ത ഏതോ ഒരു വ്യക്തി ആരംഭിച്ച അജിത് ഡോവല്‍ എന്ന ഫാന്‍ പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിലെ തെറ്റ് ചൂണ്ടിക്കാണിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം എന്നത് വ്യക്തമായി കഴിഞ്ഞു. പതാക മാറി സ്വാതന്ത്ര്യദിനാശംസകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഫാന്‍ പേജിലാണ്. അതുകൊണ്ട് ഈ സംഭവത്തെ കുറിച്ചുള്ള എല്ലാ പ്രചരണങ്ങളും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ഇന്ത്യന്‍ പതാകയ്ക്ക് പകരം ഈജിപ്റ്റിന്‍റെ പതാക; അജിത് ഡോവലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റാണോ ഇത്?
Fact Check By: Dewin CarlosResult: False
