
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. എന്നാല്‍ രാഷ്ട്രീയ ആനുകൂല്യത്തിനായി സിപിഎം ശ്രീരാമ ലക്ഷ്മണന്മാരെ കൂട്ടുപിടിക്കുന്നുവെന്ന വിമര്‍ശനവുമായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. സാമൂഹിക പരിഷ്കർത്താക്കളുടെയും ചരിത്ര സമര നേതാക്കളുടെയും ഒപ്പം രാമ-ലക്ഷ്മണന്‍മാരുടെ ചിത്രങ്ങളുമായി ഡിവൈഎഫ്ഐ കർണാടകയുടെ 12 മത് സംസ്ഥാന സമ്മേളനത്തില്‍ പോസ്റ്റര്‍ ഇറക്കിയെന്നാണ് പ്രചരണം.
പ്രചരണം
ഇന്ത്യയുടെ നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരു രവീന്ദ്രനാഥ ടാഗോർ ഗാന്ധിജി നേതാജി സുഭാഷ് ചന്ദ്ര ബോസ് കൂടാതെ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേര കർണാടകയിലെ തത്വചിന്തകൻ ആയിരുന്ന ബസ്സ വണ്ണ ഡോ. ബി ആർ അംബേദ്കർ തുടങ്ങിയവരെയും ചിത്രത്തിൽ കാണാം. അമ്പും വില്ലുമായി നിൽക്കുന്ന രണ്ടു പുരുഷന്മാരുടെ ചിത്രവും ഇതിൽ കാണാം. പുരാണ കഥാപാത്രങ്ങളുടേത് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച ഇരുവർക്കും ഒരേ മുഖവും പിരിച്ചുവച്ച മീശയും കാണാം. ഇത് ശ്രീരാമനും ലക്ഷ്മണനും ആണ് എന്ന് പരിഹസിച്ച് പോസ്റ്ററിന്‍റെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ഇതൊക്കെ ഫോണിൽ സ്റ്റോർ ചെയ്തു വച്ചേക്കണേ കൊങ്ങികളെ ആവശ്യം വരും Dyfi കർണാടക യുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ dyfi യുടെ പഴയ കാല ദേശീയ നേതാക്കളായ സ:രാമനും, സ, ലക്ഷ്മണനും ഉണ്ടല്ലോ…😂😂”

എന്നാൽ അമ്പും വില്ലും പിടിച്ച് നിൽക്കുന്നത് ശ്രീരാമലക്ഷ്മണന്മാർ അല്ലെന്നും കർണാടകയിലെ സാമൂഹിക പരിഷ്കർത്താക്കൾ ആയിരുന്ന കോട്ടി-ചെന്നയ്യ സഹോദരന്മാരാണ് എന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഇതേപ്പറ്റി ഞങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കന്നഡ ഭാഷയിലുള്ള ഈ പോസ്റ്റർ 2024 ഫെബ്രുവരി 25 മുതൽ 27 വരെ മംഗലാപുരത്ത് വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന സമ്മേളനത്തിന്‍റെതാണ് എന്നു വ്യക്തമായി. ഡി വൈ എഫ് ഐ കർണാടകയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതേ ചിത്രം നൽകിയിട്ടുണ്ട്.
യഥാർഥത്തിൽ ഇത് കര്‍ണ്ണാടകയിലെ നവോഥാന നേതാക്കളായിരുന്ന കോട്ടി ബൈദ്യ, ചെന്നയ്യ ബൈദ്യ എന്നിവരാണ്. അല്ലാതെ രാമലക്ഷ്മണന്മാരല്ല. തുളുനാട്ടിലെ (തീരദേശ കർണാടക ഉൾപ്പെടുന്ന പ്രദേശം) ജനങ്ങൾ പണ്ടുകാലം മുതലേ ആരാധിക്കുന്നവരാണ് ഇരട്ട സഹോദരങ്ങളായ കോട്ടി ബൈദ്യയും ചെന്നയ്യ ബൈദ്യയും. ഗരോഡി എന്നാണ് കോട്ടി-ചെന്നയ്യമാരുടെ ആരാധനാലങ്ങൾ അറിയപ്പെടുന്നത്. 1500-കളിൽ ജീവിച്ചിരുന്നു എന്ന് കരുതുന്ന ഇവരുടെ കോലങ്ങൾ (മലബാറിലെ തെയ്യങ്ങൾക്ക് സമാനമായ കലാരൂപം) തുളുനാട്ടിൽ കെട്ടിയാടാറുണ്ട്. താഴെക്കിടയിലുള്ള ബില്ലവ സമുദായത്തിൽ പിറന്ന ഇവർ യോദ്ധാക്കൾ മാത്രമല്ല ജാതീയതയ്ക്കെതിരെ ശക്തമായി പോരാടിയവരായിരുന്നുവെന്ന് ചരിത്രം പറയുന്നു.
കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കര്‍ണ്ണാടക ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് മുനീര്‍ കട്ടിപ്പല്ലയുമായി സംസാരിച്ചു. “ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‍റെ പോസ്റ്ററാണിത്. കര്‍ണാടകയുടെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളായ കോട്ടി-ചെന്നയ്യ സഹോദരന്മാരാണ്. അല്ലാതെ രാമ-ലക്ഷ്മണന്മാരല്ല. ചിത്രത്തിലെ സഹോദരന്‍മാര്‍ക്ക് കട്ടിമീശ ഉള്ളത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. രാമലക്ഷ്മണന്മാരുടെ മീശവച്ച ചിത്രങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. പോസ്റ്ററിലുള്ള മറ്റുള്ളവരും ചരിത്ര നേതാക്കളാണ്. മതവുമായി ബന്ധപ്പെട്ടവരല്ല. ഗാന്ധിജി അംബേദ്കര്‍ എന്നിവരെ എല്ലാര്‍ക്കും അറിയാം. കന്നഡ മണ്ണില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍. സമത്വവും സാഹോദര്യവും മനുഷ്യര്‍ക്കിടയില്‍ നിലനിര്‍ത്തുക എന്നതാണു ഞങ്ങളുടെ പാര്‍ട്ടിയുടെ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന ലക്ഷ്യം. അതിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് എന്നും ഞങ്ങളുടെ മാതൃകകള്‍.”
നിഗമനം
ഡിവൈഎഫ്ഐ കർണാടക സംസ്ഥാന സമ്മേളനത്തിന്‍റെ പോസ്റ്ററിൽ കാണുന്നത് രാമലക്ഷ്മണന്മാരുടെ ചിത്രമല്ല. കര്‍ണ്ണാടകയിലെ സാമൂഹിക പരിഷ്‌കർത്താക്കളും യോദ്ധാക്കളുമായിരുന്ന കോട്ടി- ചെന്നയ്യ സഹോദരന്മാരുടെ ചിത്രങ്ങളാണ് രാമലക്ഷ്മണന്മാരുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Title:കര്‍ണ്ണാടക ഡിവൈഎഫ്‌ഐ പോസ്റ്ററില്‍ രാമലക്ഷ്മണന്മാര്‍..? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
Written By: Vasuki SResult: False
