നേഴ്‌സുമാരുടെ മിനിമം വേതന വ്യവസ്ഥ കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലേ...?
വിവരണം
Marunadan Malayali എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 16 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. "നേഴ്‌സുമാരുടെ മിനിമം ശമ്പളം എന്ന ആവശ്യത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍… ജാസ്മിൻ ഷായെ അകത്താക്കാനുള്ള താൽപര്യം പോലും നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ കാണിക്കുന്നില്ല; മിനിമം ശമ്പളം നൽകണമെന്ന സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ല; മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നതിന്‍റെ വക്കോളമെത്തിയിട്ടും ഒരു താൽപര്യവും കാണിക്കാത്തത് കേരളം മാത്രം; മാലാഖമാരോട് ചെകുത്താന്റെ പണി തുടർന്ന് പിണറായി സർക്കാർ" എന്ന വിവരണത്തോടെ വാർത്തയുടെ വീഡിയോയാണ് പോസ്റ്റിലുള്ളത്.
അവതാരക വാർത്തയിലൂടെ പറയുന്നത് ഇങ്ങനെയാണ്: “നേഴ്‌സുമാരുടെ മിനിമം വേതനം എന്ന ആവശ്യം കേരളം സർക്കാർ അംഗീകരിക്കുന്നില്ല. സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള ശമ്പളത്തിന് വേണ്ടിയാണ് നേഴ്‌സുമാർ സമരം ചെയ്തത്. സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള സമിതി അന്വേഷണം നടത്തിയ റിപ്പോർട്ട് കേരളം ഇനിയും നടപ്പിലാക്കിയിട്ടില്ല. നേഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകൾ നവീകരിക്കാൻ സംസ്ഥാനങ്ങൾ മാർഗ്ഗരേഖയോ നിയമ നിർമാണമോ നടത്തണമെന്ന് കേന്ദ്രം നിയോഗിച്ച പ്രൊഫ: ജഗദീഷ് പ്രസാദ് കമ്മറ്റി നിർദേശിച്ചു. നേഴ്‌സുമാരുടെ സമരത്തിന് നേതൃത്വം നൽകിയ യൂണിയൻ നേതാവ് ജാസ്മിൻ ഷായെ അകത്തിടാൻ ശ്രമിച്ചു.
കഴിഞ്ഞ വര്ഷം ഇറക്കിയ വിജ്ഞാപനം സുപ്രീം കോടതി സമിതിയുടെ ശുപാർശയ്ക്കൊത്തു തുല്യമാകുന്നില്ല എന്ന് ഇന്ത്യൻ പ്രഫഷണൽ നേഴ്‌സസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. 2013 ൽ സുപ്രീം കോടതി നിയോഗിച്ച മിനിമം വേതനം ലഭിക്കാത്ത ആശുപത്രി ജീവനക്കാർ ഇനിയുമുണ്ട്...." എന്നിങ്ങനെയാണ് വാർത്തയിൽ പറയുന്നത്. കൂടാതെ ആശുപത്രിയുടെ നിലവാരവും വേതന വ്യവസ്ഥയുടെ മാനദണ്ഡവും വാർത്തയിൽ വിവരിക്കുന്നുണ്ട്.
archived link | FB post |
കേരളം ഒഴികെ ചില സംസ്ഥാനങ്ങൾ നേഴ്‌സുമാരുടെ വേതന വ്യവസ്ഥ നടപ്പിലാക്കിയെന്നും മറ്റു ചില സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കാൻ കമ്മറ്റിയെ നിയോഗിച്ചു കഴിഞ്ഞുവെന്നും വാർത്തയിൽ അവകാശപ്പെടുന്നു.
വാർത്തയിലെ പ്രധാന ആരോപണം സുപ്രീം കോടതി നിഷ്ക്കർഷിച്ച നേഴ്‌സുമാരുടെ ശമ്പള വർദ്ധനവ് കേരള സർക്കാർ നടത്തിയിട്ടില്ല എന്നാണ്. നമുക്ക് ഈ വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
കേരള സർക്കാർ നേഴ്‌സുമാരുടെ വേതന വ്യവസ്ഥ നടപ്പിലാക്കിയോ എന്ന വിഷയത്തെ പറ്റി വന്ന വാർത്തകൾ ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു. നേഴ്സുമാരുടേതടക്കമുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ച കൊണ്ടുള്ള വിജ്ഞാപനം കേരളം സർക്കാർ 2016 ഏപ്രിൽ 23 നു പുറത്തിറക്കിയിട്ടുണ്ട്. നേഴ്‌സുമാർ ശമ്പള വർദ്ധനയ്ക്കായി നടത്തുന്ന സമരത്തിന് അനുകൂലമായി അവരുടെ ശബളം വർദ്ധിപ്പിക്കാനുള്ള നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കുമെന്ന് മിനിമം വേതന ഉപദേശക സമിതി തീരുമാനമെടുത്തതായി ചെയർമാൻ പി കെ ഗുരുദാസൻ അറിയിച്ചു എന്ന വാർത്ത മനോരമ 2018 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | manoramaonline |
2018 ഏപ്രിൽ മാസം 23 ന് പുതുക്കിയ വേതന നിരക്കുകളുമായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അതിൽ അടിസ്ഥാന ശമ്പളത്തെ പറ്റിയും കിടക്കയുടെ എണ്ണവും സൗകര്യവും കണക്കാക്കി ആശുപത്രികൾ തരംതിരിച്ചിരിക്കുന്നതിനെ പറ്റിയും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
lc.kerala.gov | archived link |
കൂടുതൽ വിവരങ്ങൾ അറിയാനായി സംസ്ഥാന തൊഴിൽ വകുപ്പുമായി ഞങ്ങൾ ബന്ധപ്പെട്ടു. അവിടെ നിന്നും പബ്ലിക്ക് റിലേഷൻസ് ഓഫീസറായ മോഹൻദാസ് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ് : "ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം വസ്തുതാപരമായിത്തന്നെ തെറ്റാണ്. സംസ്ഥാന സർക്കാർ നേഴ്സുമാരുടേതടക്കം വേതന വ്യവസ്ഥ 2018 ൽ പുതുക്കി വിജ്ഞാപനം ഇറക്കിയിരുന്നു. വേതന നിരക്കിന് സർക്കാരിന് ഉപദേശക സമിതിയുണ്ട്. അവരുടെ ശുപാർശ പ്രകാരമാണ് തീരുമാനം. കേരളം നേഴ്സുമാരുടെ വേതന വ്യവസ്ഥ നടപ്പാക്കിയ രേഖകൾ നിലവിലുള്ളപ്പോൾ എങ്ങനെയാണ് ഇത് നടപ്പാക്കിയിട്ടില്ല എന്ന് പറയാൻ കഴിയുക..? മാത്രമല്ല, നേഴ്‌സിങ് സ്റ്റുഡഡന്‍റ്സിന് സ്റ്റൈഫന്‍റ് നൽകണം എന്നുണ്ടല്ലോ.. അതു പോലും സർക്കാർ ഉത്തരവിലുണ്ട്. മിക്കവാറും എല്ലാ ഹോസ്പിറ്റലിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിനെതായി പ്രവർത്തിക്കുന്ന ആശുപത്രികളെ കുറിച്ച് റിപ്പോർട്ടുകൾ ലഭിക്കുമ്പോഴോ അല്ലെങ്കിൽ ശ്രദ്ധയിൽ പെട്ടാലോ നിയമ നടപടി സർക്കാർ സ്വീകരിക്കുന്നതിൽ ഇപ്പോൾ കോടതി വിലക്കുണ്ട്.
കൂടുതൽ വിവരങ്ങൾ തൊഴില്‍ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പിഎം ഫിറോസിന് നൽകാൻ കഴിയും."
തുടർന്ന് ഞങ്ങളുടെ പ്രതിനിധി പിഎം ഫിറോസുമായി സംസാരിച്ചു. അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ് :“മിനിമം വേതന ഉപദേശക സമിതി എന്നൊരു സ്ഥിരം സംവിധാനം സർക്കാരിനുണ്ട്. കാലാകാലങ്ങളിൽ ഇത്തിലെ അംഗങ്ങളെ പുതുക്കും എന്നുമാത്രം. ഈ സമിതിയുടെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റിയാണ് ഹോസ്പിറ്റൽ മേഖലയിലെ നേഴ്‌സുമാരുടെ വേതന വ്യവസ്ഥ സംബന്ധിച്ച പ്രൊപോസൽ തയ്യാറാക്കിയത്. സുപ്രീംകോടതി നിർദേശിച്ചത് പ്രകാരമുള്ള തുകയല്ല സംസ്ഥാന സർക്കാർ തീരുമാനിച്ചത് എന്ന് പറയുന്നത് തന്നെ വസ്തുതാപരമായി തെറ്റാണ്. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ഒരു പ്രൊപോസൽ മാത്രമാണത്. അതുകൂടി പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. അതുകൂടി പരിശോധിച്ച ശേഷം തന്നെയാണ് 20000 രൂപ മിനിമം വേതനമുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്. നേഴ്സുമാർക്ക് മിനിമം 20000 രൂപ ശമ്പളം കിട്ടുന്ന രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. ഇത് കൊടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തൊഴിൽ നിയമമനുസരിച്ച് നടപടി സ്വീകരിക്കുന്ന കാര്യം കോടതി തടഞ്ഞിരിക്കുകയാണ്.ഇതാണ് ഇപ്പോഴുള്ള ലീഗൽ പൊസിഷൻ. ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ പരാതിയിന്മേലാണ് കോടതി സ്റ്റേ പ്രഖ്യാപിച്ചത്."
സ്റ്റേയെ സംബന്ധിച്ച് മനോരമ 2018 ജൂലൈ 10 നു പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു.
archived link | manoramaonline |
200 കിടക്കകളുള്ള ആശുപത്രിയില്‍ നേഴ്സിന് സര്ക്കാര്‍ ആശുപത്രിയിലെ നേഴ്സിന് തുല്യമായ വേതനം ലഭിക്കണം എന്ന 2011 ലെ കേന്ദ്ര കമ്മറ്റി ശുപാര്‍ശ പൂര്‍ണ്ണമായും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. കൂടാതെ 100 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ തുല്യ ഗ്രേഡിലുള്ള നേഴ്സുമാര്‍ക്ക് ലഭിക്കുന്നതിന്‍റെ 10% ത്തില്‍ കുറയാതെയുള്ള ശംബളം ലഭിക്കണം എന്നും കമ്മറ്റി ശുപാര്‍ശയുണ്ടായിരുന്നു. ഈ രണ്ടു കാര്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല. മറുനാടന്‍ വാര്‍ത്തയില്‍ ഇക്കാര്യം നല്കിയിട്ടുണ്ട്. അതിന് തൊഴില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഫിറോസ് നല്കിയ വിശദീകരണം : “കമ്മറ്റി ശുപാര്‍ശ കൂടി കണക്കിലെടുക്കണം എന്നതാണ് കോടതി നിര്‍ദേശം. അത് കണക്കിലെടുത്ത് ആശുപത്രി അധികൃതരും സര്‍ക്കാര്‍ കമ്മറ്റിയും നേഴ്സുമാരുടെ സംഘടനയും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്.”
പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്തയില്‍ കേരളം കമ്മറ്റിയുടെ നിര്‍ദേശം നടപ്പിലാക്കിയിട്ടില്ല എന്നാണ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ഏതാനും സംസ്ഥാനങ്ങള്‍ വിജ്ഞാപനം ഇറക്കിയെന്നും കേരളം അതില്‍ ഉള്‍പ്പെടുന്നില്ല എന്നുമാണ്. എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണ്.
മുകളിൽ നൽകിയ വസ്തുതകൾ പരിശോധിക്കുമ്പോൾ മറുനാടൻ നൽകിയ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്ന് അനുമാനിക്കാം. വാര്‍ത്തയിലെ രണ്ടു ആരോപണങ്ങള്‍ സത്യമാണ്. 200, 100 കിടക്കലുള്ള ആശുപത്രിയില്‍ കമ്മറ്റി ശുപാര്‍ശ ചെയ്ത ശംബളം വിജ്ഞാപനത്തില്‍ നല്‍കിയിട്ടില്ല. എന്നാല്‍ നേഴ്സുമാരുടെ ശമ്പള വര്‍ദ്ധനയ്ക്കെതിരെ സര്‍ക്കാര്‍ മുഖം തിരിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
നിഗമനം
ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ ചിലത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ്. നേഴ്‌സുമാരുടെ വേതന വ്യവസ്ഥ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നടപ്പിലാക്കിയെന്ന് കേരളത്തിലെ തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം എന്നത് വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.അപ്ഡേറ്റ് : മറുനാടന്‍ വാര്‍ത്താ വിഭാഗം ചൂണ്ടിക്കാട്ടിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ലേഖനം തിരുത്തിയിട്ടുണ്ട്. 200-100 കിടക്കകളുള്ള ആശുപതിയിലെ നേഴ്സുമാര്‍ക്ക് സര്‍ക്കാരാശുപത്രിയിലെ നേഴ്സുമാര്‍ക്ക് തുല്യമായ വേതന വ്യവസ്ഥ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു എന്ന കാര്യം ഞങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്തയില്‍ കേരളം നേഴ്സുമാരുടെ വേതന വര്‍ദ്ധന കേരളം നടപ്പിലാക്കിയിട്ടില്ല എന്ന ആരോപണം തെറ്റാണ്.
Title:നേഴ്‌സുമാരുടെ മിനിമം വേതന വ്യവസ്ഥ കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലേ...?
Fact Check By: Vasuki SResult: Mixture