കൊൽക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിക്കുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ 31കാരിയായ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ് സംഭവം. അവരുടെ മൃതദേഹം 2024 ഓഗസ്റ്റ് 9 ന് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തി.

സംഭവം രാജ്യം മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ അവസാന നിമിഷങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം

മുഖത്തും കഴുത്തിലും മാരക മുറിവുകളുമായി ഒരു പെണ്‍കുട്ടി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. കൊൽക്കത്തയിലെ ആർജി മെഡിക്കൽ കോളേജിലെ ഇരയായ ജൂനിയർ വനിതാ ഡോക്ടറുടെ അവസാന വീഡിയോയാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*_@RGkar ഹോസ്പിറ്റൽ ബലാത്സംഗ സംഭവം...ഡോ. മൗമിതയുടെ അവസാന മൂവ്‌മെൻ്റ് സെൽഫി വീഡിയോ പുറത്ത്.😢*

* *അവളുടെ തൊണ്ടയ്ക്ക് ഗുരുതരമായി പരിക്കേറ്റു.*

* *സംസാരിക്കാൻ കഴിഞ്ഞില്ല*

* *ഈ വീഡിയോക്ക് ശേഷം..ക്രൂരത നടന്നു.*

*കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിൽ വച്ച് ഡോ. മൗമിത തൻ്റെ അവസാന നിമിഷങ്ങളിൽ എടുത്ത ഒരു കിടിലൻ സെൽഫി വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വേദന പറഞ്ഞറിയിക്കാനാകാതെ തൊണ്ടയിൽ ഗുരുതരമായി മുറിവേറ്റ ഡോ. മൗമിതയെ വീഡിയോയിൽ കാണാം. പിന്നീട് അവളെ ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.*

*😱 ഈ ഹീനമായ കുറ്റകൃത്യം സമൂഹത്തിൽ ഞെട്ടലുണ്ടാക്കി, ഡോ. മൗമിതയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്നു. പ്രത്യേകിച്ച് മമത സർക്കാരിൽ ഇത്തരം അതിക്രമങ്ങൾക്കെതിരെ വേഗത്തിലുള്ള നടപടികളും സുരക്ഷാ നടപടികളുടെ ആവശ്യകതയും ഈ സംഭവം ഉയർത്തിക്കാട്ടുന്നു.🙄😡*

*#ജസ്റ്റിസ് ഫോർ മൗമിത 😢*”

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ദൃശ്യങ്ങളിലുള്ളത് കൊല്ലപ്പെട്ട ഡോക്ടറല്ല.

വസ്തുത ഇങ്ങനെ

കൊല്ലപ്പെട്ട ഡോ. മൗമിത അവസാന നിമിഷങ്ങൾ റെക്കോർഡുചെയ്‌ത് അമ്മയ്ക്ക് അയച്ചുവെന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. എന്നാൽ, അങ്ങനെയൊരു വീഡിയോ അയച്ചിട്ടില്ലെന്ന് മൗമിതയുടെ അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോ ദൃശ്യങ്ങളിലുള്ളത് സീനത്ത് റഹ്മാന്‍ എന്ന കോല്‍ക്കത്തയിലുള്ള ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് എന്നു വ്യക്തമാക്കി പോസ്റ്റു ചെയ്ത ഒരു ട്വീറ്റ് X പ്ലാറ്റ്ഫോമില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു. മറ്റൊരു ഫേസ്ബുക്ക് യൂസറും ഇത് സീനത്ത് റഹ്മാന്‍ എന്ന ആര്‍ട്ടിസ്റ്റ് സൃഷ്ടിച്ച വീഡിയോ ആണെന്ന് വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സീനത്ത് റഹ്മാന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ലഭിച്ചെങ്കിലും അവ ലോക്ക് ചെയ്ത നിലയിലാണ്. എന്നാല്‍ ചില പോസ്റ്റുകള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമാണ്. റേപ്പിനെതിരെ 2020 ല്‍ അവര്‍ മേക്കപ്പിലൂടെ പ്രതീകാത്മകമായി നടത്തിയ പ്രതിഷേധത്തിന്‍റെ ഒരു പോസ്റ്റ് താഴെ കാണാം:

തെലുഗു പോസ്റ്റ് എന്ന മാധ്യമം സീനത്ത് റഹ്മാനുമായി സംസാരിച്ചിരുന്നുവെന്നും കൊല്‍ക്കത്ത സംഭവത്തോടുള്ള തന്‍റെ പ്രതിഷേധം ഇങ്ങനെ പ്രകടിപ്പിച്ചതാണെന്നും അവര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് കണ്ടെത്തലുകൾ:

ആശുപത്രി വളപ്പിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. മൌമിതയുടെ പരിക്കുകളുടെ തീവ്രതയും മരണത്തിന്‍റെ സാഹചര്യവും കണക്കിലെടുക്കുമ്പോൾ, ആക്രമണത്തിനിടയിലോ ശേഷമോ അവൾ സ്വയം വീഡിയോ റെക്കോർഡ് ചെയ്തിരിക്കാൻ സാധ്യതയില്ല.

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വീഡിയോകളുടെ പ്രചാരം ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും ഇരയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും വിഷമത്തിലാക്കുകയും ചെയ്തു.

കൊൽക്കത്ത പോലീസ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഫോഴ്‌സിലെ സിവിലിയൻ വോളണ്ടിയർ സഞ്ജയ് റോയ് എന്ന് തിരിച്ചറിഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനാൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം രാത്രി, ഇര വിശ്രമിക്കുന്ന സെമിനാർ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് രോഗിയുടെ ബന്ധുവിനൊപ്പം ഇയാള്‍ മദ്യപിച്ചതായി പറയപ്പെടുന്നു. കുറ്റകൃത്യം ചെയ്ത ശേഷം പുലർച്ചെ നാലരയോടെയാണ് ഇയാൾ സ്ഥലംവിടുന്നത് കണ്ടത്. അറസ്റ്റിന് ശേഷം ഇയാൾ കുറ്റം സമ്മതിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) മറ്റ് മെഡിക്കൽ അസോസിയേഷനുകളും പണിമുടക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കുള്ളിലെ പ്രതിഷേധത്തിന് പുറമേ, ബംഗ്ലാദേശ് പോലുള്ള സ്ഥലങ്ങളിൽ ഐക്യദാർഢ്യത്തോടെ റാലികൾ സംഘടിപ്പിച്ചതോടെ കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു.

നിഗമനം

കൊൽക്കത്ത ബലാത്സംഗ കൊലപാതകക്കേസിലെ ഡോക്ടറുടെ അവസാന നിമിഷങ്ങൾ കാണിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത് കൊല്ലപ്പെട്ട ഡോക്ടറല്ല. കൊല്‍ക്കത്തയിലെ സംഭവത്തിനെതിരെ സീനത്ത് റഹ്മാന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് നടത്തിയ പ്രതീകാത്മക പ്രതിഷേധത്തിന്‍റെതാണ് ദൃശ്യങ്ങള്‍.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങള്‍ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ഡോക്ടറുടെതല്ല, സത്യമിങ്ങനെ...

Fact Check By: Vasuki S

Result: False