അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണവും നടത്തിപ്പും നോക്കുന്നതിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർഥ ട്രസ്റ്റ് ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടത്താന്‍ ഒരുങ്ങുകയാണ്.

ജനുവരി 22 ന് പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറക്കും. മകരസംക്രാന്തിക്ക് ശേഷം ജനുവരി 16 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. കേരളത്തില്‍ നിന്നും മാതാ അമൃതാനന്ദമയിക്കും ചലചിത്ര താരം മോഹന്‍ലാലിനും ക്ഷണം ലഭിച്ചതായി പറയുന്നു. ഇതിനിടെ സരയൂ തീരത്ത് നിന്നുള്ള ലൈറ്റ് ഷോ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ മനോഹരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അയോധ്യയിലെ സരയൂ നദീതീരത്തുനിന്നാണ് അതിമനോഹരമായ ലൈറ്റിംഗിന്‍റെ രാത്രി ദൃശ്യമെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: "അയോദ്ധ്യയിലെ

" ലൈറ്റ് ഷോ "

സരയൂ തീരത്ത് 🙏"

FB postarchived link

എന്നാല്‍ ഈ ലൈറ്റ് ഷോ അയോദ്ധ്യയില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍, 2023 ജൂലൈ 2 ന് ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത സമാനമായ ഒരു വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. “ഇത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത വേദ് വൻ പാർക്കിന്‍റെ വീഡിയോയാണ്. നമ്മുടെ 4 വേദങ്ങളുടെ പ്രമേയത്തിലാണ് ഈ പാർക്ക് വികസിപ്പിച്ചിരിക്കുന്നത്. എല്ലാ വൈകുന്നേരവും നാലു വേദങ്ങളും അഗസ്ത്യ സംഹിതയും അടിസ്ഥാനമാക്കി ലേസർ ഷോ ഉണ്ട്. ഓരോ ഹിന്ദുവും നിർബന്ധമായും കാണുക !!” എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍, സമാന വീഡിയോ നിരവധിപ്പേര്‍ സോഷ്യൽ മീഡിയയിലും യുട്യൂബിലും പോസ്റ്റു ചെയ്തതായി കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലെ വേദ് വൻ പാർക്കിലാണ് ലൈറ്റ് ഷോ നടന്നതെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നും വ്യക്തമായി.

ഗൂഗിളിൽ കൂടുതൽ തിരഞ്ഞപ്പോള്‍ വിശദാംശങ്ങൾ ലഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഋഗ്, യജുർ, സാമം, അഥർവം എന്നീ നാല് വേദങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലേസർ ഷോകൾ, ചുവർചിത്രങ്ങൾ, ശിൽപങ്ങൾ എന്നിവ ഉൾപ്പെടുന്ന 12 ഏക്കറിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വേദ-തീം പാർക്കാണ് വേദ് വൻ പാർക്ക്. ലേസർ ഷോ രൂപകൽപന ചെയ്യുന്നതിനായി, സാഹിത്യവും ശ്ലോകങ്ങളും വസ്തുതാപരമായി ശരിയാണെന്ന് ഉറപ്പാക്കാൻ ഡൽഹി സർവകലാശാലയിലെ ഹൻസ്‌രാജ് കോളേജിലെ സംസ്‌കൃത പ്രൊഫസർമാരുടെ സഹായം ലഭിച്ചിരുന്നു. ഇന്ത്യൻ സംസ്കാരത്തെ അറിയാനായി ആളുകളെ വിശുദ്ധ ഗ്രന്ഥങ്ങളിലേക്ക് തിരിച്ചുവിടുകയും വിനോദത്തിലൂടെ അവയെ കുറിച്ച് പഠിക്കുകയും ചെയ്യുക എന്നതായിരുന്നു ആശയം.,” പാർക്കിന്‍റെ ആർക്കിടെക്റ്റ് നീലിമ റാണ പറയുന്നു. നോയിഡ സെക്ടർ 78 ലെ വേദ് വൻ പാർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. നാല് വേദങ്ങളുടെ പ്രമേയത്തെ അടിസ്ഥാനമാക്കി 27 കോടി രൂപ ചെലവിലാണ് വേദ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

നേരത്തെ മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലത്താണ് വേദ് വൻ പാർക്ക് നിർമിച്ചത്. കശ്യപ്, ഭരദ്വാജ്, ഗൗതം, അത്രി, വസിഷ്ഠന്‍, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ വേദകാല ഋഷിമാരുടെ പേരിലുള്ള ഏഴ് മേഖലകളായി പാർക്ക് തിരിച്ചിരിക്കുന്നു. ഭാരതീയ ഋഷിമാരെയും വിശുദ്ധ ഗ്രന്ഥങ്ങളെയും കുറിച്ചുള്ള വിവരങ്ങളും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. എല്ലായിടത്തും പെയിന്‍റിംഗുകൾ കൊണ്ട് പാർക്ക് മനോഹരമാക്കിയിട്ടുണ്ട്. ഈ പാർക്കിൽ 50,000 ചെടികളുണ്ട്. മറ്റ് മാധ്യമങ്ങളും പാർക്കിന്‍റെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയോധ്യയിലെ സരയൂ തീരത്ത് ലൈറ്റ് ഷോയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ നോയിഡയിലെ വേദ് വൻ പാർക്കിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്.

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം:

Video From Ved Van Park In Noida Shared As Light Show From Sarayu River

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. മനോഹരമായ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ദൃശ്യങ്ങള്‍ അയോദ്ധ്യയിലെ സരയു നദിതീരത്ത് നിന്നുള്ളതല്ല. 2023 ജൂലൈയിൽ ആരംഭിച്ച നോയിഡയിലെ വേദ് വൻ പാർക്കിലെ ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണിത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘അയോധ്യ സരയൂ തീരത്ത് നിന്നുള്ള ലേസര്‍ ഷോ’... പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നോയിഡയിലെ വേദ് വന്‍ പാര്‍ക്കില്‍ നിന്നുള്ളതാണ്...

Written By: Vasuki S

Result: False