മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..
വിവരണം
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്ത മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. പാലക്കാട് സിറ്റിങ് എംഎല്‍എയായ ഷാഫി പറമ്പിലും മട്ടന്നൂര്‍ സിറ്റിങ് എംഎല്‍എയായ കെ.കെ.ശൈലജ ടീച്ചറും തമ്മിലാണ് വടകരയിലെ പോരാട്ടം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ശൈലജ ചീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ വലിയ സൈബര്‍ ആക്രമണം നടത്തി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന ആരോപണവും പരാതിയുമെല്ലാം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്ന പേരിലൊരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സഖാവ് റിയാസിന്‍റെ വഴി എളുപ്പമാക്കാന്‍ തന്നെ ബലി കൊടുത്തതാണ് വടകരയില്‍. വടകരയില്‍ തനിക്ക് വിജയ പ്രതീക്ഷയില്ലാ. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പിണറായിക്കെതിരെ പൊട്ടിത്തെറിച്ച് വടകര സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ.. എന്ന പേരില്‍ എന്‍റെ കോണ്‍ഗ്രസ് എന്ന ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.കെ.ശൈലജ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സിപിഎമ്മിനുമെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കെ.കെ.ശൈലജ, മുഹമ്മദ് റിയാസ്, പിണറായി വിജയന്‍ എന്നീ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ ഇത്തരത്തില്‍ കെ.കെ.ശൈലജ സര്‍ക്കാരിനും സിപിഎമ്മിനും എതിരായി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി ഒരു വാര്‍ത്ത റിപ്പോര്‍ട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലാ.
പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെ.കെ.ശൈലജയുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രസ്താവനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമാണ്-
തികച്ചും അടിസ്ഥാന രഹിതമായ വ്യാജ പ്രചരണമാണിത്. ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു എന്ന വിവരം മാധ്യമങ്ങള്‍ മുന്‍പില്‍ അറിയിച്ചതിന് പിന്നാലെ വീണ്ടും ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണവുമായി വന്നതിന്‍റെ ഭാഗമാണ് ഈ വ്യാജ പ്രചരണം. വടകരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ തന്നെ വിജയിപ്പിക്കുമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.
നിഗമനം
കെ.കെ.ശൈലജ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..
Fact Check By: Dewin CarlosResult: False