ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്‍റെ അളവ് 10 കിലോയായി കുറയ്ക്കുന്നു എന്ന വാര്‍ത്ത വെറും കിംവദന്തി… സത്യമിതാണ്…

സാമൂഹികം

ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് താല്‍ക്കാലികമായി ക്ഷാമം നേരിട്ടിരുന്നു. മിഡില്‍ ഈസ്റ്റ് പ്രദേശത്ത് സംഘർഷം തുടരുന്നതിനിടയിൽ ഇന്ത്യയ്ക്ക് എൽപിജി, മറ്റ് ഇന്ധനങ്ങള്‍ ഇവയുടെ  വിതരണം സ്ഥിരമായി ഉറപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയാനുമായി സംസാരിക്കുന്നതുൾപ്പെടെ ഉന്നതതല നയതന്ത്ര ശ്രമങ്ങളിൽ  ഏർപ്പെട്ടിരുന്നു. പാചകവാതകത്തിന്‍റെ ഒരു പ്രധാന ഭാഗം ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ആയതിനാൽ ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ചര്‍ച്ച സഹായകരമായി. 

ഈ പശ്ചാത്തലത്തില്‍ ക്ഷാമം നേരിടുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറിന്‍റെ അളവ് 14.2 ല്‍ നിന്നും 10 കിലോയായി കുറയ്ക്കുന്നു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“ഗാര്‍ഹിക എല്‍പിജിയുടെ അളവ്
10 കിലോ ആക്കി കുറക്കാൻ നീക്കം

തിരുവനന്തപുരം : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ അളവ് കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍.

നിലവിലെ 14.2 കിലോ വരുന്ന എല്‍പിജി സിലണ്ടറുകളില്‍ 10 കിലോ നിറച്ച് വിതരണത്തിന് എത്തിക്കാനാണ് ശ്രമം. പരിമിതമായ സ്റ്റോക്കുകള്‍ക്കിടയിലും കൂടുതല്‍ പേരിലേക്ക് സിലിണ്ടറുകള്‍ എത്തിക്കാം എന്നതാണ് ഈ നീക്കത്തിന് പിന്നില്‍.

14.2 കിലോയുടെ സിലിണ്ടര്‍ ഒരു കുടുംബത്തിന് ശരാശരി 35-40 ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും. 10 കിലോയാക്കി ചുരുക്കുമ്പോഴും സിലിണ്ടറിന്‍റെ ഉപയോഗം ഒരു മാസത്തേക്ക് ലഭിക്കും. ലഭ്യമായ ഗ്യാസിനെ തുല്യമായ വിതരണം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.”എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.

FB postarchived link

എന്നാല്‍ ഇത് വെറും കിംവദന്തി മാത്രമാണെന്നും പാചക വാതക സിലിണ്ടറിന്‍റെ ഭാരം പത്ത് കിലോഗ്രാമായി കുറയ്ക്കാന്‍ നീക്കം എന്നത് കിംവദന്തി മാത്രമാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്‍റെ അളവ് 10 കിലോഗ്രാമായി കുറയ്ക്കാന്‍ നീക്കം എന്ന വാര്‍ത്ത വെറും കിംവദന്തി ആണെന്നും വ്യക്തമാക്കി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. “അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളും വ്യാജമായ വാർത്തകളുമാണെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു” എന്ന ഉള്ളടക്കത്തോടെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. 

“ഗാർഹിക എൽപിജി സിലിണ്ടറുകൾ 14.2 കിലോയിൽ നിന്ന് 10 കിലോയിലേക്ക് മാറ്റുമെന്ന വാർത്തകൾ കേന്ദ്ര സർക്കാർ തിങ്കളാഴ്ച തള്ളിക്കളഞ്ഞു. വളരെ അനുമാനാത്മകം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

പശ്ചിമേഷ്യയിലെ വികസനങ്ങളെക്കുറിച്ചുള്ള ഒരു അന്തർ മന്ത്രാലയ ബ്രീഫിംഗിൽ സംസാരിക്കവെ, പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയത്തിലെ (മാർക്കറ്റിംഗ് & ഓയിൽ റിഫൈനറി) ജോയിന്‍റ് സെക്രട്ടറി സുജാത ശർമ്മ പൊതുജനങ്ങളോട് ഇത്തരം കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്ന് അഭ്യർത്ഥിച്ചു.

എൽപിജി വിതരണം സ്ഥിരപ്പെടുത്തുന്നതിലും നിയമവിരുദ്ധ വ്യാപാരം തടയുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അവർ എടുത്തുപറഞ്ഞു. 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറുകൾ 10 കിലോ എൽപിജി സിലിണ്ടറുകളായി മാറ്റുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ അനുമാനാത്മകമാണ്. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്” എന്ന് അവർ പറഞ്ഞു.”

ഇക്കാര്യം സുജാതാ ശര്‍മ എടുത്തു പറയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാണ്. 

നിഗമനം 

യുദ്ധം മൂലം ക്ഷാമം പരിഹരിക്കുന്നതിനായി ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്‍റെ അളവ് 14.2 ല്‍ നിന്നും 10 കിലോഗ്രാമായി കുറയ്ക്കാന്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്ത വെറും കിംവദന്തി മാത്രമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്‍റെ അളവ് 10 കിലോയായി കുറയ്ക്കുന്നു എന്ന വാര്‍ത്ത വെറും കിംവദന്തി… സത്യമിതാണ്…

Fact Check By: Vasuki S

Result: False