മുഖ്യമന്ത്രി യുഡിഎഫിനെ പ്രശംസിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം

വിവരണം

ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്.. ശക്തമായി എതിര്‍ക്കുന്നുണ്ട്.. പക്ഷെ അവര്‍ കള്ളങ്ങളൊന്നും പടച്ചുവിടുന്നുണ്ടെന്ന് തോന്നുന്നില്ലാ.. ഉള്ളകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.. എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിക്കുന്ന 14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പി.സി.പുലാമന്തോള്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിച്ച് നടത്തിയ പ്രസ്താവനയാണോ ഇത്? വസ്‌തുത അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകളായി ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ 2019 ഏപ്രില്‍ എട്ടിന് പങ്കുവെച്ച യഥാര്‍ത്ഥ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. 3.43 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. മനോരമയ്‌ക്ക് കുറച്ച് വിഷമം ഉണ്ടാകുന്നുണ്ടെന്നറിയാം. നിങ്ങളുടെ കണക്കുകൂട്ടലിനപ്പുറമാണ് ഇടതുമുന്നണി പോകുന്നത്.

നിങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്ന കള്ളവാർത്തകൾ യു.ഡി.എഫ് ഏറ്റെടുക്കുന്നു. ഏതിനും ഒരു മര്യാദ ഉണ്ടെന്ന് ഓർക്കണം. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കണക്… എന്ന തലക്കെട്ട് നല്‍കി പിണറായി വിജയന്‍ മലയാള മനോരമ പത്രത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

2018ലെ മഹാപ്രളയത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടപ്പോള്‍ ചിലര്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി നോക്കുകയാണ് ചെയ്തതെന്നാണ് പിണറായിയുടെ വിമര്‍ശനം. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന തരത്തില്‍ മനോരമ പത്രം പ്രസിദ്ധീകരിച്ച കുഞ്ചുക്കുറുപ്പ് എന്ന കാര്‍ട്ടൂണാണ് പിണറായി വിജയന്‍ വിമര്‍ശനമുയര്‍ത്താന്‍ കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യാ സമയം മലയാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗം ഇങ്ങനെയാണ് – ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്.. ശക്തമായി എതിര്‍ക്കുന്നുണ്ട്.. പക്ഷെ അവര്‍ കള്ളങ്ങളൊന്നും പടച്ചുവിടുന്നുണ്ടെന്ന് തോന്നുന്നില്ലാ.. ഉള്ളകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.. തെറ്റ്ദ്ധാരണ പരത്താനുള്ള ശ്രമം അവര്‍ നടത്തും.. നിങ്ങള്‍ (മനോരമ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍) നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും. നിങ്ങള്‍ക്ക് ഇപ്പോഴും പ്രധാന ജോലി ഈ കള്ളങ്ങള്‍ അവര്‍ക്ക് സൃഷ്ടിച്ചു കൊടുക്കലാണെന്നത് ഇതിലൂടെ വ്യക്തമാകുകയാണ്.. അതായത് മാധ്യമങ്ങള്‍ രചിക്കുന്ന കഥകളാണ് പ്രതിപക്ഷം ഏറ്റെടുത്ത് സര്‍ക്കാരിനെതിരെ അനാവശശ്യ ആരോപണങ്ങളുമായി എത്തുന്നതെന്നതാണ് പിണറായി വിജയന്‍റെ വാക്കുകളുടെ ഉള്ളടക്കം. ഇത് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗമാണെന്നത് ഇതോടെ വ്യക്തമാണ്. ഇതിലെ ഏതാനം സെക്കന്‍ഡുകള്‍ മാത്രം ക്രോപ്പ് ചെയ്ത് യുഡിഎഫിനെ പ്രശംസിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിപ്പിക്കുന്നതാണെന്നും ഇതോടെ വ്യക്തമായി കഴിഞ്ഞു.

പിണറായി വിജയന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് –

Facebook Post 

നിഗമനം

മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 14 സെക്കന്‍ഡുകള്‍ മാത്രം ക്രോപ്പ് ചെയ്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മുഖ്യമന്ത്രി യുഡിഎഫിനെ പ്രശംസിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading