
ലഹരിക്ക് അടിമയായി പോലീസിനെ തല്ലുന്ന മലയാളി വനിതയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ വനിതാ പോലീസ് സംഘം ഒരു യുവതിയെ പിടികൂടാൻ ശ്രമിക്കുന്നതായി നമുക്ക് കാണാം. ഈ യുവതി പോലീസിനെ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “വീട് വിറ്റും ലോൺ എടുത്തും മക്കളെ ഡോക്ടറും എഞ്ചിനീയറും ആക്കാൻ മുറ്റത്തെ കോളേജുകളിൽ വിടാതെ ദൂരെ ഹോസ്റ്റലിൽ നിർത്തി പഠിക്കാൻ വിടുമ്പോൾ രക്ഷകർത്താക്കൾ ഒന്ന് ആലോചിക്കുക ഇത്രയും വർഷം വളർത്തി വലുതാക്കിയ കുട്ടികൾ ലഹരിക്ക് അഡിക്റ്റ് ആകാൻ ഒരു നിമിഷം മാത്രം മതി എന്ന് ”
എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ യുട്യൂബിൽ ലഭിച്ചു. ഇൻ ഖബർ എന്ന മാധ്യമത്തിൻ്റെ യുട്യൂബ് ചാനലിൽ ഈ വീഡിയോ 7 ഫെബ്രുവരി 2025നാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്. ഈ വീഡിയോ മംഗലാപുരത്ത് നടന്ന ഒരു സംഭവത്തിൻ്റെതാണെന്ന്.
വീഡിയോ പ്രകാരം മംഗലാപുരം കാദറി പോലീസ് സ്റ്റേഷനിൽ ഒരു യുവതിയെ എക്സൈസ് ടീം മെഡിക്കൽ പരിശോധനക്കായി കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ ഈ യുവതി അവരെ ആക്രമിച്ചു. ഈ യുവതി ലഹരിക്ക് അടിമയായിരുന്നില്ല എന്ന് മെഡിക്കൽ പരിശോധനയിൽ നിന്ന് തെളിഞ്ഞു എന്ന് പോലീസ് പറഞ്ഞു എന്നും വാർത്തയിൽ പറയുന്നുണ്ട്.
ഈ സംഭവത്തെ കുറിച്ച് മംഗലാപുരം പോലീസും ഒരു വാർത്ത കുറിപ്പ് ഇറക്കിയിരുന്നു. ഈ വാർത്ത കുറിപ്പ് മംഗലാപുരം പോലീസ് 9 സെപ്റ്റെംബർ 2023നാണ് പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.
ഈ വാർത്ത കുറിപ്പ് പ്രകാരം ഈ സംഭവം 1 സെപ്റ്റെംബർ 2023നാണ് സംഭവിച്ചത്. മംഗലാപുരത്ത് പമ്പവെൽ ഭാഗത് ഗണേഷ് മെഡിക്കൽ എന്ന കടയുടെ മുന്നിൽ അസാധാരണമായി പെരുമാറുന്ന ഒരു യുവതിയെ ലഹരി പദാർത്ഥം ഉപയോഗിച്ചു എന്ന സംശയിച്ച് എക്സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ മെഡിക്കൽ ടെസ്റ്റ് നടത്താൻ കൊണ്ട് പോകാൻ ശ്രമിച്ചു. ഈ ശരത്തിനിടെ യുവതി ആക്രമോൽസക്തമായി. ഇതിനെ തുടർന്ന് മംഗലാപുരം കാദ്രി പോലീസ് സ്റ്റേഷനിൽ വിളിച്ചു. പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി യുവതിയെ പിടിച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ഈ യുവതി ലഹരി പദാർത്ഥങ്ങൾ സേവിച്ചതായി കണ്ടെത്തിയില്ല. ഈ യുവതിയെ രക്ഷിതാക്കൾക്ക് ഏൽപ്പിച്ച് ആക്രമണാത്മക പെരുമാറ്റത്തിന് യുവതിയെ ചികിത്സയിലാക്കി. എക്സൈസ് ഉദ്യോഗസ്ഥരോട് ഹിംസാത്മകമായി പെരുമാറിയത്തിന് യുവതിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട് എന്ന് പോലീസ് വ്യക്തമാക്കി.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ കേരളത്തിൽ ലഹരിക്ക് അടിമയായ ഒരു യുവതി പോലീസിനെ ആക്രമിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ കേരളത്തിലേതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മംഗലാപുരത്ത് ഒരു സ്ത്രീ പോലീസുമായി പ്രശ്നമുണ്ടാക്കുന്ന വീഡിയോ കേരളത്തിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False
