വിവരണം

എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത്ഷായുടെ വേദി പങ്കിടുന്ന വിജയന്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്. കൈപ്പത്തി വിപ്ലിവം എന്ന പ്രൊഫൈലില്‍ നിന്നും ബിജെപി ഇതര മുഖ്യമന്ത്രിമാർ ബഹിഷ്ക്കരിച്ച പരിപാടിയിൽ യോഗി ആതിഥ്യനാഥിനോടും അമിത്ഷായ്ക്കുമൊപ്പം ചിരിച്ചിരിക്കുന്ന ആളിനെ അറിയുമോ ഗയ്സ് 🤓 എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത അമിത്ഷായുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തതിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യാ (പിടിഐ) ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് കണ്ടെത്താന്‍ കഴിഞ്ഞു. 2022 ഒക്ടോബര്‍ 27നാണ് പിടിഐ വാര്‍ത്ത നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും അഭ്യന്തരമന്ത്രിമാരും ഉള്‍പ്പെടുന്നവരുടെ ദ്വിദിന യോഗത്തെ കുറിച്ചാണ് വാര്‍ത്ത. ഹരിയാനയിലെ സൂരജ്‌കുണ്ടിലാണ് കേന്ദ്ര സര്‍ക്കാര്‍ ദ്വിദിന ചിന്തന്‍ ശിവിര്‍ സംഘടിപ്പിച്ചത്. ബിജിപി മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും മാത്രമല്ലാ ശിവിരില്‍ പങ്കെടുത്തത്. പഞ്ചാബിലെ ആപ് മുഖ്യമന്ത്രിയായ ഭഗവന്ത് സിങ് മന്‍, തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയവരും ദ്വിദിന ശിവിരില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഈ പരിപാടി ബഹിഷ്കരിച്ചതായി യാതൊരു വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാ. പിടിഐ നല്‍കിയ വാര്‍ത്ത ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിഗമനം

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ആഭ്യന്തരമന്ത്രിമാര്‍ എന്നിവര്‍ക്കായി 2022ല്‍ സംഘടിപ്പിച്ച ദ്വിദിന ചിന്തന്‍ ശിവിര്‍ പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരുടെ ചിത്രമാണ് തെറ്റായി തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ബിജെപി ഇതര മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:അമിതഷാ നേതൃത്വം നല്‍കിയ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading