ബാങ്ക് നഷ്ടത്തിലായാല്‍ കോടികളുടെ നിക്ഷേപമുള്ളവര്‍ക്കും നഷ്ടപരിഹാരത്തുകയായി ലഭിക്കുന്നത് 1 ലക്ഷം രൂപയെന്ന നിര്‍ദേശം പുതുതായി നല്‍കിയ മുന്നറിയിപ്പാണോ?

സാമൂഹികം

വിവരണം

ബാങ്കിൽ പണം എത്ര കോടി നിക്ഷേപിച്ചാലും ബാങ്ക് എന്തെങ്കിലും കാരണം കൊണ്ടു പാപ്പരായാൽ നിക്ഷേപകന് കൊടുക്കുന്ന പരമാവധി തുക 1 ലക്ഷം രൂപ മാത്രം എന്ന് HDFC bank pass bookൽ സ്റ്റാമ്പ്‌ ചെയ്തു തുടങ്ങി. എന്ന തലക്കെട്ട് നല്‍കി എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ പാസ്ബുക്കില്‍ പതിച്ച സീലിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. Idukki Midukki ഇടുക്കി മിടുക്കി എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 24ല്‍ അധികം ഷെയറുകളും 14ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 

Archived Link

എന്നാല്‍ എന്ന് മുതലാണ് ഇത്തരമൊരു സന്ദേശം പാസ്ബുക്കുകളില്‍ പ്രിന്‍റ് ചെയ്യാന്‍ തുടങ്ങിയത്? അടുത്തകാലത്താണോ ഇത്തരത്തില്‍ ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി തുടങ്ങിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

യഥാര്‍ത്ഥത്തില്‍ പാസ്ബുക്കില്‍ സീല്‍ പതിച്ച ആ സന്ദേശം വാസ്‌തവം തന്നെയാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ പാസ്ബുക്കില്‍ ഈ വിവരം സ്റ്റാമ്പ് ചെയ്യാന്‍ തുടങ്ങിയത് ഇപ്പോഴാണെന്നത് വസ്‌തുത വിരുദ്ധമാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ പാസ്ബുക്കിലെ സീലിന്‍റെ ചിത്രം കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ ബാങ്കും വിഷയത്തെ കുറിച്ച് പ്രതികരണം നടത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് മേധാവി നീരജ് ജ്ഛാ തന്നെ പ്രചരണത്തെകുറിച്ചുള്ള വസ്‌തുത തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം 2017 ജൂണ്‍ 22 മുതല്‍ എല്ലാ ബങ്കുകളും ഇത്തരത്തിലൊരു സന്ദേശം പാസ്ബുക്കില്‍ നിക്ഷേപകന് മനസിലാകും വിധം കൂട്ടിച്ചേര്‍ക്കാന്‍ ആരംഭിച്ചത്. 2017 ജൂണ്‍ 22ന് ശേഷമുള്ള എല്ലാ പാസ്ബുക്കുകളിലും ഡിജിറ്റലായി ആര്‍ബിഐ നിര്‍ദേശം പ്രിന്‍റ് ചെയ്കതിട്ടുണ്ട്. അതിന് മുന്‍പുള്ള നിക്ഷേപകരുടെ പാസ്ബുക്കുകളില്‍ സീല്‍ പതിപ്പിക്കുകയായിരുന്നു എന്നും ട്വീറ്റില്‍ വിശദീകരിക്കുന്നുണ്ട്.

നീരജ് ജ്ഛായുടെ ട്വീറ്റ്-

ആര്‍ബിഐയുടെ സര്‍ക്കുലര്‍-

NOTI326B4C0C3FE62134C98AF3BEDF3206D338F

1961ല്‍ രാജ്യത്ത് നിലവില്‍ വന്ന ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പൊറേഷന്‍ (ഡിഐസി) പിന്നീട് പല വര്‍ഷങ്ങളിലെ ഭേദഗതികള്‍ക്കൊടുവിലാണ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ‍് ക്രെഡിറ്റ് ഗ്യാരന്‍റി കോര്‍പ്പൊറേഷന്‍ (ഡിഐജിസി) എന്ന പേരില്‍ മാറ്റം വന്നത്. ആര്‍ബിഐയുടെ സഹ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നതാണ്. കാലങ്ങളായി ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഓരോ ‍നിക്ഷേപകരുടെ അക്കൗണ്ട് സുരക്ഷയ്ക്കായി ‍ഡിഐജിസിയില്‍ ഒരു തുക ഇന്‍ഷുഖന്‍സ് പ്രീമിയമായി നല്‍കുന്നുണ്ട്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം ഏതെങ്കിലും വിധത്തില്‍ ധന നിക്ഷേപം നടത്തിയ ബാങ്കിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുകയാണെങ്കില്‍ ഒരു ലക്ഷം രൂപ നിക്ഷേപകന് ലഭ്യമാക്കുന്നതാണ് രീതി. മുന്‍പ് ഇന്‍ഷുറന്‍സ് തുക ഇത്രപോലും ലഭ്യമായിരുന്നില്ല. പിന്നീട് കാലാകാലങ്ങളായി വന്ന ഭേദഗതികള്‍ക്കൊടുവിലാണ് 1 ലക്ഷം രൂപ നിലവില്‍ നല്‍കുന്നത്.

‍ഡിഐസിജിസിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക-

ഫാക്‌ട് ക്രെസെന്‍ഡോയുടെ ഹിന്ദി ടീം ഇതെ പ്രചരണത്തെ കുറിച്ച് മുന്‍പ് ഹിന്ദിയില്‍ വിശകലനം നടത്തിയിരുന്നു. ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം.

Archived LinkArchived Link

നിഗമനം

വളരെ നാളുകളായി തന്നെ നിലവിലുള്ള ആര്‍ബിഐ നിര്‍ദേശപ്രകാരമുള്ള നിയമത്തെ ഇപ്പോള്‍ മുതല്‍ നടപ്പിലാക്കി എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. മാത്രമല്ല എച്ച്ഡിഎഫ്‌സി ബാങ്ക് മാത്രമല്ല എല്ലാ ബാങ്കുകള്‍ക്കും ആര്‍ബിഐ നിര്‍ദേശം ബാധകമാണ്. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ബാങ്ക് നഷ്ടത്തിലായാല്‍ കോടികളുടെ നിക്ഷേപമുള്ളവര്‍ക്കും നഷ്ടപരിഹാരത്തുകയായി ലഭിക്കുന്നത് 1 ലക്ഷം രൂപയെന്ന നിര്‍ദേശം പുതുതായി നല്‍കിയ മുന്നറിയിപ്പാണോ?

Fact Check By: Dewin Carlos 

Result: Partly False