
അമിതാഭ് ബച്ചൻ രാഹുൽ ഗാന്ധിയോടൊപ്പം നടന്നുവരുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
രാഹുല്‍ ഗാന്ധി അമിതാഭ് ബച്ചനോടൊപ്പം നടന്നുവരുന്നതും എതിരെ നടന്നെത്തിയ സഹോദരി പ്രിയങ്ക ഗാന്ധി രാഹുലിനെ ആലിംഗനം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. രാഹുൽ ഗാന്ധി അമേരിക്കയിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ടുവെന്നും തുടർന്ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഇടപെട്ട് രാഹുലിനെ മോചിപ്പിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ പോയി കൂട്ടിക്കൊണ്ടു വരുന്ന ദൃശ്യങ്ങളാണ് ഇതെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*രാഹുൽ ഖാൻ മയക്കുമരുന്ന് കേസിൽ അമേരിക്കയിൽ പിടിക്കപ്പെട്ടപ്പോഴുള്ള വീഡിയോയാണിത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ അഭ്യർത്ഥന മാനിച്ചാണ് രാഹുൽ ഖാനെ വിട്ടയച്ചത്. അമിതാഭ് ബച്ചൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ അമേരിക്കയിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ അദ്ദേഹം ഒരു “കൂലി”യുടെ വേഷത്തിലായിരുന്നു. രാഹുൽ ഖാൻ അഥവാ വിൻസിയുടെ ബാഗ് അദ്ദേഹം എങ്ങനെ ചുമക്കുന്നുവെന്ന് കാണുക.*
*അതുകൊണ്ടാണ് അദ്ദേഹം “കൂലി നമ്പർ 1” എന്ന പേരിൽ ഒരു സിനിമ നിർമ്മിച്ചത് 🤣*”
https://archive.org/details/screencast-www-facebook-com-2025-10-29-16-21-59
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും പിതാവ് രാജീവ് ഗാന്ധി 1991 ല്‍ അന്തരിച്ച സമയത്തെ ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുഎസിലോ മറ്റേതെങ്കിലും രാജ്യത്തോ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ടോ എന്ന് ഞങ്ങള്‍ തിരഞ്ഞെങ്കിലും പ്രചാരണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭ്യമായില്ല. പോസ്റ്റിൽ ആരോപിക്കപ്പെടുന്നതുപോലെ രാഹുൽ ഗാന്ധി അത്തരമൊരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്നെങ്കിൽ, ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ അത് വ്യാപകമായി റിപ്പോർട്ട് ചെയ്യുമായിരുന്നു.
നിരോധിത മയക്കുമരുന്നുകളും കണക്കിൽപ്പെടാത്ത പണവും കൈവശം വച്ചതായി മുമ്പ് രാഹുല്‍ ഗാന്ധിയെ കുറിച്ച് ഒരു വ്യാജ പ്രചരണം നടന്നിരുന്നു. രാഹുൽ ഗാന്ധിയെ ബോസ്റ്റൺ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു പ്രചരണം. ഇത്തരത്തില്‍ പ്രചരിച്ച ഒരു വ്യാജ പത്ര ക്ലിപ്പിംഗിനെ കുറിച്ച് ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സ്റ്റോക്ക് ഇമേജ് വെബ്‌സൈറ്റായ ഗെറ്റി ഇമേജസില്‍ നിന്നും ഒരു വീഡിയോ ലഭിച്ചു. അതിൽ വൈറൽ വീഡിയോയിലെ അതേ ദൃശ്യങ്ങളുണ്ട്. ഗെറ്റി വീഡിയോയുടെ വിവരണം അനുസരിച്ച്, 1991 മെയ് മാസത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അമിതാഭ് ബച്ചൻ രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന ദൃശ്യമാണിത്.

1991 മെയ് മാസത്തിൽ ശ്രീപെരുമ്പുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സമയത്ത് അമിതാഭ് ബച്ചൻ ലണ്ടനിലും രാഹുൽ ഗാന്ധി യുഎസ്എയിലെ ബോസ്റ്റണിലുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും ഏതാണ്ട് ഒരേ സമയത്താണ് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. രാജീവ് ഗാന്ധി വധിക്കപ്പെട്ട സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ചന്ദ്രശേഖർ ആയിരുന്നു. ഗാന്ധിയും ബച്ചൻ കുടുംബങ്ങളും വർഷങ്ങളായി നല്ല ബന്ധം പുലർത്തിയിരുന്നു.
1991 മെയ് മാസത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ഡൽഹി വിമാനത്താവളത്തിൽ അമിതാഭ് ബച്ചൻ രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന ദൃശ്യങ്ങളാണിത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
1991 മെയ് മാസത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അമിതാഭ് ബച്ചൻ രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന ദൃശ്യങ്ങളാണിത്. ശ്രീപെരുമ്പുത്തൂരിൽ രാഹീവ് ഗാന്ധി വധിക്കപ്പെട്ട സമയത്ത് അമിതാഭ് ബച്ചൻ ലണ്ടൻ സന്ദർശനത്തിലായിരുന്നു. രാഹുൽ ഗാന്ധി യുഎസ്എയിലെ ബോസ്റ്റണിലായിരുന്നു. ഇരുവരും ഏകദേശം ഒരേ സമയത്താണ് വിമാനത്താവളത്തിൽ എത്തിയത്. യുഎസില്‍ മയക്കുമരുന്ന് കേസിൽ രാഹുൽ ഗാന്ധി അറസ്റ്റിലായതായി പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:മയക്കുമരുന്ന് കേസില്‍ അമേരിക്ക പിടികൂടിയ രാഹുല്‍ ഗാന്ധിയെ മോചിപ്പിച്ച് തിരികെ കൊണ്ടുവരുന്ന അമിതാഭ് ബച്ചന്‍..? വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…
Fact Check By: Vasuki SResult: False


