വിവരണം

സിപിഎം നേതാവ് എം.സ്വരാജിന്‍റെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി സ്വരാജ് പരിഹസിച്ചു എന്ന പേരിലാണ് പ്രചരണം. ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ സംഘപരിവാര്‍ ഈ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍റെ അമ്മൂമ്മെടെ ബലൂണും പീപ്പിയും വെച്ചിട്ട് നാട് ചുറ്റി നടക്കുകയാണ് എന്ന് സ്വരാജ് പറയുന്നത് പിണറായി വിജയനെയാണെന്ന തരത്തിലാണ് വീഡിയോ പ്രചരണം. പിണറായിയുടെയും കുടുംബത്തിന്‍റെയും ചിത്രവും വീ‍ഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. സന്തോഷ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 27ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട് -

Facebook Post Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വരാജ് പിണറായി വിജയനെ അക്ഷേപിച്ച് നടത്തിയ പ്രസ്താവനയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയമുകളായി ഗൂഗിള്‍ ലെന്‍സില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇൻസ്റ്റാഗ്രാമില്‍ എം.സ്വരാജ് ഫാന്‍സ് എന്ന പ്രൊഫൈലില്‍ നിന്നും ഇതെ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോ പരിശോധിച്ചതില്‍ നിന്നും സ്വരാജിന്‍റെ പ്രസംഗത്തിന്‍റെ ഉള്ളടക്കം യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ്-

“കോണ്‍ഗ്രസ് ലീഗിന്‍റെ കയ്യില്‍ ഒരു ബലൂണ്‍ കൊടുത്തു, പച്ച ബലൂണ്‍. അത് ഊതിക്കോ എന്ന് പറഞ്ഞു. എന്നിട്ട് ബലൂണ്‍ എടുത്ത് ഊതുകയാണ് ലീഗിന്‍റെ നേതാക്കന്‍മാര്‍. ഇനി രാഹുല്‍ ഗാന്ധി വരുമ്പോള്‍ മുസ്‌ലീം ലീഗ് നേതാക്കളുടെ കയ്യില്‍ പ്രവര്‍ത്തകരുടെ കയ്യില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരോ ബലൂണും പീപ്പിയും കൊടുക്കും. ബലൂണ്‍ ഊതുക പീപ്പി വിളിക്കുക.. ബലൂണ്‍ ഊതുക പീപ്പി വിളിക്കുക.. നാണവും മാനവുമുണ്ടോ രാഷ്ട്രീയ പാര്‍ട്ടി എന്നും പറഞ്ഞ് ഈ രാജ്യത്ത് നടക്കാന്‍. ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ സംഘപരിവാര്‍ ഈ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍റെ അമ്മൂമ്മെടെ ബലൂണും പീപ്പിയും വെച്ചിട്ട് നാട് ചുറ്റി നടക്കുകയാണ്.. ഇത് എവിടുത്തെ പരിപാടിയാണ്..” എന്നാണ് സ്വരാജിന്‍റെ പ്രസംഗത്തിലെ വാക്കുകള്‍.

എൻസിവി ചാനല്‍ എന്ന ലോഗോ വീഡിയോയില്‍ കാണാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ യൂട്യൂബില്‍ എൻസിവി ചാനല്‍ എന്ന് സെര്‍ച്ച് ചെയ്തതില്‍ നിന്നും എന്‍സിവി പൊന്നാനി എന്ന യൂട്യൂബ് ചാനലില്‍ നിന്നും പ്രസംഗത്തിന്‍റെ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു.

എം സ്വരാജ് ഫാന്‍സില്‍ പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം വീഡിയോ-

Instagram Video

എന്‍സിവി ചാനലിലെ വീഡിയോ-

Youtube Video

അതായത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ പ്രചരണത്തില്‍ മുസ്‌ലീം ലീഗിന്‍റെ പതാകയും ചിഹ്നവും ഒഴിവാക്കിയതിനെ കുറിച്ച് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. യൂഡിഎഫിന്‍റെ ഈ നിലപാടിനെ പരിഹസിച്ച് എം.സ്വരാജ് നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തിന്‍റെയും ചിത്രം എഡിറ്റ് ചെയ്ത് പിണറായിയെയാണ് സ്വരാജ് പരിഹസിച്ചതെന്ന പേരില്‍ തെറ്റായ പ്രചരണം നടത്തുകയാണെന്നതാണ് വസ്തുത.

നിഗമനം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ പ്രചരണത്തില്‍ മുസ്‌ലീം ലീഗിന്‍റെ പതാകയും ചിഹ്നവും ഒഴിവാക്കിയതിനെ പരിഹസിച്ച് സ്വരാജ് നടത്തിയ പ്രസംഗമാണിത്. മുഖ്യമന്ത്രിയെ കുറിച്ചാണ് സ്വരാജ് പറഞ്ഞെതെന്ന പേരിലെ പ്രചരണം തെറ്റാണെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:എം.സ്വരാജ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രസംഗിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading